സുഡാൻ വീണ്ടും വെടിനിർത്തലിലേക്ക്, കരാർ സൈനിക-അർദ്ധസൈനികവിഭാഗങ്ങൾ പാലിക്കുമെന്ന് പ്രതീക്ഷ

ഒരാഴ്ചക്കാലത്തേക്ക് വെടിനിർത്തൽ കരാർ അംഗീകരിച്ച് സുഡാൻ. അയൽരാജ്യമായ സൗത്ത് സുഡാൻ സൈനിക- അർദ്ധ സൈനിക നേതൃത്വവുമായി നടത്തിയ സമവായ ചർച്ചയിലാണ് തീരുമാനം. നേരത്തെ പ്രഖ്യാപിച്ച വെടിനിർത്തൽ കരാറുകളെല്ലാം പരാജയപ്പെട്ട സാഹചര്യത്തിലും പുതിയ പ്രഖ്യാപനത്തിൽ പ്രതീക്ഷ അർപ്പിക്കുകയാണ് സുഡാൻ ജനത.

സൗദിയും ഐക്യരാഷ്ട്രസഭയുമായി നടത്തിയ ചർച്ചയ്ക്കൊടുവിൽ ഞായറാഴ്ച പ്രഖ്യാപിച്ച മൂന്ന് ദിവസത്തെ വെടിനിർത്തൽ കരാർ പരാജയപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് അയൽരാജ്യമായ സൗത്ത് സുഡാന്റെ നേതൃത്വത്തിൽ പുതിയ നീക്കം. മെയ് 4 മുതൽ 11 വരെ നീളുന്ന ഒരാഴ്ചത്തെ വെടിനിർത്തൽ കരാറിനാണ് സുഡാനിലെ സൈനിക- അർദ്ധ സൈനിക നേതൃത്വങ്ങൾ അംഗീകാരം നൽകിയിട്ടുള്ളത്. നേരത്തെ വിവിധ ഘട്ടങ്ങളിൽ ഉയർന്നുവന്ന വെടിനിർത്തൽ കരാറുകൾ പൂർണ പരാജയം നേരിട്ടിരുന്നു.

മിലിറ്ററിയും പാരാമിലിറ്ററിയും തമ്മിൽ നിലവിൽ തലസ്ഥാന നഗരമായ ഖാർത്തൂമും ദാർഫർ അടക്കമുള്ള പ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് യുദ്ധം തുടരുന്നത്. നൈൽ നദിക്ക് കുറുകെ വട്ടമിട്ടു പറക്കുന്ന വിമാനങ്ങളും എപ്പോഴും പ്രതീക്ഷിക്കാവുന്ന വ്യോമാക്രമണങ്ങളും അന്യനാടുകളിലേക്ക് പലായനം ചെയ്യുന്നവരെ പോലും ഭീതിയിലാഴ്ത്തുന്നുണ്ട്.

8 ലക്ഷം പേർ പലായനം ചെയ്യുമെന്ന് ഐക്യരാഷ്ട്രസഭ കരുതുന്ന യുദ്ധം മൂലം ഇതുവരെ ഒരു ലക്ഷത്തിലധികം ആളുകൾ നാടുവിട്ടു കഴിഞ്ഞു. അയൽ രാജ്യങ്ങളായ ഈജിപ്ത്, സൗത്ത് സുഡാൻ, എത്യോപ്പിയ, ചാഡ് അടക്കമുള്ള രാജ്യങ്ങളും സുഡാൻ യുദ്ധഭീതിയുടെ നിഴലിലാണ്. സുഡാനിൽ കുടുങ്ങിയ വിദേശ പൗരന്മാരെ വിവിധ രാജ്യങ്ങളുടെ സഹായത്തോടെ പോർട്ട് സുഡാൻ വഴിയും വിവിധ വിമാനത്താവളങ്ങൾ വഴിയും രക്ഷപ്പെടുത്തുന്നത് തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here