രാജ്യത്തെ മദ്രസകള്‍ അടച്ച് പൂട്ടാനുളള മോദി സര്‍ക്കാരിന്റെ നീക്കത്തിന് തിരിച്ചടി. മദ്രസകള്‍ക്ക് സഹായം നല്‍കരുതെന്ന ദേശീയ ബാലാവകാശ കമ്മിഷന്റെ ശുപാര്‍ശ സുപ്രീംകോടതി സ്റ്റേ ചെയ്തു. ഉത്തര്‍പ്രദേശ്, ത്രിപുര സര്‍ക്കാരുകള്‍ മദ്രസകള്‍ക്കെതിരെ ആരംഭിച്ച നടപടികളും സ്റ്റേ ചെയ്തതായി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിറക്കി.
മദ്രസകളിലെ വിദ്യാഭ്യാസ രീതി കുട്ടികളുടെ ഭരണഘടനാ അവകാശങ്ങള്‍ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ദേശീയ ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പ്രിയങ്ക് കനൂന്‍ഗോ സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചത്. മദ്രസകള്‍ക്ക് സംസ്ഥാന സര്‍ക്കാരുകള്‍ ധനസഹായം നല്‍കരുതെന്നും അടച്ചുപൂട്ടണമെന്നുമായിരുന്നു വിവാദ നിര്‍ദേശം. ഈ ശുപാര്‍ശയാണ് സുപ്രീംകോടതി സ്‌റ്റേ ചെയ്തത്. എന്‍സിപിസിആര്‍ കത്തില്‍ നടപടിയെടുക്കേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
എന്‍സിപിസിആറിന്റെ ശുപാര്‍ശയ്ക്ക് പിന്നാലെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ത്വരിത ഗതിയില്‍ മദ്രകള്‍ക്കെതിരെ നടപടിയുമായി നീങ്ങിയിരുന്നു. ഉത്തര്‍പ്രദേശ്, ത്രിപുര സര്‍ക്കാരുകള്‍ മദ്രസക്കെതിരെ ആരംഭിച്ച നടപടികളും സുപ്രീംകോടതി സ്റ്റേ ചെയ്തു.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 30 അനുസരിച്ച് വിദ്യാഭ്യാസം നല്‍കാനുള്ള മതന്യൂനപക്ഷങ്ങളുടെ അവകാശത്തിന്റെ ലംഘനമാണ് കേന്ദ്രസര്‍ക്കാര്‍ നടപടിയെന്ന് ചൂണ്ടിക്കാട്ടി ഇസ്ലാമിക പുരോഹിതരുടെ സംഘടനയായ ജാമിയത്ത് ഉലമ-ഐ-ഹിന്ദ് ആണ് റിട്ട് ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസും അയച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here