എം ടി വാസുദേവൻ നായരുമായുള്ള ഓർമകൾ പങ്കുവെച്ച് സുനിൽ പി ഇളയിടം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സുനിൽ പി ഇളയിടം ഓർമകൾ പങ്കുവെച്ചിരിക്കുന്നത്. ആദ്യമായി എം ടി യെ കണ്ടത് തൊട്ട് ഇരുവരുമായിയുള്ള ബന്ധത്തിന്റെ ആഴം ഫേസ്ബുക്ക് കുറിപ്പിൽ കുറിച്ചിട്ടുണ്ട്. പിൻവാങ്ങിയത് കാലം വണങ്ങി നിന്ന വാക്കാണ് എന്നാണ് എം ടി യുടെ വിയോഗത്തെ സുനിൽ പി ഇളയിടം കുറിച്ചത്.
Also read: ബിജെപി പ്രവർത്തകനായ മധു മുല്ലശ്ശേരിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി; അറസ്റ്റിന് നീക്കം
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
അവസാനമായി കണ്ടത് ഒരു വർഷം മുൻപാണ് . തിരുവനന്തപുരത്ത് മാതൃഭൂമിയുടെ ‘ക’ ഫെസ്റ്റിവലിൻ്റെ
ഗസ്റ്റ് ലോഞ്ചിൽ വച്ച്.
എം.ടി. ക്ഷീണിതനായിരുന്നു. എങ്കിലും കണ്ടപ്പോൾ ചെറുതായി ചിരിച്ചു. ഞാനടുത്തു ചെന്നിരുന്ന് അൽപ്പനേരം സംസാരിച്ചു. ആരോഗ്യവിവരം തിരക്കിയപ്പോൾ ‘ കാലം തീരുമാനിക്കട്ടെ ‘ എന്നു പറഞ്ഞ് മൗനത്തിലേക്ക് മടങ്ങി. കുറച്ചു നേരം കൂടി അരികിലിരുന്ന ശേഷം ഞാൻ യാത്ര പറഞ്ഞിറങ്ങി.
രണ്ടു പതിറ്റാണ്ടു മുൻപാണ് എം.ടി.യോട് ആദ്യമായി സംസാരിച്ചത്. അതിനു മുൻപേ പല വേദികളിലും കണ്ടിട്ടുണ്ട്. പ്രസംഗം കേട്ടിട്ടുണ്ട്. മൗനത്തിലേക്ക് ചായുന്ന മുഴക്കമുള്ള വാക്കുകൾ വന്നു നിറയുന്ന പ്രസംഗമാണ് എം.ടി.യുടേത്.വികാര വിക്ഷോഭങ്ങളത്രയും അടക്കം ചെയ്ത വാക്കുകൾ! ‘Emotions are muted ‘ എന്ന് പടിഞ്ഞാറൻ സിനിമകളിലെ ക്ലാസിക്കൽ അഭിനയ മാതൃകയെക്കുറിച്ച് സത്യജിത്ത് റായ് എഴുതിയത് എം.ടി.യുടെ പ്രഭാഷണങ്ങൾക്കും നന്നായിണങ്ങും. ഗഹനമായ ആശയങ്ങളുടെയും വിക്ഷുബ്ധമായ വികാരങ്ങളുടേയും കടൽ മന്ദ്രസ്ഥായിയിൽ അതിലിരമ്പിക്കൊണ്ടിരിക്കും.
തുഞ്ചൻ പറമ്പിലെ സെമിനാറുകളിലൊന്നിൽ പ്രബന്ധം അവതരിപ്പിക്കാൻ പോയപ്പോഴാണ് ആദ്യമായി സംസാരിച്ചത്. ഉച്ചഭക്ഷണത്തിനായി പിരിഞ്ഞപ്പോൾ ഭക്ഷണശാലയ്ക്ക് പുറത്ത് കസേരയിലിരിക്കുന്ന എം.ടി.യെ കണ്ടു. അടുത്തുചെന്ന് ഞാൻ സ്വയം പരിചയപ്പെടുത്തി. എം.ടി. ചെറുതായൊന്ന് തലയുയർത്തി നോക്കി. “അവതരണം നന്നായി ” എന്നു മാത്രം പറഞ്ഞു. എം.ടി. പ്രസംഗം ശ്രദ്ധിച്ചിരുന്നു എന്നതിൽ വിസ്മയം തോന്നി. ഉള്ളിൽ സന്തോഷവും.
രണ്ടു വർഷം കഴിഞ്ഞ് കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഒരു ശിൽപ്പശാലയിൽ വച്ചാണ് പിന്നീട് നേരിൽ കാണാനിടവന്നത്. അന്നും ഞാൻ അടുത്തുചെന്ന് സ്വയം പരിചയപ്പെടുത്താൻ മുതിർന്നു. എം.ടി. എന്നെ നോക്കി. “നമ്മൾ രണ്ടു വർഷം മുൻപാണ് കണ്ടത് ” എന്ന ഒരു വാക്യം മാത്രം പറഞ്ഞു!
Also read: കെഎസ്ആർടിസി ബസ്സും പെട്ടി ഓട്ടോയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം
പിന്നീട് ചിലപ്പോഴൊക്കെ ‘എം.ടി. പറഞ്ഞിട്ടാണ്, എന്ന ആമുഖത്തോടെ പ്രഭാഷണത്തിനുള്ള ക്ഷണങ്ങൾ വന്നു. തുഞ്ചൻ സ്മാരകപ്രഭാഷണത്തിനു ചെന്നപ്പോൾ സദസ്സിലെ ഒന്നാംനിരയിൽ ആദ്യകസേരയിൽ തന്നെ എം.ടി.ഉണ്ടായിരുന്നു. ബഷീർ സ്മാരക പ്രഭാഷണത്തിൻ്റേതുൾപ്പെടെ മറ്റു പല വേദികളിലും. പ്രഭാഷണജീവിതത്തിലെ വലിയ അംഗീകാരങ്ങളായിരുന്നു ആ അവസരങ്ങളെല്ലാം. എങ്കിലും കണ്ണുകളടച്ച് എം.ടി. മുന്നിലിരിക്കുമ്പോൾ പ്രസംഗവേദിയിൽ ഞാൻ അധീരനായി.
പ്രഭാഷണത്തിനായി നിൽക്കുമ്പോൾ ഇക്കാലം വരെ മറ്റൊരാൾക്കു മുന്നിലും അത്തരമൊരു പതർച്ച ഉണ്ടായിട്ടില്ല.
അതുല്യമായ വായനയായിരുന്നു. അപാരമായ ജ്ഞാനവും. വായിച്ചറിഞ്ഞതൊന്നും മുഴച്ചു നിൽക്കാതെ എഴുത്തിൻ്റെ അടിപ്പടവിലൂടെ അന്തര്യാമിയായ കാലമെന്ന പോലെ നിശ്ശബ്ദമായി ഒഴുകി. മഹാഭാരതപ്രഭാഷണങ്ങൾക്കു ശേഷം രണ്ടാമൂഴം വീണ്ടും വായിച്ചപ്പോഴാണ് ഞാനാ രഹസ്യനദിയിലിറങ്ങിയത്.
അത്യസാധാരണമായ ചരിത്രബോധവും അതിൽ നിന്നു കൈവന്ന സാമുഹിക ജാഗ്രതയും എം.ടി.യുടെ വലിയ കൈമുതലുകളായിരുന്നു. തുഞ്ചൻ പറമ്പിനെ കാത്തത് അതാണ്. വർഗ്ഗീയതയുടെ കൊടുങ്കാറ്റിനെതിരെ നേർക്കുനേരെ നിൽക്കാൻ മടിക്കാതിരുന്നതും അതുകൊണ്ടുതന്നെയായിരുന്നു.
നാടുവാഴിത്തത്തിൻ്റെ നിന്നും ആധുനികതയിലേക്കുള്ള യുഗപരിവർത്തനസന്ധിയിൽ പെട്ടു പോയ മനുഷ്യരുടെ ആന്തരികലോകവും അതിലെ സംഘർഷങ്ങളുമായിരുന്നു എം.ടി.പ്രകാശിപ്പിക്കാൻ ശ്രമിച്ചത്. ആ പരിവർത്തനത്തിൻ്റെ പ്രത്യക്ഷപ്രകാരങ്ങളെ നവോത്ഥാന നോവൽ മുൻപേ തന്നെ അടയാളപ്പെടുത്തിയിട്ടുണ്ടായിരുന്നു. എം.ടി. കാലവൈരുദ്ധ്യങ്ങളെ തേടിയത് മനുഷ്യ മനസ്സിൻ്റെ ഉൾത്തടങ്ങളിലാണ്. ചരിത്രപരമായ ഒരു മഹാപരിവർത്തനം ജൻമം നൽകിയ അനുഭൂതിഘടനയുടെ വൈരുദ്ധ്യങ്ങൾ മുഴുവൻ ആ എഴുത്തിൽ വന്നു നിറഞ്ഞു. വലിയ എഴുത്ത് വൈരുദ്ധ്യങ്ങളെ ഭയക്കുന്നില്ല!
തിരിഞ്ഞു നോക്കിയാൽ വിശ്വത്തിൽ നിന്ന് (സുന്ദരികളും സുന്ദരൻമാരും) സേതുവിലേക്കും(കാലം) ,അവിടെ നിന്ന് രവിയിലേക്കും (ഖസാക്ക്) തെളിയുന്ന ഒരു വഴി നമ്മുടെ അനുഭവചരിത്രത്തിൽ നിന്നും കണ്ടെടുക്കാൻ കഴിയും. അതിൽ കാലവും ചരിത്രവും ഏറ്റവും മൂർത്തമായി വന്നു നിറഞ്ഞത് സേതു വിലാണെന്നു തോന്നുന്നു.’ സേതുവിന് എന്നും സേതുവിനോടു മാത്രം ഇഷ്ടം’ തോന്നിയത് അങ്ങനെയാവണം!
നാട്ടിലെ ലൈബ്രറിയുടെ അരമതിലിൽ ചാരിയിരുന്ന് ‘ കടലിന് കറുത്ത നിറമായിരുന്നു’ എന്നു വായിച്ചു തുടങ്ങിയത് ഇപ്പോഴും ഓർമ്മയുണ്ട്. മഞ്ഞും അസുരവിത്തും മറ്റും മുൻപേ പിന്നിട്ടിരുന്നുവെങ്കിലും രണ്ടാമൂഴം
ചക്രവാതച്ചുഴലി പോലെയാണ് ഞങ്ങൾക്കു മേൽ വന്നു വീണത്. നാലു പതിറ്റാണ്ടു പിന്നിടുമ്പോഴും ആ മുഗ്ദ്ധതകൾ പിൻവാങ്ങുന്നില്ല !
ചുരുക്കം എഴുത്തുകാർ മാത്രമേ ചരിത്രത്തിൻ്റെ വൈരുദ്ധ്യങ്ങളിൽ ജീവിക്കുന്നുള്ളൂ.ബാക്കിയുള്ളവർ “ശരികൾ” മാത്രം എഴുതുമ്പോൾ ഇവർ കാലത്തിൻ്റെ കൊടുങ്കാറ്റുകൾക്കൊപ്പം സഞ്ചരിക്കുന്നു. അതിൻ്റെ പോർവിളികളിൽ ഭ്രമിക്കുന്നു.
അവരുടെ എഴുത്ത് കാലത്തിൻ്റെ പടനിലമായി മാറുന്നു.
അതിൽ തെളിയുന്ന വൈരുദ്ധ്യങ്ങൾ നമ്മുടേതും കൂടിയാണെന്ന് നാം വളരെപ്പതുക്കെ മാത്രം തിരിച്ചറിയാൻ തുടങ്ങുന്നു.
” Do I contradict ?
Yes, I contradict
I am large,
I contain multitudes ! “
പിൻവാങ്ങിയത്
കാലം വണങ്ങി നിന്ന വാക്കാണ്!
വലുത് !
വിട!!
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here