സൂര്യകാന്തി വിത്തിന് താങ്ങുവില ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ഹരിയാനയിലെ കുരുക്ഷേത്രയില്‍ കര്‍ഷകരുടെ പ്രതിഷേധം തുടരുന്നു. നിരവധി കര്‍ഷകര്‍ രാത്രി മുഴുവന്‍ ദേശീയപാതയില്‍ കഴിച്ചു കൂട്ടി. രാജ്യ തലസ്ഥാനം ലക്ഷ്യമാക്കി നീങ്ങുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ ദില്ലി അതിര്‍ത്തിയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു.
ഹരിയാനയിലെ കുരുക്ഷേത്രയിലെ പിപ്ലി പൂര്‍ണമായും സ്തംഭിച്ചു. മഹാപഞ്ചായത്തിനുശേഷം ദില്ലി–അമൃത്സര്‍ ദേശീയപാത ഉപരോധം തുടങ്ങിയ കര്‍ഷകര്‍ രാത്രി മുഴുവന്‍ റോഡില്‍ തന്നെ തുടര്‍ന്നു. ഹരിയാനയിലെയും പഞ്ചാബിലെയും ആയിര കണക്കിന് കര്‍ഷകരാണ് പ്രതിഷേധത്തിന്റെ ഭാഗമാകുന്നത്. ബികെയു നേതാവ് രാകേഷ് ടികായത്താണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്. സൂര്യകാന്തി വിത്തിന്റെ താങ്ങുവില ഉയര്‍ത്തുക, പ്രതിഷേധിച്ച കര്‍ഷകര്‍ക്കെതിരെയെടുത്ത കേസുകള്‍ പിന്‍വലിക്കുക. ഈ രണ്ട് ആവശ്യങ്ങളും അംഗീകരിക്കാതെ പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ്് നിലപാട്.
Also Read: ഉത്തരേന്ത്യയില്‍ ഭൂചലനം, 5.2 തീവ്രത രേഖപെടുത്തി
ചര്‍ച്ചകള്‍ക്കുള്ള അവസരമുണ്ടെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞെങ്കിലും കര്‍ഷകര്‍ വഴങ്ങിയിട്ടില്ല. സൂര്യകാന്തി വിത്ത് മിനിമം താങ്ങുവിലയില്‍ സംഭരിക്കണമെന്ന ആവശ്യം ഹരിയാന സര്‍ക്കാര്‍ നിരാകരിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധവുമായി കര്‍ഷകര്‍ രംഗത്തെത്തിയത്. വിവിധ ആവശ്യങ്ങള്‍ ആവശ്യങ്ങളുമായി നാളെ ഖാപ് നേതാക്കള്‍ ഹരിയാന ബന്ദും പ്രഖ്യാപിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here