മഹാരാഷ്ട്രയിൽ സഖ്യ കക്ഷികൾ തമ്മിലുള്ള സീറ്റ് തർക്കങ്ങൾക്കിടയിൽ എൻസിപിയെ കോൺഗ്രസിന് തുല്യമാക്കിയാണ് എൻസിപി സ്ഥാപക നേതാവ് ശരദ് പവാർ നേട്ടമുണ്ടാക്കിയത്. തുല്യ വിഹിതം ഫോർമുലയിലൂടെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിക്ക് 85 സീറ്റുകൾ നേടിക്കൊടുത്തു. ഇതോടെ മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ മഹാ വികാസ് അഘാഡി വിജയിച്ചാൽ മുഖ്യമന്ത്രി പദം സ്വന്തമാക്കാനുള്ള അവസരം കൂടിയാണ് രാഷ്ട്രീയ ചാണക്യൻ തുറന്നിട്ടിരിക്കുന്നത്. വിമത നീക്കത്തിലൂടെ വഞ്ചിച്ച അജിത് പവാറിനുള്ള ചുട്ട മറുപടി കൂടിയാകും ഈ നീക്കം.
ബിജെപിയിൽ നിന്നും അജിത് പവാർ പക്ഷത്ത് നിന്നും കൂടുതൽ നേതാക്കൾ കഴിഞ്ഞ ദിവസങ്ങളിൽ പവാർ പക്ഷത്തേക്ക് ചേക്കേറിയതും ഈ മുൻവിധികൾ മനസ്സിൽ കണ്ടു കൊണ്ടാണെന്ന് വേണം പറയാൻ.പ്രതിപക്ഷമായ മഹാ വികാസ് അഘാഡി (എംവിഎ) യിലെ സീറ്റ് വിഭജനം സ്തംഭനാവസ്ഥയിലേക്ക് നീങ്ങിയപ്പോഴാണ് 288 സീറ്റുകൾ തുല്യമായി വിഭജിക്കുന്ന നിർദ്ദേശവുമായി പവാർ രംഗത്തെത്തിയത്.
സഖ്യകക്ഷികളായ കോൺഗ്രസും ഉദ്ധവ് താക്കറെയുടെ ശിവസേനയും തമ്മിലുള്ള തർക്കം തുടരുന്ന സാഹചര്യത്തിലാണ് സമവായത്തിനായി സഖ്യ കക്ഷികൾ ശരദ് പവാറിനെ സമീപിച്ചത്. അങ്ങിനെയാണ് 85 സീറ്റുകൾ തുല്യമായി വീതിച്ച് പുതിയൊരു ഫോർമുല മുന്നോട്ട് വച്ചത്. 10 സീറ്റുകൾ സഖ്യകക്ഷികൾക്കും വിട്ടുകൊടുക്കാൻ തീരുമാനമായി.
മഹാരാഷ്ട്ര നിയമസഭയിൽ 288 സീറ്റുകളാണുള്ളത്. ബാക്കിയുള്ള 23 സീറ്റുകളുടെ കാര്യത്തിലാണ് തീരുമാനം വൈകുന്നത്.
ഇതോടെ എൻസിപിയെ കോൺഗ്രസിന് തുല്യനിലയിൽ എത്തിച്ചിരിക്കുകയാണ് ശരദ് പവാർ. എൻ സി പിയെ ഒരു പ്രാദേശിക പാർട്ടിയായി പരിഗണിച്ചിരുന്ന കോൺഗ്രസ്സിനോടുള്ള മധുര പ്രതികാരം കൂടിയാണ് ഈ നീക്കം. ലോകസഭാ തിരഞ്ഞെടുപ്പിൽ ഉദ്ധവ് താക്കറെ താര പ്രചാരകൻ ആയിരുന്നിട്ടും നേട്ടം കൊയ്തത് എൻ സി പി ശരദ് പവാർ പക്ഷമായിരുന്നു. ഇക്കുറി അനാരോഗ്യം മൂലം താക്കറെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്നും വിട്ടു നിൽക്കുകയാണ്.
ALSO READ; മഹാരാഷ്ട്ര, ജാർഖണ്ഡ് തെരഞ്ഞെടുപ്പ്: നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും
പിളർപ്പിന് ശേഷമുള്ള എൻസിപി-ശിവസേന വിഭാഗങ്ങൾക്ക് 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ആദ്യ പരീക്ഷണമായിരുന്നു. ഏകനാഥ് ഷിൻഡെ ശിവസേന ഉദ്ധവിൻ്റെ വിഭാഗത്തേക്കാൾ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോഴും, ശരദ് പവാറിൻ്റെ എൻസിപി മത്സരിച്ച 10 സീറ്റുകളിൽ 8 എണ്ണവും നേടി മികച്ച പ്രകടനവുമായി തിളങ്ങി. ഇതോടെയാണ് മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ 80% സ്‌ട്രൈക്ക് റേറ്റുമായി ശരദ് പവാർ ഇതര പാർട്ടികളെ പുറന്തള്ളി മൂല്യം വർധിപ്പിച്ചത്. നിലവിലെ കണക്കുകൂട്ടലുകൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചാൽ സുപ്രിയ സുലെ അടുത്ത മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here