വിജയ് മല്ല്യയെ പോലെ ഗൗതം അദാനിയും രാജ്യം വിടുമോ? ചർച്ചയായി ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ കുറിപ്പ്

goutam adani

വിജയ് മല്ല്യയെ പോലെ ഗൗതം അദാനിയും രാജ്യം വിടുമോയെന്ന ചോദ്യത്തിലാണ് ഇപ്പോൾ സോഷ്യൽ മീഡിയ. ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ എക്സിലെ കുറിപ്പിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച കൊഴുക്കുന്നത്. സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഗൗതം അദാനി വീടുവെച്ചുകൊണ്ടിരിക്കുകയാണെന്നും തന്റെ സഹോദരനെ ദുബായിയില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നുമാണ് സുബ്രഹ്‌മണ്യന്‍ സ്വാമി എക്‌സിൽ പങ്കുവെച്ചിരിക്കുന്ന കുറിപ്പിൽ പറയുന്നത്. വിദേശത്തേക്ക് പണം മാറ്റാനാണ് ശ്രമിക്കുന്നതെന്ന് ആരോപിച്ച ഗൗതം അദാനിയെ ട്രപ്പീസ് കളിക്കാരനാണെന്നാണ് സുബ്രഹ്‌മണ്യൻ സ്വാമി തന്റെ ട്വീറ്റില്‍ വിശേഷിപ്പിച്ചത്.

“ഒരു പ്രവാസിയില്‍ നിന്നാണ് അദാനി സ്വിറ്റ്‌സര്‍ലന്റില്‍ വീട് വെച്ചുകൊണ്ടിരിക്കുകയാണെന്ന വിവരം ലഭിച്ചത്. ഇന്ത്യയില്‍ അല്ല, എന്തുകൊണ്ട്? അദാനി ഒരു സഹോദരനെ ദുബായിയില്‍ താമസിപ്പിച്ചിട്ടുണ്ട്. പാക് പൗരനായ ബസര്‍ ഷെയുബുമായി ചേര്‍ന്നാണ് അയാൾ പ്രവര്‍ത്തിക്കുന്നത്. പണം പതുക്കെ വിദേശത്തേക്ക് മാറ്റുന്നു. അദ്ദേഹത്തിന് ഇന്ത്യ പരിഗണനയിലില്ല, ട്രപ്പീസ് കളിക്കാരന്‍”, ഇങ്ങനെയാണ് സുബ്രഹ്‌മണ്യന്‍ സ്വാമി എക്സിൽ കുറിച്ചത്.

അദാനിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും, രാജ്യസ്‌നേഹത്തെക്കുറിച്ചും ചോദ്യം ചെയ്തുകൊണ്ടാണ് സുബ്രഹ്‌മണ്യന്‍ സ്വാമി ട്വീറ്റ് പങ്കുവെച്ചത്. അദാനിയുടെ ബിസിനസ് സാമ്രാജ്യത്തെ കുറിച്ചും സാമ്പത്തിക ഇടപാടുകളെ കുറിച്ചും നിരവധി ആരോപണങ്ങളും ചര്‍ച്ചകളും ഉയർന്നിട്ടുണ്ട്. ഇതിനിടെയാണ് ഈ ട്വീറ്റ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ട്രപ്പീസ് കളിക്കാരനെന്ന് അദാനിയെ വിശേഷിപ്പിച്ചതിലൂടെ ബിസിനസ് ഇടപാടുകളിലെ സുതാര്യതയില്ലായ്മയും വിജയ് മല്ല്യയെയോ നീരവ് മോദിയെയോപ്പോലെ ഇന്ത്യയില്‍ നിന്ന് എന്നന്നേക്കുമായി രക്ഷപ്പെടാനുള്ള സാധ്യതയുമാണ് സുബ്രഹ്‌മണ്യന്‍ സ്വാമി സൂചിപ്പിച്ചിരിക്കുന്നതെന്നാണ് നെറ്റിസൺസ് ചൂണ്ടിക്കാട്ടിയത്.

അദാനി വിഷയത്തിൽ നരേന്ദ്രമോദി സര്‍ക്കാരിനെതിരേയും രൂക്ഷമായ വിമർശനങ്ങൾ നെറ്റിസണ്‍സ് ഉയര്‍ത്തുന്നുണ്ട്. അദാനിയുടെ വളര്‍ച്ചയ്ക്ക് കാരണം ബിജെപി സര്‍ക്കാരുമായുള്ള അടുത്ത ബന്ധമാണ്. ഭരണതലത്തിലുള്ള പല പരിഷ്‌കാരങ്ങളും നിയമങ്ങളും അദാനിക്ക് ഗുണം ചെയ്യുന്നവയായിരുന്നുവെന്നാണ് ചില ആളുകളുടെ അഭിപ്രായം. സാമ്പത്തിക അന്വേഷണത്തിന്റെ ഭാഗമായി അദാനി ഇന്ത്യ വിട്ടാല്‍ അത് രണ്ട് കാര്യങ്ങളിലേക്ക് വഴി തുറക്കും. ഒന്ന്, ഇന്ത്യയുടെ ആഗോള സാമ്പത്തിക പ്രതിച്ഛായയ്ക്ക് കളങ്കം നേരിടും. രണ്ട്, മോദി സര്‍ക്കാരിന്റെ ഭരണത്തിനും കാഴ്ചപ്പാടുകള്‍ക്കും നേരെ ചോദ്യമുയരും. അദാനി പോലെയുള്ള കോര്‍പ്പറേറ്റ് മുതലാളിമാരുടെ സ്വത്തുവളര്‍ച്ചയും വരുമാനവും കണക്കാക്കപ്പെടാതെ പോകുമ്പോൾ ഇല്ലാതാകുന്നത് പൊതുജനങ്ങളുടെ വിശ്വാസം കൂടിയാണെന്നും വിമര്‍ശകര്‍ പറയുന്നു.

യുഎസ് കോടതിയിലെ കുറ്റപത്രത്തില്‍ പേര് വന്നതിനുപിന്നാലെയാണ് ഇന്ത്യന്‍ വ്യവസായി ഗൗതം അദാനിയുടെ പേരില്‍ ചര്‍ച്ചകളാരംഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News