ബഫര്‍ സോണ്‍ ഉത്തരവില്‍ ഭേദഗതി തേടി കേന്ദ്രസര്‍ക്കാരും ഇളവ് തേടി സംസ്ഥാന സര്‍ക്കാരും നല്‍കിയ അപേക്ഷകളില്‍ സുപ്രീംകോടതിയില്‍ ഇന്നും വാദം തുടരും. കേസില്‍ കേരളത്തിന്റെ വാദം ഇന്ന് കോടതി കേള്‍ക്കും. പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ച് അന്തിമ വിജ്ഞാപനവും കരട് വിജ്ഞാപനവും ഇറക്കിയ മേഖലകളെയും, വിജ്ഞാപനത്തിനായി പരിഗണിക്കുന്ന മേഖലകളെയും വിധിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്നതാണ് കേരളത്തിന്റെ ആവശ്യം.
മുന്‍ ഉത്തരവില്‍ ഭേദഗതി വരുത്തുമെന്ന സൂചന, വാദത്തിനിടെ കഴിഞ്ഞ ദിവസം കോടതി നല്‍കിയിരുന്നു. ബഫര്‍ സോണ്‍ മേഖലയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി വിലക്കുന്നത് പ്രായോഗികമല്ലെന്നും ജസ്റ്റിസ് ബി.ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചിരുന്നു.
ബഫര്‍ സോണ്‍ വിഷയത്തില്‍ നിര്‍മാണങ്ങള്‍ക്കുള്ള സമ്പൂര്‍ണ വിലക്ക് പ്രായോഗികമല്ലെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ബഫര്‍ സോണില്‍ ഭേദഗതി ആവശ്യപ്പെട്ട് കേന്ദ്രവും ഇളവുകള്‍ തേടി കേരളവും നല്‍കിയ അപേക്ഷകള്‍ പരിഗണിക്കുന്നതിനിടയിലായിരുന്നു ജസ്റ്റിസ് ഗവായിയുടെ നിരീക്ഷണം.
കോടതി നിയോഗിച്ച അമിക്കസ് ക്യൂറി, സമ്പൂര്‍ണവിലക്ക് പ്രതിസന്ധികള്‍ക്ക് കാരണമായിട്ടുണ്ടെന്ന നിര്‍ദ്ദേശം മുന്നോട്ടുവെച്ചു. ഇത് അംഗീകരിച്ച കോടതി നിര്‍ദ്ദേശത്തോട് യോജിക്കുകയും സമ്പൂര്‍ണ്ണ വിലക്ക് പ്രായോഗികമല്ലെന്ന് നിരീക്ഷിക്കുകയും ചെയ്തു. എന്നാല്‍ നിരോധിക്കേണ്ടവ നിരോധിക്കണമെന്നും നിയന്ത്രിക്കേണ്ടവ നിയന്ത്രിക്കണമെന്നും കോടതി അഭിപ്രയപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here