ജഡ്ജിമാരുടെ നിയമനം വൈകുന്നതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വീണ്ടും സുപ്രീംകോടതി കൊളീജിയം. ആവര്‍ത്തിച്ച് ശിപാര്‍ശ ചെയ്ത പേരുകള്‍ക്ക് പോലും അനുമതി നല്‍കാത്തത് അംഗീകരിക്കാനാകില്ലെന്ന് കൊളീജിയം വ്യക്തമാക്കി. മദ്രാസ് ഹൈക്കോടതിയിലെ ജഡ്ജിമാരുടെ നിയമന ശിപാര്‍ശയ്ക്കുള്ള പ്രമേയത്തിലാണ് കൊളീജിയത്തിന്റെ വിമര്‍ശനം.
മദ്രാസ് ഹൈക്കോടതിയിലേക്ക് അഭിഭാഷകനായ ആര്‍ ജോണ്‍ സത്യന്റെയും രാമസ്വാമി നീലകണ്ഠന്റെയും പേര് വീണ്ടും ശിപാര്‍ശ ചെയ്തിട്ടും അംഗീകാരം നല്‍കാത്തത് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു. ശിപാര്‍ശ ചെയ്ത പേരുകള്‍ ദീര്‍ഘകാലം പിടിച്ചുവയ്ക്കുന്നതിലൂടെ സീനിയോരിറ്റി നഷ്ടപ്പെടാന്‍ കാരണമാകുമെന്നും കൊളീജിയം വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ നടപടി ആശങ്കപ്പെടുത്തുന്നതാണെന്നും കൊളീജിയം ചൂണ്ടികാട്ടി.
മദ്രാസ് ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കുന്നതിന് നാല് ജില്ലാ ജഡ്ജിമാരുടെ പേരുകള്‍ കൂടി സുപ്രീം കോടതി കൊളീജിയം കേന്ദ്രത്തോട് ശിപാര്‍ശ ചെയ്തു. ആര്‍ ശക്തിവേല്‍, പി ധനബാല്‍, ചിന്നസാമി കുമ്പരപ്പന്‍, കെ രാജശേഖര്‍ എന്നിവരുടെ പേരുകളാണ് സുപ്രീംകോടതി കൊളീജിയം ശിപാര്‍ശ ചെയ്തത്.
ഈ വര്‍ഷം ജനുവരിയില്‍ കൊളീജിയം നല്‍കിയ മുന്‍ ശിപാര്‍ശകളില്‍ പേരുള്ള ആര്‍ ജോണ്‍ സത്യന്‍, രാമസ്വാമി നീലകണ്ഠന്‍ എന്നിവരുടെ പേരുകള്‍ ഹൈക്കോടതിയിലേക്കുള്ള നിയമനത്തിനായി പരിഗണിക്കണമെന്നും കൊളീജിയം കേന്ദ്രത്തോട് പറഞ്ഞു. പുതിയ ശിപാര്‍ശയില്‍ രണ്ട് പേരുകളും സുപ്രീം കോടതി ആവര്‍ത്തിച്ചിട്ടില്ല. കാരണം ഈ രണ്ട് പേരുകള്‍ കേന്ദ്രം തിരികെ അയച്ചാല്‍ മാത്രമേ ആവര്‍ത്തനം സാധ്യമാകൂ എന്നും കൊളീജിയം പറഞ്ഞു.
ഏതെങ്കിലും തരത്തില്‍ നിയമനത്തില്‍ കാലതാമസം വരുത്തുന്നത് സീനിയോറിറ്റിയെ തടസ്സപ്പെടുത്തും. അതിനാല്‍ ഇതിനകം ശിപാര്‍ശ ചെയ്യുകയും ആവര്‍ത്തിച്ച് പറയുകയും ചെയ്ത പേരുകള്‍ ‘തടഞ്ഞുകിടക്കുകയോ അവഗണിക്കുകയോ’ ചെയ്യരുതെന്ന് സുപ്രീംകോടതി കൊളീജിയം വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here