മഅ്ദനിയോട് 56.63 ലക്ഷം രൂപ ആവശ്യപ്പെട്ട കർണ്ണാടക സർക്കാറിനെതിരെ സുപ്രീം കോടതി

അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ കേരള യാത്രക്ക് 56.63 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന കര്‍ണ്ണാടക സര്‍ക്കാരിന്റെ നിലപാടിനെതിരെ വിമര്‍ശനവുമായി സുപ്രീം കോടതി. മഅ്ദനിക്ക് കേരളത്തിലേക്ക് പോകാന്‍ അനുമതി നല്‍കിയ സുപ്രീം കോടതിയുടെ വിധിയെ വിഫലമാക്കാനാണോ പുതിയ ഉപാധികള്‍ വയ്കുന്നതെന്ന് സുപ്രീം കോടതി ചോദിച്ചു.

മഅ്ദനിയെ കേരളത്തിലേക്ക് അയക്കണമെങ്കില്‍ 20 പൊലീസുകാരുടെ അകമ്പടി വേണമെന്നും അവര്‍ക്ക് ചെലവിന് മാസം തോറും 20 ലക്ഷം രൂപ വീതം കെട്ടിവെക്കണമെന്നുമുള്ള കര്‍ണാടക സര്‍ക്കാറിന്റെ ഉപാധിയെയാണ് ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ച് വിമർശിച്ചത്.

ഏപ്രിൽ 17ന് മഅദനിയെ കേരളത്തിലേക്ക് വിടാന്‍ സുപ്രീം കോടതി ഉത്തരവിട്ടെങ്കിലും അതിന് ശേഷം 9 ദിവസത്തേക്ക് കര്‍ണ്ണാടക സര്‍ക്കാര്‍ അനങ്ങിയില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതേ തുടര്‍ന്നാണ് കപില്‍ സിബലും മഅ്ദനിയുടെ മറ്റൊരു അഭിഭാഷകനായ ഹാരിസ് ബീരാനും ചേര്‍ന്ന് ഇക്കാര്യം ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, ബേല എം. ത്രിവേദി എന്നിവരടങ്ങുന്ന ബെഞ്ചിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത്.

ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിച്ച് കേരളത്തിലേക്ക് പോകാൻ സുപ്രീം കോടതിയാണ് മഅ്ദനിക്ക് അനുമതി നൽകിയിരുന്നത്. എന്നാൽ കേരളത്തിലേക്ക് പോകുമ്പോൾ മഅ്ദനിയുടെ സുരക്ഷ കർണാടക പൊലീസ് ആണ് ഒരുക്കേണ്ടതെന്നും സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജൂലായ് എട്ടു വരെ സുരക്ഷ ഒരുക്കുന്നതിന് 56.63 ലക്ഷം രൂപ മഅ്ദനി നൽകണമെന്ന് കർണാടക പൊലീസ് ആവശ്യപ്പെട്ടത്. പ്രതിമാസം 20.23 ലക്ഷം രൂപയാണ് ചെലവായി കർണാടക പൊലീസ് മഅ്ദനിയോട് ആവശ്യപ്പെട്ടത്.തുടർന്ന് ഇതിനെതിരെ മഅ്ദനി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. മഅ്ദനിയുടെ അപേക്ഷ സുപ്രീം കോടതി അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here