ഗവര്‍ണര്‍മാര്‍ ഏറ്റവും സൂക്ഷ്മതയോടെ അവരുടെ അധികാരം വിനിയോഗിക്കണമെന്ന് സുപ്രീംകോടതി

ഉദ്ദവ് താക്കറെ സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും പുറത്താക്കിയ വിശ്വാസ വോട്ടെടുപ്പില്‍ ശ്രദ്ധേയമായ നിരീക്ഷണങ്ങളുമായി സുപ്രീംകോടതി. ഗവര്‍ണര്‍ ജാഗ്രതയോടെ അധികാരം വിനിയോഗിക്കണമെന്നും വിശ്വാസവോട്ടെടുപ്പിന് അനുമതി നല്‍കുന്നത് സര്‍ക്കാരിനെ താഴെയിറക്കുമെന്നതില്‍ ബോധവാനായിരിക്കണമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ശിവസേനയിലെ ഇരുവിഭാഗവും തമ്മിലുള്ള കേസ് പരിഗണിക്കുമ്പോഴായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം.

ഉദ്ദവ് താക്കറെ സര്‍ക്കാര്‍ അധികാരത്തില്‍ നിന്നും പുറത്താവാനിടയായ വിശ്വാസവോട്ടെടുപ്പില്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയുടെ ഇടപെടലിനെക്കുറിച്ചായിരുന്നു സുപ്രീം കോടതിയുടെ പ്രാധാന്യമുള്ള നിരീക്ഷണം. ഒരു ഗവണ്‍മെന്റിന്റെ പതനത്തിന് കാരണമായേക്കാവുന്ന ഒരു മേഖലയിലും ഗവര്‍ണര്‍ ഇടപെടരുതെന്നും ഗവര്‍ണര്‍മാര്‍ ഏറ്റവും സൂക്ഷ്മതയോടെ അവരുടെ അധികാരം വിനിയോഗിക്കണമെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. മൂന്നു കക്ഷികള്‍ ചേര്‍ന്ന സഖ്യത്തില്‍ ഭിന്നാഭിപ്രായം ഉണ്ടായത് ഒന്നില്‍ മാത്രമാണെന്ന് വസ്തുത ഗവര്‍ണര്‍ പരിഗണിക്കേണ്ടിയിരുന്നതെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാണിച്ചു.

വിശ്വാസവോട്ടെടുപ്പില്‍ കൂറുമാറിയ ഷിന്‍ഡെ വിഭാഗത്തിലെ 15 എംഎല്‍മാരെ അയോഗ്യരാക്കിയിരുന്നു എന്നാണ് ഉദ്ദവ് വിഭാഗം സുപ്രീംകോടതിയില്‍ വാദിക്കുന്നത്. ഉദ്ദവ് താക്കറെ സര്‍ക്കാര്‍ അധികാരത്തില്‍ നിന്നും പുറത്തായതിന് ശേഷം ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ ബിജെപി പിന്തുണയോടെ രൂപീകരിച്ച സര്‍ക്കാരിന്റെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്ന ഹര്‍ജികളിലാണ് സുപ്രീം കോടതി വാദം കേള്‍ക്കുന്നത്. വിശദമായ വാദമാണ് കേസില്‍ സുപ്രീംകോടതിയില്‍ നടന്നത്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

നേരത്തെ ഇരുവിഭാഗവും തമ്മിലുള്ള തര്‍ക്കത്തില്‍ ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തെ യഥാര്‍ത്ഥ ശിവസേനയായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചിരുന്നു. ശിവസേനയുടെ തെരഞ്ഞെടുപ്പ് ചിഹ്നവും ഷിന്‍ഡെ വിഭാഗത്തിന് അനുവദിച്ച് നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News