കൊച്ചി കടമക്കുടിയിൽ നാലംഗ കുടുംബം ജീവനൊടുക്കിയ സംഭവത്തിൽ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും അന്വേഷണം.മരിച്ച നിജോയുടെയും ഭാര്യയുടെയും മൊബൈൽ ഫോണുകൾ വിദഗ്ധ പരിശോധനയ്ക്കായി സൈബർ ഫോറൻസിക് വിഭാഗത്തിന് കൈമാറി. ഓൺലൈൻ വായ്പ ആപ്പുകളെ കുറിച്ചും ഭീഷണി സന്ദേശത്തിന്റെ ഉറവിടത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് പൊലീസ് നടപടി.
Also Read: അലൻസിയറിന്റെ പ്രതികരണം നിർഭാഗ്യകരം; മന്ത്രി ആർ ബിന്ദു
നാലംഗ കുടുംബത്തിൻറെ ആത്മഹത്യയ്ക്ക് പിന്നിൽ ഓൺലൈൻ വായ്പ തട്ടിപ്പ് സംഘത്തിൻ്റെ ഇടപെടലുണ്ടെന്ന് ചൂണ്ടിക്കാട്ടി മരിച്ച നിജോയുടെ കുടുംബം നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. ഏത് ആപ്ലിക്കേഷൻ വഴിയാണ് ലോൺ എടുത്തതെന്നും എത്ര തുകയാണെന്നും, തിരിച്ചടവ് മുടങ്ങിയിട്ടുണ്ടെങ്കിൽ അതിൻറെ വിശദാംശങ്ങൾ ഉൾപ്പെടെ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് മരിച്ച നിജോയുടെയും ഭാര്യ ശിൽപ്പയുടെയും ഫോണുകൾ പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചത്. ഫോണുകൾ പൊലീസിന്റെ പക്കൽ ഉണ്ടെങ്കിലും അത് ലോക്ക് ചെയ്ത നിലയിലാണ്. ഇത് തുറന്നു പരിശോധിക്കുന്നതിന് വേണ്ടിയാണ് ഫോണുകൾ തിരുവനന്തപുരം സൈബർ ഫോറൻസിക് വിഭാഗത്തിന് കൈമാറിയത്. അതേസമയം, നിജോയുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മോർഫ് ചെയ്ത ചിത്രവും സന്ദേശങ്ങളും അയച്ച നമ്പറിന്റെ ഉടമയെക്കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മരണശേഷവും ഇത്തരം ചിത്രങ്ങൾ പ്രചരിപ്പിക്കുന്നുണ്ടെന്ന് അയൽവാസികളും ബന്ധുക്കളും പറഞ്ഞിരുന്നു. തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങളറിയാൻ, മരിച്ച നിജോയുടെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകളും പൊലീസ് വിശദമായി പരിശോധിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here