നയതന്ത്രചാനല്‍ വഴിയുളള സ്വര്‍ണക്കടത്ത് കേസില്‍ വിചാരണ കര്‍ണാടകയിലേക്ക് മാറ്റണമെന്ന ഹര്‍ജിയില്‍ ഇഡിക്ക് വീണ്ടും സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. കേസില്‍ വാദത്തിന് താത്പര്യമില്ലെയെന്ന് ഹൃഷികേശ് റോയ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. നിരന്തരമായി വാദം നീട്ടിവയ്ക്കാന്‍ ഇഡി ആവശ്യപ്പെട്ട സാഹചര്യത്തിലായിരുന്നു വിമര്‍ശനം.
തിരുവനന്തപുരം വിമാനത്താവളത്തില്‍ നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസിലെ വിചാരണ എറണാകുളം പിഎംഎല്‍എ കോടതിയില്‍ നിന്ന് കര്‍ണാടകയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഇഡി നല്കിയ ഹര്‍ജിയിലാണ് വിമര്‍ശനം. കേരളത്തില്‍ വിചാരണ നടന്നാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്നും സംസ്ഥാന സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥര്‍ സംരക്ഷിക്കപ്പെടുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഇഡിയുടെ നീക്കം. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന്റെയും എം ശിവശങ്കറിന്റെയും ഇഡിയുടെയും സത്യവാങ്മൂലങ്ങളും വാദങ്ങളും പൂര്‍ത്തിയായി കഴിഞ്ഞു.
അന്തിമവാദത്തിലേക്ക് കടന്ന കേസില്‍ നിരന്തരമായി ഇഡിക്ക് വേണ്ടി അഭിഭാഷകന് സുപ്രീംകോടതിയില്‍ ഹാജരായിരുന്നില്ല. അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജുവിന്റെ അസൗകര്യം കണക്കിലെടുത്ത് വാദം മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് ഇന്നും ഇഡി സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വ കപില്‍ സിബല്‍ ഇതിനെ ശക്തമായി എതിര്‍ത്തു. കഴിഞ്ഞ അഞ്ച് തവണയും ഇഡി ഇതേ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വാദം മാറ്റി വയ്പ്പിച്ചതെന്ന് കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. ഇതോടെയാണ് ഇഡിക്ക് വാദത്തിന് താത്പര്യമില്ലേയെന്ന് കോടതി ചോദിച്ചത്. പിന്നീട് ആറാഴ്ചയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റി.
ALSO READ: ‘ഇനി ലക്ഷ്യം മഥുരയിലെ കൃഷ്ണ ക്ഷേത്രം സമയം ആഗതമായി’; വർഗീയ വിഷം തുപ്പി യോഗി ആദിത്യനാഥ്
സ്വര്‍ണ്ണക്കടത്ത് കേസ് സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരാക്കി മാറ്റാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന ആരോപണം ശക്തമായിരിക്കെയാണ് സുപ്രീംകോടതിയുടെ വിമര്‍ശനം. കര്‍ണാടകയില്‍ ബിജെപി ഭരണത്തിലുളളപ്പോഴായിരുന്നു ഇഡി വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്ന ആവശ്യം ഉന്നയിച്ചത്. ഹര്‍ജി കേരളത്തെ അപമാനിക്കാനാണെന്ന ആരോപണം സത്യവാങ്മൂലത്തിലൂടെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അന്തിമവാദത്തിലേക്ക് നീങ്ങിയ കേസില്‍ ഇഡിയുടെ താത്പര്യമില്ലായ്മ രാഷ്ട്രീയ ലക്ഷ്യത്തോടെയായിരുന്നു ഹര്‍ജിയെന്ന ആരോപണം ശരിവയ്ക്കുകയാണ്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here