എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സുധാ മൂർത്തിയുടെ പ്രസ്താവനക്കെതിരെ വിമർശനവും ട്രോളുകളുമായി സോഷ്യൽമീഡിയ. താൻ പൂർണ സസ്യാഹാരിയാണെന്നും യാത്രകളിൽ മാംസാഹാരം വിളമ്പിയ സ്പൂൺ കൊണ്ട് സസ്യാഹാരം വിളമ്പുമോ എന്ന പേടിയുള്ളതിനാൽ സ്വന്തമായി ഭക്ഷണം കരുതുമെന്നുമുള്ള സുധാമൂർത്തിയുടെ പ്രസ്താവനക്കെതിരെയാണ് വിമർശനം ഉയർന്നിരിക്കുന്നത്.
യൂട്യൂബ് ചാനലിലൂടെയാണ് സുധാമൂർത്തി ഇക്കാര്യം പറഞ്ഞത്. ഇതിനു പിന്നാലെയാണ് വിമർശനവും ട്രോളും ഉയർന്നത്. ‘ഞാനൊരു സസ്യാഹാരിയാണ്. മുട്ടയോ വെളുത്തുള്ളിയോ പോലും കഴിക്കില്ല. വെജിറ്റേറിയൻ – നോൺ വെജിറ്റേറിയൻ ഭക്ഷണം വിളമ്പുന്നതിന് ഒരേ സ്പൂൺ ഉപയോഗിക്കുമോ എന്നതിൽ എനിക്കു പേടിയുണ്ട്. അതുകൊണ്ട് വിദേശത്തു പോകുമ്പോഴൊക്കെ വെജിറ്റേറിയൻ റസ്റ്ററന്റുകൾ കണ്ടുപിടിച്ച് അവിടെ പോയി ഭക്ഷണം കഴിക്കും. അതല്ലെങ്കിൽ സ്വന്തമായി ഭക്ഷണം തയാറാക്കി കഴിക്കും. അതിനായി ഭക്ഷണപദാർഥങ്ങളും പാചകം ചെയ്യാനുള്ള സംവിധാനങ്ങളും അടങ്ങിയ ബാഗ് എപ്പോഴും കൈയിൽ കരുതും, ചെറിയ കുക്കർ കൂടി തന്റെ ബാഗിൽ കരുതാറുണ്ടെന്നുമാണ്’ സുധാമൂർത്തി പറഞ്ഞത്.
എന്നാൽ , സുധാ മൂർത്തിയുടെ ഈ പ്രസ്താവന സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയായി. ഏതു ഭക്ഷണം കഴിക്കണമെന്നത് ഒരാളുടെ സ്വാതന്ത്ര്യമാണെന്നും പല ഇന്ത്യക്കാരും വിദേശത്തു പോകുമ്പാൾ ഭക്ഷണം കൂടെക്കരുതുമെന്നും ചിലർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. എന്നാൽ സുധാമൂർത്തി ‘ലാളിത്യ’ത്തെ വിൽക്കുകയാണെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്.
ALSO READ: മോദി സർക്കാരിനെതിര അവിശ്വാസ പ്രമേയം, അനുമതി നല്‍കി സ്പീക്കര്‍
അതേസമയം തന്റെ അമ്മൂമ്മ ഒരിക്കലും പുറത്തുനിന്ന് ഭക്ഷണം കഴിച്ചിട്ടില്ലെന്നും പുറത്തുപോകുമ്പോൾ ഭക്ഷണവുമായാണ് പോയിരുന്നതെന്നും ഇക്കാര്യത്തിൽ അവരെ പരിഹസിച്ചിട്ടുണ്ടെന്നും ഇപ്പോൾ താനും അവരെ പോലെയായെന്നുമാണ് സുധാ മൂർത്തി വീഡിയോയിൽ പറഞ്ഞത് .
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here