ബിജെപി സംഘപരിവാർ സംഘടനയല്ലെന്ന എൻകെ പ്രേമചന്ദ്രന്റെ പ്രസ്താവന അപകടകരം എന്ന് സിപിഐഎം പിബി അംഗം സുഭാഷിണി അലി. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരമാർശം അപക്വമെന്നും അവർ കൊല്ലം പ്രസ്സ് ക്ലബിന്റെ മുഖാമുഖം പരിപാടിയിൽ പറഞ്ഞു.
അഴിമതിയായ ഇലക്ടറൽ ബോണ്ട് തിരികെ കൊണ്ടു വരുമെന്ന് പറഞ്ഞ നിർമ്മല സീതാരാമൻ പ്രധാന മന്ത്രിയാകാൻ യോഗ്യ എന്ന കൊല്ലത്തെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പരമാർശം ആരോഗ്യകരമല്ല. ബിജെപി സംഘപരിവാർ സംഘടനയല്ലെന്ന കൊല്ലത്തെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രസ്താവന അപകടകരമാണെന്നും അവർ പറഞ്ഞു. നരേന്ദ്ര മോദിയും അമിത് ഷായുമടക്കമുള്ള പ്രധാന നേതാക്കളെല്ലാം സംഘ പ്രചാരകർ ആയിരുന്നു. പ്രേമചന്ദ്രൻ എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞെതെന്ന് മനസ്സിലാകുന്നില്ല. ഇനി അദ്ദേഹവും നാളെയോ മറ്റെന്നാളോ ബിജെപിയിലേക്ക് എന്നൊരു ചിന്ത വച്ചു പുലർത്തുന്നുണ്ടാകുമോ എന്നും സുഭാഷിണി അലി ചോദിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രതികരണവും പ്രിയങ്ക ഗാന്ധി പിന്തുണച്ചതിനെയും സുഭാഷിണി അലി വിമർശിച്ചു. രാഹുൽ ഗാന്ധിയെയും സോണിയ ഗാന്ധിയെയും ഇഡി ചോദ്യം ചെയ്തപ്പോൾ സിപിഎം അതിനെ അപലപിച്ചതാണെന്ന് സുഭാഷിണി അലി ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും മുഖ്യമന്ത്രിക്കെതിരെയുള്ള പരാമർശങ്ങൾ അപക്വമാണെന്നും അവർ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here