സുഡാനില്‍ അര്‍ധ സൈനിക വിഭാഗവും സൈന്യവും തമ്മില്‍ തുടരുന്ന കനത്ത ഏറ്റുമുട്ടലിനിടയില്‍ താല്‍ക്കാലിക ആശ്വാസവുമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ദിവസവും മൂന്നു മണിക്കൂര്‍ സമയമാണ് ഇരുവിഭാഗങ്ങള്‍ തമ്മില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ഐക്യരാഷ്ട്രസഭയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.
ഞായറാഴ്ച മുതല്‍ എല്ലാ ദിവസവും പ്രാദേശിക സമയം വൈകിട്ട് നാലു മുതല്‍ മൂന്ന് മണിക്കൂര്‍ നേരത്തേക്കാണ് വെടിനിര്‍ത്തല്‍ നടപ്പാക്കുക. അടിയന്തര മാനുഷിക ആവശ്യങ്ങള്‍ക്ക് സുരക്ഷിത പാത ഒരുക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് സുഡാന്‍ സൈന്യം അറിയിച്ചു.
സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തൂമില്‍ ശനിയാഴ്ചയാണ് അര്‍ധ സൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സും സായുധ സേനയും തമ്മിലുള്ള സംഘര്‍ഷം ശക്തമായത്. ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള വെടിവെപ്പിലും ബോംബാക്രമണത്തിലും 56 പേര്‍ മരിക്കുകയും 595 പേര്‍ക്ക് പരുക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു..
അര്‍ധ സൈനിക വിഭാഗവും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ജീവനക്കാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സുഡാനിലെ എല്ലാ പ്രവര്‍ത്തനങ്ങളും യുഎന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാം താല്‍കാലികമായി നിര്‍ത്തിവച്ചിരുന്നു. അതിന് പിന്നാലെയാണ് ഇരുവിഭാഗവും താല്‍ക്കാലിക ആശ്വാസവുമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here