മദ്രസ വിഷയത്തില്‍ ദേശീയ ബാലാവകാശ കമ്മീഷന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം

suprem court ON MADRASA ISSUE

മദ്രസ വിഷയത്തില്‍ ദേശീയ ബാലാവകാശ കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാരിന്‍റെ മദ്രസ വിദ്യാഭ്യാസ നിയമം റദ്ദാക്കിയ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരായ ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കുമ്പോഴായിരുന്നു സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. കുട്ടികള്‍ക്ക് മതപഠനം പാടില്ല എന്നാണോ ദേശീയ ബാലാവകാശ കമ്മീഷന്‍റെ നിലപാടെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. മറ്റ് മതവിഭാഗങ്ങള്‍ക്ക് വിലക്ക് ബാധകമാണോയെന്നും കോടതി ആരാഞ്ഞു. മദ്രസകളുടെ കാര്യത്തില്‍ മാത്രം എന്തിനാണ് ആശങ്കയെന്നും കുട്ടികളെ സന്ന്യാസി മഠങ്ങളിലേക്ക് അയയ്ക്കുന്നതില്‍ നിര്‍ദേശങ്ങളുണ്ടോയെന്നും ബാലാവകാശ കമ്മീഷനോടും യുപി സര്‍ക്കാരിനോടും കോടതി ചോദിച്ചു.

ALSO READ; ഇന്ത്യ കട്ട്, ഭാരത് ഇന്‍; ബിഎസ്എന്‍എല്ലിന്റെ ലോഗോ മാറ്റി, പിന്നാലെ വിവാദം

മദ്രസകളില്‍ നിന്നും വിദ്യാർത്ഥികളെ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് മാറ്റണം എന്നതടക്കമുളള ഉത്തരവുകള്‍ യുപി സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ അത്തരം നിര്‍ബന്ധങ്ങള്‍ പാടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മതപഠനം ഭരണഘടന അനുവദിച്ചിട്ടുളളതാണ്. മതേതരത്വം എന്നാല്‍ ജീവിക്കുക, ജീവിക്കാന്‍ അനുവദിക്കുക എന്നതാണ്. വിവിധ സംസ്‌കാരങ്ങളുടെയും മതങ്ങളുടെയും സമന്വയമാണ് നമ്മുടെ രാജ്യം. മതങ്ങളുടെ കലവറയായി ഇന്ത്യയെ നമുക്ക് സംരക്ഷിക്കേണ്ടതുണ്ടെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. മതപഠനം ഭരണഘടന വിലക്കുന്നില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജികള്‍ വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റി. മദ്രസകള്‍ അടച്ചുപൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്‍ ഉത്തരവും തുടര്‍ നടപടികളും സുപ്രീം കോടതി കഴിഞ്ഞ ദിവസം സ്റ്റേ ചെയ്തിരുന്നു.

.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News