ബ്യൂട്ടിഷ്യനായ യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി കത്തിച്ചു മറവു ചെയ്ത കേസിൽ പ്രതിക്കു ജീവപര്യന്തം തടവുശിക്ഷ. വിവിധ വകുപ്പുകളിലായി 14 വർഷം കഠിനതടവ് കൂടി അനുഭവിക്കണം. 2.5 ലക്ഷം രൂപ പിഴയും അടയ്ക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി.
മുഖത്തല തൃക്കോവിൽവട്ടം നടുവിലക്കര ശ്രീ വിഹാറിൽ ശിവദാസിന്റെ ഏകമകൾ സുചിത്ര പിള്ളയെ (42) പാലക്കാട്ടെ വാടക വീട്ടിൽ കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലാണു പ്രതി സംഗീതാധ്യാപകൻ കോഴിക്കോട് വടകര തൊടുവയൽ വീട്ടിൽ പ്രശാന്ത് നമ്പ്യാരെ (35) കൊല്ലം ഒന്നാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി റോയ് വർഗീസ് ആണ് ശിക്ഷ വിധിച്ചത്.
2020 മാർച്ചിലാണു കേസിനാസ്പദമായ സംഭവം. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ പ്രശാന്ത് നമ്പ്യാർ നേരത്തേ പാലക്കാട്ടെ സ്വകാര്യ സ്കൂളിൽ സംഗീതാധ്യാപകനായിരുന്നു. പ്രശാന്ത് നമ്പ്യാരുടെ ഭാര്യാവീട്ടുകാരുടെ കുടുംബസുഹൃത്താണ് അകന്ന ബന്ധു കൂടിയായ സുചിത്ര പിള്ള. സമ്പന്ന കുടുംബത്തിൽപ്പെട്ട വിവാഹ മോചിതയായ സുചിത്രയുമായി ഫോണിലൂടെ അടുപ്പം സ്ഥാപിച്ച പ്രശാന്ത് നമ്പ്യാർ 2.56 ലക്ഷം രൂപയും കൈക്കലാക്കി.
അവിവാഹിതയായ അമ്മയായി കഴിയാൻ പ്രശാന്ത് നമ്പ്യാരുടെ കുഞ്ഞിനെ പ്രസവിക്കണമെന്നു സുചിത്ര പിള്ള വാശിപിടിച്ചതാണു കൊലയിലേക്കു നയിച്ചതെന്നാണു പ്രോസിക്യൂഷൻ കേസ്. പാലക്കാട് മണലിയിലെ വാടകവീട്ടിലെത്തിച്ച സുചിത്ര പിള്ളയെ തല തറയിലിടിച്ചു പരുക്കേൽപിച്ചും കഴുത്തിൽ ഇലക്ട്രിക് വയർ മുറുക്കി ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയ ശേഷം കാലുകളും പാദങ്ങളും വെട്ടിമാറ്റി. ശരീരഭാഗങ്ങൾ കുഴിയിലിട്ടു കത്തിച്ച ശേഷം മറവു ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here