ബില്‍ക്കിസ് ബാനു കേസില്‍ സുപ്രധാന പരാമര്‍ശവുമായി സുപ്രീംകോടതി. കേസില്‍ നിലവിലെ ബെഞ്ച് വാദം കേള്‍ക്കുന്നതില്‍ നിന്ന് ഒഴിവാക്കാന്‍ കുറ്റവാളികള്‍ ശ്രമം നടത്തുന്നതായി ജസ്റ്റിസുമാരായ കെ.എം ജോസഫും ബി.വി നാഗരത്‌നയും പറഞ്ഞു.
കേസില്‍ വാദം കേള്‍ക്കുന്ന ബെഞ്ച് അധ്യക്ഷനായ ജസ്റ്റിസ് കെ.എം ജോസഫ് ഉടന്‍ വിരമിക്കും. കേസ് നീട്ടിക്കൊണ്ടുപോയാല്‍ അദ്ദേഹത്തിന് വിധി പറയാന്‍ സാധിക്കില്ല. ഈ സാഹചര്യം മുതലെടുത്ത് നിലവിലെ ബെഞ്ചിനെ ഒഴിവാക്കാനാണ് പ്രതികളുടെ ശ്രമമെന്നാണ് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത്. ഈ നീക്കത്തില്‍ സുപ്രീംകോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.
ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ കുറ്റവാളികളുടെ ശിക്ഷ ഇളവ് ചെയ്തതിനെതിരെയുള്ള കേസില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ തീയതി മാറ്റിവയ്ക്കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇതിനിടെയാണ് കെ.എം ജോസഫ് അധ്യക്ഷനായ ബെഞ്ചിന്റെ പരാമര്‍ശം. നിങ്ങള്‍ എന്തിനാണ് ശ്രമിക്കുന്നതെന്ന് വ്യക്തമാണെന്ന് ജസ്റ്റിസ് കെ.എം ജോസഫ് പറഞ്ഞു. താന്‍ ജൂണ്‍ പതിനാറിന് വിരമിക്കും. മേയ് 19 ആണ് തന്റെ അവസാന പ്രവൃത്തി ദിനം. ഈ ബെഞ്ച് കേസ് കേള്‍ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാണ്. നിങ്ങള്‍ കോടതിയുടെ ഉദ്യോഗസ്ഥനാണെന്ന് മറക്കരുതെന്നും കേസ് ജയിച്ചാലും തോറ്റാലും നിങ്ങളുടെ കടമ മറക്കരുതെന്നും അഭിഭാഷകനോടായി ജസ്റ്റിസ് കെ.എം ജോസഫ് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here