സുഡാനിൽ കേന്ദ്ര ആരോഗ്യ ലബോറട്ടറി പിടിച്ചെടുത്ത് സൈനിക താവളമാക്കിമാറ്റി യുദ്ധഭടന്മാർ. വിവിധ രോഗ സാമ്പിളുകൾ സൂക്ഷിച്ചിരിക്കുന്നതിനാൽ അപകടകരമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. സ്വന്തം പൗരന്മാരെ എത്രയും വേഗം യുദ്ധസാഹചര്യത്തിൽ നിന്ന് രക്ഷപ്പെടുത്താനുള്ള നീക്കത്തിലാണ് രാജ്യങ്ങളും.
സുഡാനിൽ മിലിറ്ററിയും പാരാമിലിറ്ററിയും തമ്മിലുള്ള യുദ്ധം കേന്ദ്ര ആരോഗ്യ ലബോറട്ടറി പിടിച്ചെടുക്കുന്ന സാഹചര്യത്തിലെത്തിയിരിക്കുകയാണ്. കേന്ദ്ര ലാബ് പിടിച്ചെടുത്ത സമരഭടന്മാർ ഉദ്യോഗസ്ഥരെയും മറ്റും പുറത്താക്കി സൈനിക താവളമാക്കി മാറ്റിയിരിക്കുകയാണ്. സൗദിയും അമേരിക്കയുമായി സമവായ ചർച്ചകളിലൂടെ 72 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചതിനിടെയാണ് പുതിയ നീക്കം. സൈനിക- അർദ്ധസൈനിക വിഭാഗങ്ങൾ തമ്മിലുള്ള യുദ്ധം സുഡാന്റെ ആരോഗ്യ മേഖലയെ താറുമാറാക്കിയിരുന്നു. ബോംബാക്രമണത്തിൽ തകരാതെ ബാക്കിയുള്ള ഹോസ്പിറ്റലുകൾ പരുക്കേറ്റവരാൽ നിറഞ്ഞു കവിയുമ്പോഴും അവശ്യ മരുന്നുകളും ഉപകരണങ്ങളും ഇല്ലാതെ വലയുകയാണ്.
സുഡാനിലെ കേന്ദ്ര ലാബ് പിടിച്ചെടുത്ത വിഷയത്തിൽ ലോകാരോഗ്യ സംഘടനയും ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. പോളിയോ, അഞ്ചാംപനി, കോളറ തുടങ്ങിയ രോഗ സാമ്പിളുകൾ സൂക്ഷിച്ചിട്ടുള്ള ലാബായതിനാൽ സാഹചര്യം അപകടകരമാണെന്നും ഡബ്ലിയുഎച്ച്ഒ വിലയിരുത്തി. കടുത്ത ജൈവ ദുരന്ത സാധ്യതയാണ് നിലനിൽക്കുന്നതെന്ന് സുഡാനിൽ നിന്നുള്ള ലോകാരോഗ്യ സംഘടനാ പ്രതിനിധി നിമ സയിദ് ആബിദ് വ്യക്തമാക്കി.
അതേസമയം, വിവിധ രാജ്യങ്ങൾ സ്വന്തം പൗരന്മാരെ രക്ഷപ്പെടുത്തി എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നീക്കങ്ങളിലാണ്. നേരത്തെ സ്വന്തം പൗരന്മാരെ സുഡാനിൽ ഉപേക്ഷിച്ച് എംബസി ഉദ്യോഗസ്ഥരെ മാത്രം നാട്ടിലെത്തിച്ചു എന്ന് പഴികേട്ട ബ്രിട്ടനും അമേരിക്കയും പൗരന്മാരെ നാട്ടിലെത്തിക്കുകയാണ്. യൂറോപ്യൻ രാജ്യങ്ങൾ ഖാർതൂം, ന്യാല വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് യുദ്ധവിമാനങ്ങൾ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം തുടരുന്നത്. അമേരിക്ക യുദ്ധവിമാനങ്ങളും ജിബൂട്ടി നാവിക താവളവും ഉപയോഗിച്ചാകും വിപുലമായ ഒഴിപ്പിക്കൽ നടപടികൾ നടത്തുക. മിഡിൽ ഈസ്റ്റ്,ഏഷ്യൻ രാജ്യങ്ങൾ സുഡാൻ തുറമുഖവും ജോർദാൻ, സൗദി ഇടത്താവളങ്ങളും ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here