ഗവർണർക്ക് സുപ്രീം കോടതി നോട്ടീസ് അയച്ച സംഭവം നിർണായക ഇടപെടലെന്ന് മന്ത്രി പി രാജീവ്. വിഷയം ഭരണഘടനാപരമായി പരിശോധിക്കേണ്ടതാണെന്ന് കോടതിക്ക് തോന്നിയിരിക്കുന്നു. കോടതിയുടേത് അനിവാര്യമായ ഇടപെടലാണ്. സുവ്യക്തമായ നിർദേശം പ്രതീക്ഷിക്കുന്നു. ഗവർണർ ബില്ലുകൾ പിടിച്ചു വച്ചപ്പോഴാണ് കോടതിയെ സമീപിച്ചത്. സംസ്ഥാനത്തിന് പൂർണ അധികാരമുള്ളതിനാലാണ് നിയമം നിർമിച്ചത്. സുപ്രീം കോടതിയുടെ ഈ ഇടപെടൽ സമാനമായി കേരളം നൽകിയ ഹർജികൾക്കും ഊർജം പകരും. യൂണിവേഴ്സിറ്റി കേസുകളിലും ഇത് വെളിച്ചം പകരുമെന്നും അദ്ദേഹം പറഞ്ഞു.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പാർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നടപടി. കേന്ദ്ര സർക്കാരിനും ഗവർണറുടെ അഡീഷണൽ ചീഫ് സെക്രട്ടറിക്കുമാണ് കോടതി നോട്ടീസയച്ചത്. പശ്ചിമ ബംഗാൾ ഗവർണർക്കും സുപ്രീം കോടതി നോട്ടീസയച്ചിട്ടുുണ്ട്. ഗവർണർമാർ എപ്പോൾ ബില്ലുകൾ തിരിച്ചയക്കണമെന്നും രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടണമെന്നുമുള്ള കാര്യത്തിൽ കോടതി മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്ന് കേരളത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ കെവേണുഗോപാൽ ആവശ്യപ്പെട്ടു.
നാല് ബില്ലുകളിൽ തീരുമാനം എടുക്കാതെ രാഷ്ട്രപതി പിടിച്ചുവെച്ചതിനെ റിട്ട് ഹർജിയിൽ കേരളം ചോദ്യംചെയ്തിരുന്നു. കേന്ദ്ര- സംസ്ഥാന ബന്ധത്തെ ബാധിക്കുന്ന ബില്ലുകളല്ലാത്തതിനാൽ രാഷ്ട്രപതിക്ക് വിടേണ്ടതില്ലെന്നും കേരളം ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഹർജി അടുത്ത മാസം 9 ന് സുപ്രീം കോടതി പരിഗണിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here