ടൂത്ത് പേസ്റ്റിന് എംആര്‍പിയേക്കാള്‍ അധിക വില ഈടാക്കി; സൂപ്പര്‍ മാര്‍ക്കറ്റിന് 10,000 രൂപ പിഴ

ടൂത്ത് പേസ്റ്റിന് എംആര്‍പിയെക്കാള്‍ അധിക വില ഈടാക്കിയതിന് സൂപ്പര്‍ മാര്‍ക്കറ്റിന് പിഴയൊടുക്കി മലപ്പുറം ജില്ല ഉപഭോക്തൃ കമ്മീഷന്‍. മഞ്ചേരി അരുകിഴായ സ്വദേശി നിര്‍മല്‍ നല്‍കിയ പരാതിയില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ പതിനായിരം രൂപ പിഴയൊടുക്കണമെന്നാണ് ജില്ല ഉപഭോക്തൃ കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

കഴിഞ്ഞ സെപ്റ്റംബര്‍ 23നാണ് പരാതിക്കാരന്‍ മഞ്ചേരിയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് ടൂത്ത് പേസ്റ്റ് വാങ്ങിയത്. എംആര്‍പി 164 രൂപയായിരുന്ന ടൂത്ത് പേസ്റ്റിന് 170 രൂപയാണ് ഈടാക്കിയത്. അധിക തുക തിരിച്ചു നല്‍കണമെന്നാവശ്യപ്പെട്ടപ്പോള്‍ ഈ വിലക്കേ നല്‍കാനാകൂവെന്നും വേണമെങ്കില്‍ മറ്റെവിടെനിന്നെങ്കിലും സാധനം വാങ്ങിക്കാമെന്നുമായിരുന്നു പ്രതികരണം. തുടര്‍ന്നാണ് നിര്‍മല്‍ പരാതിയുമായി ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്.

സ്‌കാനര്‍ ഉപയോഗിച്ച് നല്‍കുന്ന ബില്ലാണെന്നും പിഴവില്ലെന്നുമായിരുന്നു എതിര്‍കക്ഷിയുടെ വാദം. പരാതിക്കാരന്‍ ഹാജരാക്കിയത് സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് നല്‍കിയ ടൂത്ത് പേസ്റ്റല്ലെന്നും കടയുടമയെ അപകീര്‍ത്തിപ്പെടുത്താന്‍ വ്യാജ പരാതി നല്‍കിയതാണെന്നും എതിര്‍കക്ഷി വാദിച്ചു.

എന്നാല്‍, ഒരു ഉപഭോക്താവിനോട് എങ്ങനെ പെരുമാറരുതെന്നതിന്റെ ഉദാഹരണമാണ് പരാതിക്കാരന്റെ അനുഭവമെന്നും ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്ന കാര്യത്തില്‍ ജീവനക്കാര്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കണമെന്നും ഉപഭോക്തൃ കമ്മീഷന്‍ വിധിച്ചു. ഇതിന് പുറമേ അധികമായി ഈടാക്കിയ തുക തിരിച്ചു നല്‍കണമെന്നും ഇതിനൊപ്പം 10,000 രൂപ പരാതിക്കാരന് നഷ്ടപരിഹാരമായി നല്‍കണമെന്നും ഉപഭോക്തൃ കമ്മീഷന്‍ നിര്‍ദേശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here