രാഹുലിന് ചെറിയ ശിക്ഷ നല്‍കിയാല്‍ തെറ്റായ സന്ദേശം നല്‍കുമെന്ന് സൂറത്ത് കോടതി

ഗുജറാത്ത് മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് കുറഞ്ഞ ശിക്ഷ നല്‍കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് സൂറത്തിലെ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി. മോദി സമുദായത്തിനെതിരെ അവഹേളിക്കുന്ന പരാമര്‍ശം നടത്തിയെന്ന കേസില്‍ രാഹുല്‍ ഗാന്ധിയെ രണ്ടുവര്‍ഷം തടവ് ശിക്ഷക്ക് വിധിച്ച വിധി പകര്‍പ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

വീണ്ടുവിചാരമില്ലാത്ത പ്രസ്താവനകള്‍ നടത്തരുതെന്ന് 2019ല്‍ റഫാല്‍ കേസില്‍ രാഹുല്‍ ഗാന്ധിക്ക് സുപ്രീം കോടതി താക്കിത് നല്‍കിയിരുന്നു. ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ ജാഗ്രത ഉണ്ടാകണമെന്ന സുപ്രീം കോടതി നല്‍കിയ മുന്നറിയിപ്പ് രാഹുല്‍ ഗാന്ധി അവഗണിച്ചുവെന്നും 168 പേജുള്ള വിധി പകര്‍പ്പില്‍ പറയുന്നു.

സുപ്രീംകോടതി വിധിയുടെ ഭാഗങ്ങളും ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എച്ച്.എച്ച്. വര്‍മ്മ വിധിന്യായത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എംപി സ്ഥാനത്തിരിക്കാന്‍ കൂടുതല്‍ സത്യസന്ധത ആവശ്യമാണ്. അതിനാല്‍ രാഹുല്‍ ഗാന്ധിക്ക് ചെറിയ ശിക്ഷ മതിയാവില്ല എന്നും വിധിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. കുറഞ്ഞ ശിക്ഷ മാനനഷ്ടത്തിന് പരിഹാരമല്ലെന്നും കോടതി വിധിയില്‍ പറയുന്നു.

ബിജെപി എംഎല്‍എയും ഗുജറാത്ത് മുന്‍ മന്ത്രിയുമായ പൂര്‍ണേഷ് മോദി നല്‍കിയ പരാതിയിലാണ് സൂറത്ത് കോടതി രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകുന്നതിനായി വിധി നടപ്പാക്കാന്‍ 30 ദിവസത്തെ സാവകാശം നല്‍കിയ കോടതി രാഹുലിന് ജാമ്യം അനുവദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News