കൊല്‍ക്കത്തയിലെ സത്യജിത് റേ ഫിലിം & ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ (എസ്ആര്‍എഫ്ടിഐ) ലൈംഗിക പീഡന പരാതിയിൽ തുടർനടപടിയെടുക്കാതെ ചെയര്‍പേഴ്സണും നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി. ഇന്റേണല്‍ കമ്മിറ്റിയുടെ ശുപാര്‍ശകളിൽ മാസങ്ങൾ കഴിഞ്ഞിട്ടും സുരേഷ് ഗോപി തുടർനടപടികൾ കൈക്കൊള്ളുന്നില്ലെന്നാണ് പരാതി. കൊല്‍ക്കത്തയിലെ ക്യാമ്പസുകളിലെ അതിജീവിതകളുടെ കൂട്ടായ്മയായ വിമന്‍ എഗൈന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്റ് (WASH) സോഷ്യൽ മീഡിയയിലാണ് ഇക്കാര്യം പങ്കുവെച്ചത്.
ഇന്റേണല്‍ കമ്മിറ്റിയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് രണ്ടര മാസത്തിനു ശേഷവും അതിൽ അടയിരിക്കുകയാണ് ചെയർപേഴ്സൺ സുരേഷ് ഗോപി. ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രബല ഉദ്യോഗസ്ഥനാണ് ലൈംഗിക പീഡന പരാതിയിലെ ആരോപണവിധേയൻ. നടപടിയെടുക്കുന്നതില്‍ സ്ഥാപനം കാലതാമസം വരുത്തുന്നതിനെതിരെ മുന്‍ വിദ്യാര്‍ഥിനിയും അസിസ്റ്റന്റ് പ്രൊഫസറുമായ പരാതിക്കാരിയാണ് കൂട്ടായ്മയെ സമീപിച്ചത്. ജോലിസ്ഥലത്ത് സ്ത്രീകള്‍ക്കെതിരായ ലൈംഗിക പീഡനം (തടയല്‍, നിരോധനം, പരിഹാരം) നിയമം അനുസരിച്ച്, പരാതി ലഭിച്ച് 90 ദിവസത്തിനുള്ളില്‍ ആഭ്യന്തര കമ്മിറ്റി അന്വേഷണം പൂര്‍ത്തിയാക്കണം.
Read Also: ഷാരോണ്‍ വധക്കേസ്; കൊലയാളി ഗ്രീഷ്മയ്ക്ക് തൂക്കുകയര്‍
ശാരീരിക ആക്രമണം, ലൈംഗിക പീഡനം, ജാതീയ പരാമര്‍ശങ്ങള്‍, ക്രിമിനല്‍ ഭീഷണി, ബ്ലാക്ക് മെയിലിങ്, ഭീഷണികള്‍, അധിക്ഷേപകരമായ ഭാഷ, അസഭ്യ പരാമര്‍ശങ്ങള്‍ എന്നിവ പരാതിയിൽ ഉള്‍പ്പെടുന്നു. മെയ് 9നാണ് അതിജീവിത പരാതി നല്‍കിയത്. മാസങ്ങള്‍ നീണ്ട അന്വേഷണത്തിന് ശേഷം ഒക്ടോബര്‍ 30ന് ആഭ്യന്തര കമ്മിറ്റി പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ചെയര്‍പേഴ്സണ്‍ സുരേഷ് ഗോപി നയിക്കുന്ന ഗവേണിംഗ് കൗണ്‍സിലിന് മുമ്പാകെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. രണ്ടാം ഘട്ട അന്വേഷണം ആരംഭിക്കുന്നതിന് ഗവേണിംഗ് കൗണ്‍സിലിൻ്റെ അനുമതി ആവശ്യമാണ്. മാത്രമല്ല, അന്വേഷണം തുടരുന്നതിന്, സമിതി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ചെയർ പേഴ്സൺ സുരേഷ് ഗോപി ഒപ്പിടണം. ഇങ്ങനെ ഒപ്പിടാതെ റിപ്പോർട്ടിൽ അടയിരിക്കുകയാണ് തൃശൂരിൽ നിന്നുള്ള ബിജെപി എംപി കൂടിയായ സുരേഷ് ഗോപി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here