പെരുന്നാള്‍ പ്രമാണിച്ചുള്ള വെടിനിര്‍ത്തലിനിടയിലും വെടിയുതിര്‍ത്ത് സുഡാന്‍. സൈനികസംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 400 കടന്നു. മനുഷ്യ ഇടനാഴി കെട്ടിപ്പടുക്കാനുള്ള നീക്കം പരാജയപ്പെട്ടതോടെ ബദല്‍ വഴി തേടുകയാണ് ലോകരാജ്യങ്ങള്‍. ദില്ലിയില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു.
ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് 72 മണിക്കൂര്‍ നേരത്തേക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച സുഡാനിലാണ് വീണ്ടും വെടിയൊച്ചകളുയരുന്നത്. ചെറിയ പെരുന്നാളില്‍ രാജ്യത്തെ ജനങ്ങളെല്ലാം സന്തോഷിക്കട്ടെയെന്ന് പ്രഖ്യാപിച്ച് പുറത്തിറക്കിയ പത്രക്കുറിപ്പിലെ മഷി ഉണങ്ങുന്നതിനു മുമ്പേ വീണ്ടും ചേരിതിരിഞ്ഞ് വെടിവെക്കുകയാണ് സുഡാനിലെ സൈനികരും അര്‍ദ്ധ സൈനികരും. ഐക്യരാഷ്ട്രസഭ, അറബ് ലീഗ്, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്ന സമവായ ചര്‍ച്ചയുടെ ഭാഗമായിട്ടായിരുന്നു വെടിനിര്‍ത്തല്‍ കരാര്‍. ഇതിനുമുമ്പ് പ്രഖ്യാപിക്കപ്പെട്ട മൂന്ന് വെടിനിര്‍ത്തല്‍ കരാറുകളും പരാജയപ്പെട്ടിരുന്നു.
കഴിഞ്ഞ ശനിയാഴ്ച ആരംഭിച്ച സംഘര്‍ഷത്തില്‍ ഇതുവരെ നാനൂറിലധികമാളുകള്‍ കൊല്ലപ്പെട്ടതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. വെടിയൊച്ചകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വീടുകളില്‍ തുടരാനാണ് സുഡാനിലെ ഡോക്ടര്‍മാരും ആവശ്യപ്പെടുന്നത്. ഞായറാഴ്ച വരെയെങ്കിലും വെടിനിര്‍ത്തല്‍ തുടരണമെന്ന് സൈനിക, അര്‍ദ്ധ സൈനിക നേതാക്കളോട് പ്രത്യേകം വിളിച്ചുകൂട്ടിയ വീഡിയോ സംഭാഷണങ്ങളില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും ആവശ്യപ്പെട്ടു. പുതിയ വെടിനിര്‍ത്തല്‍ കരാറും പരാജയപ്പെടുന്നതോടെ മനുഷ്യ ഇടനാഴി കെട്ടിപ്പടുത്ത് സ്വന്തം പൗരന്മാരെ രക്ഷപ്പെടുത്താനുള്ള നീക്കത്തിന് ബദല്‍ തേടുകയാണ് ലോകരാഷ്ട്രങ്ങള്‍.
സുഡാനിലെ ഇന്ത്യക്കാരുടെ രക്ഷാദൗത്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തു. കഴിഞ്ഞ ദിവസം സൗദി, യുഎഇ രാജ്യങ്ങളുമായി രക്ഷാദൗത്യത്തെ കുറിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ചര്‍ച്ച നടത്തിയിരുന്നു. സുഡാനിലെ സാഹചര്യം സംഘര്‍ഷഭരിതമായി തുടരുകയാണെന്നും സുരക്ഷിതമായി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.മലയാളികള്‍ അടക്കമുള്ള നാലായിരത്തോളം പേര്‍ സുഡാനില്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here