സൂര്യൻ ഭൂമിയെ വിഴുങ്ങുന്ന കാലമുണ്ടായേക്കാം; ഗ്രഹത്തെ വിഴുങ്ങുന്ന നക്ഷത്രത്തെ കണ്ടെത്തി

സൂര്യൻ ഭൂമിയെ വിഴുങ്ങുന്ന ഒരു കാലമുണ്ടായേക്കാമെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ശാസ്ത്രജ്ഞൻമാരുടെ പുതിയ കണ്ടെത്തലാണ് ഇത്തരം ഒരു സാധ്യത പ്രവചിക്കുന്നത്.

ഒരു നക്ഷത്രം ഗ്രഹത്തെ വിഴുങ്ങുന്നത് കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. സൗരയൂഥത്തിലെ ഏക നക്ഷത്രമായ സൂര്യന്റെ വലിപ്പമുള്ള നക്ഷത്രമാണ് വ്യാഴത്തിന്റെ വലിപ്പമുള്ള ഗ്രഹത്തെ വിഴുങ്ങുന്നത്. മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഹാർവാർഡ് യൂണിവേഴ്സിറ്റി, കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നിവിടങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരാണ് ഈ അത്ഭുതപ്രതിഭാസം കണ്ടെത്തിയത്. ഈ സംഭവത്തിന് ഏറെ പ്രാധാന്യമുണ്ടെന്നും ശാസ്ത്രജ്ഞർ പറഞ്ഞു.

ശാസ്ത്രജ്ഞർ പറയുന്നതനുസരിച്ച് 10 ബില്ല്യൺ വർഷം പ്രായമുള്ള നക്ഷത്രം അതിന്റെ അവസാന കാലത്തിലായിരുന്നു. മരിക്കാൻ പോകുന്ന നക്ഷത്രം എന്നാണ് ശാസ്ത്രജ്ഞർ ഇതിനെ വിശേഷിപ്പിക്കുന്നത്. ഈ സമയം അതിന്റെ യഥാർത്ഥ വലിപ്പത്തിന്റെ ദശലക്ഷം മടങ്ങ് വലിപ്പം നക്ഷത്രത്തിന് ഉണ്ടാവുകയും ചുറ്റുമുള്ള എല്ലാ ഗ്രഹങ്ങളേയും വിഴുങ്ങുകയും ചെയ്യുന്നു. ഭൂമിയിൽ നിന്ന് 12000 പ്രകാശവർഷം അകലെയാണ് ഈ പ്രതിഭാസം നടന്നിരിക്കുന്നത്. 2020ലാണ് ഈ പ്രക്രിയ ആദ്യമായി ശാസ്ത്രജ്ഞർ ശ്രദ്ധിക്കുന്നത്. എന്നാൽ ഇതിലെ പല കാര്യങ്ങളേയും മനസിലാക്കാൻ ഒരു വർഷത്തോളം സമയമെടുത്തെന്നും ശാസ്ത്രജ്ഞരുടെ പഠനത്തിൽ പറയുന്നു.

സൂര്യൻ അവസാന കാലത്ത് ഒരു ചുവന്ന ഭീമനായി മാറി ഗ്രഹങ്ങളെ വിഴുങ്ങിയാൽ നമ്മുടെ ഭൂമിക്ക് എന്തു സംഭവിക്കും എന്ന് മനസിലാക്കാൻ ഈ കണ്ടെത്തൽ സഹായിക്കുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ആദ്യമായിട്ടാണ് ഇത്തരമൊരു പ്രതിഭാസം നേരിട്ട് കാണുന്നതെന്നും ശാസ്ത്രജ്ഞർ പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News