ജി.ആർ വെങ്കിടേശ്വരൻ
‘അഫീഫയെ എത്രയും പെട്ടെന്ന് കണ്ടെത്തണം. അവളെ ബലംപ്രയോഗിച്ച്, ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൊണ്ടുപോകുകയായിരുന്നു. ഇന്നാണ് അവളെ കോടതിയിൽ ഹാജരാക്കേണ്ട തിയ്യതി, ഇന്ന് ഹാജരാക്കിയില്ലെന്ന് മാത്രമല്ല, അഫീഫയുടെ വീട്ടുകാരുടെ അഭിഭാഷകൻ സമയം നീട്ടിച്ചോദിച്ചതനുസരിച്ച് കോടതി സമയം നീട്ടിനൽകുകയും ചെയ്തു. അവളെ എത്രയും പെട്ടെന്ന് കോടതിയിൽ ഹാജരാക്കണം, എനിക്ക് പേടിയുണ്ട്…’; മലപ്പുറം സ്വദേശിനിയായ സുമയ്യ തന്റെ ലെസ്ബിയൻ പങ്കാളിയെ കാണാതായതിൽ കൈരളി ഓൺലൈനിനോട് ഇത്രയും പ്രതികരിച്ച് പറഞ്ഞുനിർത്തി.
ഒരുമിച്ച് ജീവിക്കാനുള്ള ജനാധിപത്യപരമായ അവകാശം വിനിയോഗിച്ചതാണ് അഫീഫയ്ക്കും സുമയ്യക്കും വിനയായത്. കോടതി ഉത്തരവ് ഉണ്ടായിട്ടുപോലും ഇരുവർക്കും സമാധാനപരമായ ഒരു ജീവിതം നയിക്കാൻ സാധിച്ചില്ല. സമൂഹത്തിന്റെ സദാചാരപരിധികൾക്കപ്പുറം നിന്ന് പോരാടുന്ന മലപ്പുറം സ്വദേശിനിയായ സുമയ്യ, തട്ടിക്കൊണ്ടുപോകപ്പെട്ട തന്റെ ലെസ്ബിയൻ പാർട്ണറായ അഫീഫയ്‌ക്കൊപ്പം തുടർന്നും ഒരുമിച്ചുജീവിക്കാനുള്ള പോരാട്ടത്തിലാണ്.
ALSO READ: രാഖിക്ക് നീതി ലഭിച്ചത് പിറന്നാൾ ദിവസം
സുമയ്യക്കൊപ്പം എറണാകുളത്ത് ഒരുമിച്ചുതാമസിക്കുകയായിരുന്ന അഫീഫയെ മെയ് 30നാണ് സ്വന്തം വീട്ടുകാർ ബലപ്രയോഗത്തിലൂടെ തട്ടിക്കൊണ്ടുപോയത്. അഫീഫ ജോലി ചെയ്യുന്ന സ്ഥാപനത്തിലെത്തി ഭീഷണിപ്പെടുത്തിയായിരുന്നു കൊണ്ടുപോയത്. തുടർന്ന് സുമയ്യ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് സമർപ്പിക്കുകയും, കോടതി അഫീഫയെ ജൂൺ ഒമ്പതിന് ഹാജരാക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ അഫീഫയെ ഇതുവരെയ്ക്കും കോടതിയിൽ ഹാജരാക്കാൻ വീട്ടുകാർ തയ്യാറായിട്ടില്ല.
മലപ്പുറം സ്വദേശിനികളായ സുമയ്യയും അഫീഫയും വർഷങ്ങളായി പ്രണയത്തിലാണ്. ബന്ധം അറിഞ്ഞ വീട്ടുകാർ അഫീഫയെ മാനസികമായി ഉപദ്രവിക്കാൻ തുടങ്ങിയതോടെ ഇരുവരും ഒരുമിച്ച് ജീവിക്കാമെന്ന് തീരുമാനമെടുക്കുകയായിരുന്നു. ജനുവരി അഞ്ചിന് അഫീഫ വനജ കളക്ടീവ് എന്ന സംഘടനയെ ബന്ധപ്പെടുകയും, ജനുവരി 27ന് ഇരുവരും സംഘടനയുടെ സഹായത്തോടെ വീട് വിട്ടിറങ്ങുകയും ചെയ്തു. എന്നാൽ വീട്ടുകാർ പരാതി നൽകിയതിനെത്തുടർന്ന് ജനുവരി 29ന് മലപ്പുറം മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായ ഇരുവരെയും കോടതി ഒരുമിച്ച് ജീവിക്കാൻ അനുവദിക്കുകയായിരുന്നു. തുടർന്ന് ഇരുവരും ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്നു. മെയ് 30ന് അഫീഫയെ വീട്ടുകാർ ഭീഷണിയും ബലപ്രയോഗത്തിലൂടെയും കൂട്ടികൊണ്ടുപോയി. പിന്നീട് അഫീഫയുടെ യാതൊരു വിവരവും തനിക്ക് ലഭിച്ചിട്ടില്ലായെന്ന് സുമയ്യ പറയുന്നു.
ALSO READ: വി ഡി സതീശനെതിരെ വിജിലൻസ് അന്വേഷണം
തട്ടിക്കൊണ്ട് പോയശേഷവും അഫീഫയെ മാനസികമായി വീട്ടുകാർ പീഡിപ്പിക്കുന്നുണ്ടാകുമെന്ന് സുമയ്യ പറയുന്നു. ‘അഫീഫയുടെ വീട്ടുകാർ അത്ര സപ്പോർടീവ് ആൾക്കാരല്ല. അവളെ അവർ മാനസികമായി ഉപദ്രവിക്കുന്നുണ്ടാകും. കൺവേർഷൻ തെറാപ്പി പോലുള്ള മാർഗങ്ങളുപയോഗിച്ച് അവളുടെ മനസ്സ് മാറ്റാൻ അവർ ഇപ്പോൾ ശ്രമിക്കുന്നുണ്ടാകും. ഇത്തരത്തിലുള്ള ശ്രമങ്ങൾ ഉണ്ടാകുമെന്ന് അഫീഫ തന്നെ എന്നോട് മുൻപ് പറഞ്ഞിരുന്നു.
നിരവധി തവണ കൗൺസിലിംഗിന് വിധേയയാക്കാൻ ശ്രമിച്ചിരുന്നു എന്ന് എനിക്ക് വിവരം കിട്ടിയിരുന്നു. ഇത്തരത്തിൽ എല്ലാ രീതിയിലും അവളെ അവർ പീഡിപ്പിക്കുകയാകും ഇപ്പോൾ’.
‘കോടതി ഉത്തരവ് വന്നശേഷമുള്ള നാലഞ്ചുമാസം വലിയ പ്രശ്നമൊന്നുമില്ലാതെ കടന്നുപോയിരുന്നു. വീട്ടുകാരുമായി ഞങ്ങൾ വലിയ ബന്ധമില്ലായിരുന്നു. എന്നാൽ പെട്ടെന്നാണ് മെയ് മുപ്പതാം തിയ്യതി അഫീഫയുടെ വീട്ടുകാർ വരികയും അവളെ കൊണ്ടുപോകുകയും ചെയ്തത്. വലിയ ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് അവർ അഫീഫയെ കൊണ്ടുപോയത്.’ സുമയ്യ പറയുന്നു
അഫീഫയെ കൊണ്ടുപോയ ശേഷവും വിവരങ്ങൾ ഒന്നും ലഭ്യമാകാതെ വന്നപ്പോഴാണ് സുമയ്യ ഹൈക്കോടതിയെ സമീപിച്ചത്. ഹേബിയസ് കോർപ്പസ് ഹർജി സമർപ്പിക്കുകയും ഹൈക്കോടതി അഫീഫയെ ജൂൺ ഒമ്പതിന് ഹാജരാക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ അഫീഫക്ക് പകരം ഹാജരായത് അഫീഫയുടെ വീട്ടുകാരുടെ അഭിഭാഷകനായിരുന്നു. കോടതി അഫീഫയെ ഹാജരാകാനുള്ള സമയപരിധി 19ആം തിയ്യതി വരെ നീട്ടിക്കൊടുക്കുകയും ചെയ്തു.
ALSO READ: ഒരു കാലഘട്ടത്തിന്‍റെ കതിവന്നൂര്‍ വീരന്‍; രാമന്‍ കുറ്റൂരാന് വിട
‘വീട്ടുകാരുടെ ഒപ്പമാണ് പോയത്, അതുകൊണ്ട് അഫീഫ സേഫ് ആണെന്നാണ് കോടതിയെയും വേണ്ടപ്പെട്ടവരെയുമെല്ലാം അവർ തെറ്റിദ്ധരിപ്പിച്ചത്. എന്നാൽ അവർ അഫീഫയെ എങ്ങനെ ട്രീറ്റ് ചെയ്യുന്നു എന്ന് പോലും എനിക്കറിയില്ല. അഫീഫയെ ഹാജരാക്കാത്തതിൽ വലിയ ദുരൂഹതയുണ്ട് എന്നുറപ്പാണ്. അഫീഫ ആവരുടെയടുക്കൽ സേഫ് ആണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഇന്നത്തെ കാലത്ത് മാതാപിതാക്കൾ കുട്ടികൾക്കെതിരെ നടത്തുന്ന പലതരം അക്രമങ്ങളുടെ വാർത്തകൾ നമ്മൾ കേൾക്കാറുണ്ട്. എനിക്ക് ഒന്നും ഉറപ്പില്ല…’ സുമയ്യ പറയുന്നു
അഫീഫയുടെ വീട്ടുകാരുടെ ഭാഗത്തുനിന്ന് തന്റെ വീട്ടുകാർക്ക് നേരെ ഭീഷണിയും അക്രമവും ഉണ്ടായിട്ടുണ്ടെന്നും സുമയ്യ പറയുന്നു. ഇടയ്ക്കിടയ്ക്ക് സുമയ്യയുടെ വീട്ടിലെത്തി ഉമ്മക്ക് നേരെയും മറ്റും പ്രശ്നമുണ്ടാക്കുക പതിവായിരുന്നു. എന്നാൽ ഇതെല്ലം കടന്ന്, എല്ലാം അതിജീവിച്ചാണ് ഇരുവരും ഒരുമിച്ച് ജീവിച്ചത്. തുടർന്നായിരുന്നു ഈ പ്രശ്നങ്ങളെല്ലാം.
‘അവളെ എത്രയും പെട്ടെന്ന് കണ്ടെത്തണം, കോടതിയിൽ ഹാജരാക്കണം. നിയമം തന്നെ ഞങ്ങളെ ഒരുമിച്ച് ജീവിക്കാമെന്ന് അംഗീകരിച്ചതാണ്. ഇപ്പോൾ അവൾ എങ്ങനെയിരിക്കുന്നു എന്ന് പോലും അറിയില്ല, കനത്ത ടെൻഷനിലാണ് ഞാൻ. സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലും പുത്തൻകുരിശ് പുത്തൻകുരിശ് പോലീസ് സ്റ്റേഷനിലും പരാതി നൽകിയിട്ടുണ്ട്. അഫീഫയെ എത്രയും വേഗം എനിക്ക് വേണം‘, തന്റെ വാക്കുകൾ സുമയ്യ പറഞ്ഞുനിർത്തി. ഇനി അഫീഫയ്ക്ക് വേണ്ടിയും നീതിക്ക് വേണ്ടിയുമുള്ള പോരാട്ടം തുടരുമെന്നും സുമയ്യ വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here