അന്തരിച്ച കമ്മ്യൂണിസ്റ്റ് നേതാവ് എൻ ശങ്കരയ്യക്ക് അനുശോചനമറിയിച്ച് എഴുത്തുകാരൻ സുധീർ എൻ ഇ.”ഞങ്ങൾ സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് പൊരുതിയത് , പെൻഷനു വേണ്ടിയായിരുന്നില്ല.” എന്ന ശങ്കരയ്യയുടെ വാചകം പങ്കുവെച്ചു കൊണ്ടാണ് സുധീർ കുറിപ്പ് പങ്കുവെച്ചത്. ശങ്കരയ്യക്ക് ലഭിച്ച ‘തഗൈസൽ തമിഴർ, എന്ന അവാർഡ് തുകയായി ലഭിച്ച 10 ലക്ഷം വരെ അദ്ദേഹം മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്തു എന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.
102 വയസ്സിൽ ശങ്കരയ്യ എന്ന കമ്യൂണിസ്റ്റുകാരൻ വിട പറയുമ്പോൾ ചരിത്രത്തിൽ തിളങ്ങി നിൽക്കുന്ന ഒരുപാട് മൂല്യങ്ങൾ കൂടിയാണ് വിട പറയുന്നത് എന്നും സുധീർ കുറിച്ചു. ഒൻപതാം വയസ്സിൽ രാജ്യത്തിന്റെ സ്വാതന്ത്യത്തിനു വേണ്ടി പൊരുതിത്തുടങ്ങിയ ആ ജീവിതമാണ് ഇന്നിപ്പോൾ ഒൻപതു പതിറ്റാണ്ടത്തെ നിസ്വാർത്ഥ സേവനത്തിനുശേഷം നിലച്ചിരിക്കുന്നത് എന്നാണ് സുധീർ എൻ ഇ യുടെ കുറിപ്പ്.
ALSO READ:അയ്യര്‍ ദ ഗ്രേറ്റ്; ശ്രേയസ് അയ്യര്‍ക്ക് തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറി
സുധീർ എൻ ഇ യുടെ ഫേസ്ബുക് പോസ്റ്റ്
“ഞങ്ങൾ സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് പൊരുതിയത് , പെൻഷനു വേണ്ടിയായിരുന്നില്ല.”
1972 – ൽ തനിക്കനുവദിച്ച സ്വാതന്ത്ര്യ സമര പെൻഷൻ വേണ്ടെന്നു വെച്ചു കൊണ്ട് ശങ്കരയ്യ എന്ന കമ്യൂണിസ്റ്റുകാരൻ പറഞ്ഞ വാചകമാണിത്.
2021-ൽ സ്റ്റാലിൻ തമിഴ്നാട് മുഖ്യമന്തിയായപ്പോൾ സംസ്ഥാനത്തിന്റെ പരമോന്നത പുരസ്കാരമെന്ന നിലയിൽ തഗൈസൽ തമിഴർ എന്ന പേരിൽ ഒരു അവാർഡ് ഏർപ്പെടുത്തി. അതിന്റെ
ആദ്യ പുരസ്കാരം എൻ. ശങ്കരയ്ക്ക് കൊടുക്കാൻ തീരുമാനിച്ചു. നൂറു വയസ്സുകാരനായ ശങ്കരയ്യ അത് സ്നേഹത്തോടെ സ്വീകരിച്ചുവെങ്കിലും സമ്മാനത്തുകയായ പത്തു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ കോവിഡ് ദുരിദാശ്വാസ നിധിയിലേക്ക് തിരിച്ചു കൊടുത്തു.
അതാണ് ശങ്കരയ്യ എന്ന കമ്യൂണിസ്റ്റുകാരൻ.
ഇന്ന് 102 വയസ്സിൽ എൻ. ശങ്കരയ്യ എന്ന കമ്യൂണിസ്റ്റുകാരൻ വിട പറയുമ്പോൾ ചരിത്രത്തിൽ തിളങ്ങി നിൽക്കുന്ന ഒരുപാട് മൂല്യങ്ങൾ കൂടിയാണ് വിട പറയുന്നത്.
കോളേജ് വിദ്യാർത്ഥിയായിരിക്കെ 1941-ൽ അറസ്റ്റിലായ ശങ്കരയ്യ 1947 ആഗസ്റ്റ് പതിനാലിനാണ് ജയിൽ മോചിതനായത്. സ്വാതന്ത്ര്യത്തിന്റെ തലേന്ന് പുതിയ
ഭാരതത്തിലേക്ക്… തുടർന്ന് കമ്യൂണിസ്റ്റ് പാർട്ടിക്കു വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ചു.
1964 – ൽ പാർട്ടി പിളർന്നതുതൊട്ട് സി.പി.ഐ എമ്മിന്റെ കൂടെയും.
ഒൻപതാം വയസ്സിൽ രാജ്യത്തിന്റെ സ്വാതന്ത്യത്തിനു വേണ്ടി പൊരുതിത്തുടങ്ങിയ ആ ജീവിതമാണ് ഇന്നിപ്പോൾ ഒൻപതു പതിറ്റാണ്ടത്തെ നിസ്വാർത്ഥ സേവനത്തിനുശേഷം നിലച്ചിരിക്കുന്നത്.