സുഡാന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് വേണ്ടി സൗദിയില്‍ സമവായ ചര്‍ച്ച

സുഡാന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് വേണ്ടി സൗദിയില്‍ സമവായ ചര്‍ച്ച നടത്തി മിലിറ്ററിയും പാരാമിലിറ്ററിയും. സിവിലിയന്മാരുടെ രക്ഷയ്ക്ക് മുന്‍തൂക്കം നല്‍കുമെന്ന് ഇരുചേരികളും. മൂന്നാഴ്ചയായി തുടരുന്ന തെരുവുയുദ്ധം അവസാനിപ്പിക്കണം എന്നാണ് അന്താരാഷ്ട്ര സമൂഹത്തിന്റെ ആവശ്യം.

സുഡാനില്‍ സൈന്യവും അര്‍ധ സൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോര്‍സസും തമ്മില്‍ കഴിഞ്ഞമാസം ആരംഭിച്ച സംഘര്‍ഷം 500 ലേറെ പേരെ കൊലപ്പെടുത്തുകയും 3000ത്തിലധികം ആളുകള്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്തതോടെയാണ് ഐക്യരാഷ്ട്രസഭ അടക്കമുള്ള സംഘടനകളുടെ ഇടപെടലില്‍ സമവായ സാധ്യത തെളിഞ്ഞിരിക്കുന്നത്.

സുഡാനില്‍ യുദ്ധ മുനമ്പില്‍ കുടുങ്ങിയ വിദേശ പൗരന്മാരെ രക്ഷിക്കാനായി ഇടപെടലുകള്‍ തുടര്‍ന്നു വരികയാണ്. സുഡാനിലെ സാധാരണക്കാരായ മനുഷ്യരെ ദുസ്സഹമായ യുദ്ധ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുത്താന്‍ യുദ്ധം അവസാനിപ്പിക്കുക അനിവാര്യമാണ്. ഐക്യരാഷ്ട്രസഭ, സൗദി, അമേരിക്ക തുടങ്ങിയവരുടെ സഹകരണത്തോടെ ജിദ്ദയില്‍ നടന്ന കൂടിക്കാഴ്ചയില്‍ നിര്‍ണായകമായ തീരുമാനങ്ങള്‍ എടുത്തതായാണ് വിവരം. ഇരു വിഭാഗങ്ങളുടെയും പ്രതിനിധികള്‍ ജിദ്ദയിലെ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതായി സ്ഥിരീകരണം ലഭിച്ചുകഴിഞ്ഞു.

സിവിലിയന്മാരെ രക്ഷപ്പെടുത്താനും സംരക്ഷണം നല്‍കാനുമുള്ള നീക്കങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുമെന്നാണ് സൈനിക, അര്‍ധ സൈനിക വിഭാഗങ്ങള്‍ യോഗത്തില്‍ വച്ച് അന്താരാഷ്ട്ര സമൂഹത്തിന് മുമ്പാകെ അറിയിച്ചിട്ടുള്ളത്. എന്നാല്‍ യുദ്ധം അവസാനിപ്പിക്കാന്‍ വേണ്ടിയുള്ള സാധ്യതകള്‍ ഇനിയും തെളിയേണ്ടതുണ്ടെന്നാണ് പുറത്തുവരുന്ന സൂചന. സൈനിക തലവനെ പിടികൂടുകയോ വധിക്കുകയോ ചെയ്താല്‍ മാത്രമേ യുദ്ധം അവസാനിപ്പിക്കാന്‍ കഴിയൂ എന്നാണ് റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സസ്സിന്റെ പ്രതികരണം.

യുദ്ധം എത്രയും വേഗം അവസാനിപ്പിക്കുകയും താല്‍ക്കാലിക സര്‍ക്കാരിനെ രൂപീകരിച്ചെടുക്കുകയും വേണം എന്നാണ് അന്താരാഷ്ട്ര സമൂഹത്തിന്റെ ആവശ്യം. പുതിയ സിവിലിയന്‍ സര്‍ക്കാര്‍ ആഫ്രിക്കയിലെ സഹേല്‍ പ്രദേശം, ഈജിപ്ത്, സൗദി അറേബ്യ, എത്യോപ്യ അടക്കമുള്ളവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. എന്നാല്‍ മറ്റ് രാജ്യങ്ങളുടെ വലിയ രഹസ്യസഹായം യുദ്ധം ചെയ്യുന്ന ഇരുഗ്രൂപ്പുകള്‍ക്കും ലഭിക്കുന്നുണ്ടോ എന്നതും ആശങ്കപ്പെടുത്തുന്ന വിഷയമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here