പുതിയ വെടിനിർത്തൽ കരാറിനിടയിലും സംഘർഷം തുടർന്ന് സുഡാൻ

ഞായറാഴ്ച വരെ നീളുന്ന പുതിയ വെടിനിര്‍ത്തല്‍ കരാറിനിടയിലും സംഘര്‍ഷം തുടര്‍ന്ന് സുഡാന്‍. പടിഞ്ഞാറന്‍ ദാര്‍ഫര്‍ മേഖലയാണ് പുതിയ യുദ്ധഭൂമി. തുടരുന്ന സൈനിക സംഘര്‍ഷം മറ്റു രാജ്യങ്ങളുടെ താല്പര്യസംരക്ഷണം സ്‌പോണ്‍സര്‍ ചെയ്യുന്നതാണോ എന്നും സംശയം ഉയരുന്നുണ്ട്.

ഐക്യരാഷ്ട്രസഭ, അമേരിക്ക, ആഫ്രിക്കന്‍ യൂണിയന്‍ തുടങ്ങിയവരുടെ സഹായത്തോടെ പുതുതായി കെട്ടിപ്പടുത്ത വെടിനിര്‍ത്തല്‍ കരാറിനിടയിലും പടിഞ്ഞാറന്‍ ദാര്‍ഫറില്‍ യുദ്ധത്തില്‍ ഞെരിഞ്ഞമരുകയാണ് മനുഷ്യജീവിതം.

ദാര്‍ഫറില്‍ രണ്ട് പതിറ്റാണ്ടായി തുടരുന്ന അറബ് ഗോത്രങ്ങളും ദാര്‍ഫറി ഗോത്രങ്ങളും തമ്മിലുള്ള ആഭ്യന്തര സംഘര്‍ഷത്തെ ജ്വലിപ്പിച്ച പുതിയ യുദ്ധം സുഡാന്‍ ജനതയ്ക്കും വിദേശ പൗരന്മാരുടെ രക്ഷപ്പെടുത്തലിനും തടസ്സം നില്‍ക്കുകയാണ്. സന്ധിക്കിടയിലും തുടരുന്ന ദാര്‍ഫര്‍ യുദ്ധത്തിനെതിരെ വിമര്‍ശനവുമായി യുഎന്‍ രംഗത്തുണ്ട്.

512 പേരെങ്കിലും കൊല്ലപ്പെടുകയും 4100 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത മിലിട്ടറി- പാരാമിലിട്ടറി യുദ്ധത്തില്‍ ജീവന്‍ നഷ്ടപ്പെട്ട 387 പേരും സിവിലിയന്മാരാണ്. 2011ല്‍ ആഭ്യന്തരയുദ്ധത്തിലൂടെ ഖാര്‍ത്തൂമില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ സൗത്ത് സുഡാനില്‍ മാത്രം പതിനാലായിരത്തോളം യുദ്ധ അഭയാര്‍ത്ഥികളുണ്ട്. ഈജിപ്തിലേക്ക് ചേക്കേറിയത് പതിനാറായിരവും ചാഡിലേക്ക് കടന്നത് ഇരുപതിനായിരവും സുഡാന്‍ പൗരന്മാരാണ്.

ഭൂമിശാസ്ത്ര പ്രത്യേകതകള്‍ നിരവധിയുള്ള സുഡാന്റെ മേലുള്ള അധികാരം ഉറപ്പിക്കാനാണ് വിവിധ രാജ്യങ്ങള്‍ സൈന്യത്തെയും അര്‍ദ്ധ സൈനിക വിഭാഗത്തെയും ഇരുചേരികളില്‍ നിര്‍ത്തി യുദ്ധം ചെയ്യിക്കുന്നതെന്നും വിലയിരുത്തലുകളുണ്ട്.

ചെങ്കടല്‍ തീരത്തുള്ള തുറമുഖങ്ങളില്‍ നിയന്ത്രണം ലഭിക്കാനും അറബ്, യൂറോപ്പ് വഴിയില്‍ തന്ത്രപരമായ ഇടപെടലുകള്‍ നടത്താനും ചില രാജ്യങ്ങള്‍ക്ക് തമ്മിലടി അത്യന്താപേക്ഷിതം. ഇരുയുദ്ധചേരികള്‍ക്കും ആയുധവും ആവേശവും നല്‍കുന്ന രാജ്യങ്ങള്‍ക്കേതിരെ ലോകം സ്വരം കടുപ്പിക്കേണ്ടത് അനിവാര്യമാണെന്നാണ് മനുഷ്യപക്ഷം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News