സുനിത വില്യംസിന്റെയും വിൽമോറിന്‍റെയും കാത്തിരിപ്പ് നീളും; ഫെബ്രുവരിയിലും തിരികെ എത്തിക്കാനാവില്ലെന്ന് നാസ

SUNITA WILLIAMS

രാജ്യാന്തര ബഹിരാകാശ നിലയത്തിൽ തുടരുന്ന രണ്ട് യുഎസ് ബഹിരാകാശ യാത്രികരുടെ മടക്കം ഇനിയും വൈകുമെന്ന് നാസ. ബോയിങ് സ്റ്റാര്‍ലൈനറിന്‍റെ പരീക്ഷണ പറക്കലിന്‍റെ ഭാഗമായി ബഹിരാകാശ നിലയത്തില്‍ എത്തിയ സുനിത വില്യംസും സഹസഞ്ചാരി ബുച്ച് വില്‍മോറും ഫെബ്രുവരിയിലും തിരിച്ചെത്തില്ല. 2025 ഫെബ്രുവരിയില്‍ ബഹിരാകാശ നിലയത്തില്‍ നിന്ന് തിരിക്കുന്ന സ്‌പേസ് എക്‌സിന്റെ ക്രൂ9 പേടകത്തില്‍ ഇരുവരെയും തിരികെ എത്തിക്കാനായിരുന്നു നാസയുടെ പദ്ധതി. എന്നാൽ ഈ ദൗത്യം മാർച്ചിലേക്ക് നാസ നീട്ടുകയായിരുന്നു.

ഈ വർഷം ജൂണ്‍ ഏഴിനാണ് ഇരുവരും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയത്. ജൂൺ 13 ന് തന്നെ തിരികെ വരാനായിരുന്നു പദ്ധതിയെങ്കിലും പേടകത്തിന് തകരാർ കണ്ടെത്തിയതിനാൽ ബഹിരാകാശ നിലയത്തിൽ കുടുങ്ങുകയായിരുന്നു.

ALSO READ; ഇലക്ട്രിക് സ്‌കൂട്ടറിൽ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച് റഷ്യൻ ആണവ സംരക്ഷണ സേനാ തലവൻ കൊല്ലപ്പെട്ടു

പുതിയ സ്പേസ് എക്സ് ഡ്രാഗൺ ക്യാപ്‌സ്യൂൾ രക്ഷാദൗത്യത്തിനായി തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇപ്പോ‍ഴുള്ള കാലതാമസത്തിന് കാരണം. നാസയും സ്പേസ് എക്സും വേഗതയേക്കാൾ സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നതെന്ന് നാസയിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ദീര്‍ഘകാലം ബഹിരാകാശത്ത് കഴിഞ്ഞതിനാല്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാമെന്ന ആശങ്കയും ചെറുതല്ല. മെലിഞ്ഞുണങ്ങി കവിളൊട്ടിയ നിലയിലുള്ള സുനിത വില്യംസിന്‍റെ ചിത്രം പുറത്ത് വന്നത് ലോകത്താകമാനമുള്ള ജനതയെ ആശങ്കയിലാഴ്ത്തിയിരുന്നു. എന്നാൽ തങ്ങൾ ആരോഗ്യവാന്മാരാണെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും സുനിത അറിയിച്ചിരുന്നു. ഇതിനിടെ സാന്താ തൊപ്പി ധരിച്ച സുനിതയുടേയും മറ്റൊരു ബഹിരാകാശ യാത്രികനായ ഡോണ്‍ പെറ്റിന്റേയും ചിത്രം നാസ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News