സുൽത്താൻ ബത്തേരി നിയമന കേസിൽ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. അമ്പലവയൽ -ആനപ്പാറ സ്വദേശി ഷാജിയുടെ പരാതിയിൽ ആണ് 3 പേർക്കെതിരെ കേസ് എടുത്തത്. പ്രാദേശിക കോൺഗ്രസ്സ് നേതാക്കളായ സി ടി ചന്ദ്രൻ,കെ എം വർഗീസ് കോൺഗ്രസ്സ് നടപടി എടുത്ത കെ കെ ഗോപി നാഥൻ എന്നിവരാണ് കേസിലെ പ്രതികൾ. സുൽത്താൻ ബത്തേരി കാർഷിക ഗ്രാമ വികസന ബാങ്കിൽ മകന് സ്ഥിരം ജോലി നൽകാം എന്ന് പറഞ്ഞു പണം തട്ടി എന്ന് പരാതി. ബാങ്ക് പ്രസിഡന്റ് ആയിരുന്ന ഗോപിനാഥൻ 3 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചു എന്ന പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Also read: ലൈംഗിക അധിക്ഷേപക്കേസ്; ബോബി ചെമ്മണ്ണൂരിനെ ഇന്ന് കോടതിയിൽ ഹാജരാക്കും
അതേസമയം, വയനാട് ഡിസിസി ട്രഷററർ എൻ.എം. വിജയനും മകനും ജീവനൊടുക്കിയതിൽ ആത്മഹത്യാ പ്രേരണയ്‌ക്ക് കേസെടുത്തതോടെ ആത്മഹത്യാക്കുറിപ്പിൽ പേരുള്ള കോൺഗ്രസ് നേതാക്കൾ പ്രതികളാകും. അസ്വഭാവിക മരണത്തിന് എടുത്ത കേസിലെ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവരെ പ്രേരണാക്കുറ്റം കേസിലുൾപ്പെടുത്തിയത്. മരണത്തിന് ഉത്തരവാദികളായവരുടെ പേരുകൾ എൻ.എം. വിജയൻ്റെ ആത്മഹത്യാക്കുറിപ്പിലുണ്ട്.
ഐ.സി. ബാലകൃഷ്‌ണൻ എംഎൽഎ, ഡിസിസി പ്രസിഡൻ്റ് എൻ.ഡി. അപ്പച്ചൻ എന്നിവരുൾപ്പെടെയുള്ള പേരുകളാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. ഇവരാണ് ഇനി കേസിൽ പ്രതികളാകുക. കത്തിൻ്റെ വിശദ പരിശോധനകൾ പൊലീസ് നടത്തുന്നുണ്ട്. വൈകാതെ പൊലീസ് കൂടുതൽ നടപടികളിലേക്ക് കടക്കും. ആത്മഹത്യ കുറിപ്പിൽ പേരുള്ളവരുടെ മൊഴിയും രേഖപ്പെടുത്തിയേക്കും. അതേസമയം, കേസിൽ വിജിലൻസ് അന്വേഷണവും തുടരുന്നുണ്ട്. കൂടുതൽ മൊഴികൾ വിജിലൻസ് അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്.
കോഴ ഇടപാടിൽ ബത്തേരി പൊലീസ് രണ്ട് കേസുകൾ ഇന്നലെ രജിസ്‌റ്റർ ചെയ്‌തിരുന്നു. ബത്തേരി അർബൻ ബാങ്കിൽ ജോലിക്കായി പണം നൽകി വഞ്ചിതരായവരുടെ പരാതികളിൽ ബത്തേരി ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ മണ്ണിൽ സക്കരിയ, മലവയൽ യു കെ പ്രേമൻ, ചാലിൽ തൊടുകയിൽ സി.ടി. ചന്ദ്രൻ എന്നിവർക്കും ജോർജ് കുര്യനും എതിരെയാണ് കേസ്.
പുൽപ്പള്ളി കളനാടിക്കൊല്ലി സ്വദേശി വി.കെ. സായൂജ്, താളൂർ അപ്പോഴത്ത് പത്രോസ് എന്നിവരുടെ പരാതിയിലാണ് കേസ്. അർബൻ ബാങ്ക് ഡയറക്ടർ കൂടിയായിരുന്ന മണ്ണിൽ സക്കരിയ രണ്ട് കേസിലും പ്രതിയാണ്. വിജയൻ്റെയും മകൻ്റെയും അസ്വാഭാവിക മരണത്തിന് എടുത്ത കേസിന് പുറമേയാണ് രണ്ട് കേസുകൾകൂടി രജിസ്‌റ്റർ ചെയ്‌തത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here