കുട്ടികളോട് ഒരിക്കലും അങ്ങനെ ചെയ്യരുത്, നമ്മളൊരാളിനെ താഴോട്ട് വലിക്കുന്നതിന് തുല്യമാണ് ആ കാര്യം: സുധീര്‍ കരമന

കുട്ടികള്‍ തെറ്റുചെയ്താല്‍ അവരെ തെറ്റ് പറഞ്ഞ് മനസാലാക്കുകയും അത് സ്‌നേഹത്തോടെ തിരുത്തുകയുമാണ് വേണ്ടതെന്നും പകരം അവരെ അടിച്ച് ശിക്ഷിക്കരുതെന്ന് നടനും പ്രധാനഅധ്യാപകനുമായ സുധീര്‍ കരമന. 30 വര്‍ഷത്തെ അധ്യാപന ജീവിതത്തിന് ശേഷം ഈയിടെ അദ്ദേഹം ഔദ്യോഗികമായി സര്‍വീസില്‍ നിന്ന് രാജിവെച്ച സന്ദര്‍ഭത്തിലാണ് അദ്ദേഹം കുട്ടികളോട പെരുമാറേണ്ട രീതിയെ കുറിച്ച് വ്യക്തമാക്കിയത്.

‘കുട്ടികള്‍ തെറ്റുചെയ്താല്‍ അടിക്കുകയൊന്നുമല്ല പ്രധാനം. എന്നെ സംബന്ധിച്ചിടത്തോളം അവരെ സ്നേഹിക്കുക എന്നതാണ് ഏറ്റവും പ്രധാനം. പക്ഷേ അധ്യാപകര്‍ക്ക് ഒരിക്കലും പാടില്ലാത്തൊരു ക്വാളിറ്റിയുണ്ട്, അത് കുട്ടികളെ കളിയാക്കരുത് എന്നതാണ്. മറ്റൊരാള്‍ ഇങ്ങനെയാണ് നീ എന്താടാ ഇങ്ങനെയല്ലാത്തത് എന്നൊന്നും യാതൊരു കാരണവശാലും ഒരധ്യാപകനും ഒരു കുട്ടിയോടും ചോദിക്കരുത്. കുട്ടികള്‍ക്കത് വളരെ മാനസികപ്രയാസമുണ്ടാക്കുന്ന കാര്യമാണ്.

അധ്യാപകര്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യം കുട്ടികളെ കളിയാക്കരുത്. കുട്ടികളെ വഴക്ക് പറയുന്നത് കൊണ്ടും ചെറുതായിട്ടൊന്ന് അടിക്കുന്നത് കൊണ്ടും വലിയ കുഴപ്പമില്ല. പക്ഷേ കളിയാക്കരുതെന്നും അദ്ദേഹം പറഞ്ഞു.

‘സര്‍വൈവല്‍ ഓഫ് ദി ഫിറ്റെസ്റ്റ്’ എന്നത് ശരിയാണ്. ഉദാഹരണത്തിന്, ഇന്ത്യയില്‍ നടക്കുന്ന പരീക്ഷകളെടുത്തു നോക്കിയാല്‍ മനസിലാകും. പി.എസ്.സി പരീക്ഷ യിലൊക്കെ ‘കയ്യൂക്കുള്ളവന്‍ ആദ്യം’എന്നത് അനുസരിച്ചാണ്. ഇങ്ങനെയെക്കെയാണെങ്കിലും കുട്ടികളുടെ മനസ് വളരെ ലോലമാണ്. നമുക്ക് തോന്നും അവരെയൊന്ന് കളിയാക്കി കഴിഞ്ഞാല്‍ അവര്‍ കൂടുതല്‍ എനര്‍ജിയോടെ പ്രവര്‍ത്തിക്കുമെന്ന്. എന്നാലൊരിക്കലും അങ്ങനെയല്ലെന്ന് ഒരുപാട് അനുഭവങ്ങളിലൂടെ എനിക്ക് മനസിലായതാണ്.

നമ്മളൊരാളിനെ താഴോട്ട് വലിക്കുന്നതിന് തുല്യമാണ് കളിയാക്കുക എന്നത്. മുതിര്‍ന്ന ആളുകളെല്ലാവരും മനസിലാക്കേണ്ട കാര്യമാണത്.  കുട്ടികളെ കളിയാക്കി കഴിഞ്ഞാല്‍ അവര്‍ കൂടുതല്‍ എനര്‍ജിയോടെ പ്രവര്‍ത്തിക്കുമെന്നത് തെറ്റായ ധാരണയാണെന്നും സുധീര്‍ പറഞ്ഞു.

ഞാന്‍ കുട്ടിയായിരിക്കുന്ന സമയത്ത് എന്നെ കളിയാക്കിയിട്ടുള്ള ടീച്ചേഴ്സ് ഉണ്ട്. ആ ടീച്ചേഴ്സിനെയൊന്നും എനിക്ക് ഇഷ്ടമല്ല. എന്നെ സ്വാധീനിച്ചിട്ടുള്ളത് എന്റെ എന്തെങ്കിലും ക്വാളിറ്റി കണ്ടിട്ട് അഭിനന്ദിച്ചവരെയാണ്. എനിക്കിപ്പോഴും ഓര്‍മയുണ്ട്, ജിയോഗ്രഫി പരീക്ഷക്ക് നല്ല മാര്‍ക്ക് കിട്ടിയപ്പോള്‍ ക്ലാസില്‍ എല്ലാവരുടെയും മുന്നില്‍ വെച്ച് ടീച്ചര്‍ എന്നെ അഭിനന്ദിച്ചത്. ആ അഭിനന്ദനത്തില്‍ പ്രചോദനമുള്‍ക്കൊണ്ടാണ് ഞാന്‍ പിന്നീട് ജിയോഗ്രഫി പ്രധാന വിഷയമായി എടുത്ത് പഠിച്ചത്, ‘ നടന്‍ പറഞ്ഞു.

ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അധ്യാപകരെക്കുറിച്ചും വിദ്യാര്‍ത്ഥികളോടുള്ള അധ്യാപകരുടെ പെരുമാറ്റത്തെക്കുറിച്ചും സുധീര്‍ സംസാരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News