ഹിൻഡൻബർഗ് കേസിൽ അദാനിയെ പൂർണ്ണമായി ആശ്വസിപ്പിക്കാതെ സുപ്രീംകോടതി സമിതിയുടെ റിപ്പോർട്ട്. ഒറ്റനോട്ടത്തിൽ സെബി നിയമങ്ങളുടെ ലംഘനം ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്. എന്നാൽ, അദാനിയുമായി ബന്ധപ്പെട്ട 13 വിദേശ ഫണ്ടുകളിൽ സെബിക്ക് സംശയമുണ്ടെന്നും വ്യക്തമായ കണ്ടെത്തലുകൾക്ക് കൂടുതൽ പരിശോധനകൾ അനിവാര്യമാണെന്നും റിപ്പോർട്ട് പറയുന്നുണ്ട്.
ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് വിപണിയിൽ കൂപ്പുകുത്തിയ അദാനിയുടെ ഓഹരികളിൽ സെബിക്ക് അന്വേഷണ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് സുപ്രീംകോടതി ചുമതലപ്പെടുത്തിയ ജുഡീഷ്യൽ അന്വേഷണ സമിതിയുടെ ഇടക്കാല റിപ്പോർട്ട്. അദാനി ഓഹരികളിന്മേൽ അന്വേഷണം നടത്തിയ സെബിക്ക് വ്യാപാര ദുരുപയോഗം കണ്ടെത്താൻ പ്രാഥമികമായി കഴിഞ്ഞിട്ടില്ല. അദാനി മാർക്കറ്റിൽ കൃത്രിമ വ്യാപാരം നടത്തിയതിന് സെബിയുടെ കൈയിൽ തെളിവുകളില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. റിട്ട. ജസ്റ്റിസ് എഎം സാപ്രെ അധ്യക്ഷനായ ആറംഗ സമിതി സുപ്രീംകോടതിക്ക് മുമ്പാകെ നൽകിയ റിപ്പോർട്ടിലാണ് പരാമർശം.
എന്നാൽ, റിപ്പോർട്ടിൽ പൂർണമായി ആശ്വസിക്കാൻ അദാനി ഗ്രൂപ്പിന് വകയില്ല. അദാനിയുമായി ബന്ധപ്പെട്ട 13 വിദേശ ഫണ്ടുകളിൽ സെബിക്ക് സംശയമുള്ളതായി സുപ്രീംകോടതി മേൽനോട്ടത്തിൽ ഉള്ള സമിതി തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നുണ്ട്. വ്യക്തമായ കണ്ടെത്തലുകൾക്ക് കൂടുതൽ പരിശോധനകൾ അനിവാര്യമാണ്. കേസിൽ ഓഗസ്റ്റ് 14നകം റിപ്പോർട്ട് സമർപ്പിക്കാനാണ് സെബിയോടുള്ള സുപ്രീംകോടതി നിർദ്ദേശം.
സുപ്രീംകോടതി നിയോഗിച്ച സമിതിയിൽ ഒ പി ഭട്ട്, കെവി കാമത്ത്, നന്ദൻ നിലേക്കനി, സോമശേഖർ സുന്ദരേശൻ എന്നിവരാണ് മറ്റ് അംഗങ്ങൾ. പ്രാഥമിക റിപ്പോർട്ടിൽ തന്നെ അദാനിക്കെതിരെ പരാമർശങ്ങൾ ഉണ്ടെന്നും അദാനിക്ക് ക്ലീൻചിറ്റ് ലഭിച്ചെന്ന പ്രചാരണം തെറ്റാണെന്നും ചൂണ്ടിക്കാട്ടി ജെപിസി അന്വേഷണ ആവശ്യം കടുപ്പിക്കുകയാണ് പ്രതിപക്ഷം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here