ബലാത്സംഗ കേസില്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും

Siddique

ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനം എടുക്കുന്നതിനു മുന്‍പ് തങ്ങളുടെ ഭാഗം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിതയും സംസ്ഥാന സര്‍ക്കാരും തടസ്സ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. സിദ്ദിഖിനെതിരായ കേസില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്നും അതീവ ജാഗ്രത കാണിച്ചിട്ടുണ്ടെന്നും സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി പ്രതികരിച്ചു.

ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. 62മത്തെ കേസായാണ് ഹര്‍ജി ലിസ്റ്റ് ചെയ്തിരിക്കുന്നത്. സിദ്ദിഖിനായി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി ആയിരിക്കും ഹാജരാകുക. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനം എടുക്കുന്നതിനു മുന്‍പ് തങ്ങളുടെ ഭാഗം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് തടസ്സഹര്‍ജികള്‍ സുപ്രീംകോടതിയിലുണ്ട്.

ALSO READ : ‘യൂട്യൂബ് ചാനൽ വഴി നടി അപകീർത്തിപ്പെടുത്തി’ ; ബാലചന്ദ്രമേനോന്റെ പരാതിയിൽ യൂട്യൂബ് ചാനലുകൾക്കെതിരെ കേസെടുത്ത് സൈബർ പൊലീസ്

സംസ്ഥാന സര്‍ക്കാരും അതിജീവിതയും പൊതുപ്രവര്‍ത്തകനായ നവാസ് പായിച്ചിറയുമാണ് സുപ്രീംകോടതിയില്‍ തടസ്സ ഹര്‍ജി സമര്‍പ്പിച്ചത്. സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. മുന്‍ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാറായിരിക്കും സര്‍ക്കാരിന് വേണ്ടി ഹാജരാകുക. അതോടൊപ്പം ചില സീനിയര്‍ വനിതാ അഭിഭാഷകരെയും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്നാണ് വിവരം. അതേസമയം സിദ്ദിഖിനെതിരായ അന്വേഷണത്തില്‍ പൊലീസ് അതീവ ജാഗ്രത കാണിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിക്കപ്പെട്ടതെന്നും സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി ദില്ലിയില്‍ പ്രതികരിച്ചു.

പീഡന പരാതിയുടെ കാലതാമസം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി മുന്‍കൂര്‍ ജാമ്യത്തിന് അവകാശമുണ്ടെന്നാണ് സിദ്ദിഖിന്റെ വാദം. തനിക്ക് ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്നും അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നും അടക്കമുള്ള കാര്യങ്ങളും ചൂണ്ടിക്കാട്ടും. അറസ്റ്റ് ഭയന്ന് ഒളിവില്‍ കഴിയുന്ന സിദ്ദിഖിന് സുപ്രീംകോടതിയിലെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഏറെ നിര്‍ണായകമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News