സിനിമയില്‍ ചില താരങ്ങള്‍ അന്യായമായ പ്രതിഫലം ചോദിക്കുന്നുവെന്നും ഇനിമുതല്‍ അമിത പ്രതിഫലം വാങ്ങുന്നവര്‍ ഇനി വീട്ടിലിരിക്കട്ടെയെന്നും നിര്‍മാതാവ് സുരേഷ് കുമാര്‍. ചില താരങ്ങള്‍, വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന രീതിയിലാണ് പ്രതിഫലം ചോദിക്കുന്നത്.
ഇത്ര ബജറ്റില്‍ കൂടുതല്‍ ചോദിക്കുന്നവര്‍ വേണ്ട എന്ന തന്നെയാണ് തീരുമാനമെന്നും ന്യായമായ പ്രതിഫലം വാങ്ങിക്കാമെന്നും ഒരു പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങില്‍ സംസാരിക്കുന്നതിനിടയില്‍ അദ്ദേഹം പറഞ്ഞു.
സുരേഷ് കുമാറിന്റെ വാക്കുകള്‍.
സിനിമയുടെ ചെലവ് വല്ലാതെ കൂടിപ്പോകുന്നു. ചില താരങ്ങള്‍, വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന രീതിയിലാണ് പ്രതിഫലം ചോദിക്കുന്നത്. അതൊന്നും കൊടുക്കാന്‍ പറ്റുന്ന അവസ്ഥയിലല്ല മലയാള സിനിമ. ഇനി അത്തരക്കാരെ ഒഴിവാക്കിയായിരിക്കും മലയാള സിനിമ എടുക്കുന്നത്. ഇത്ര ബജറ്റില്‍ കൂടുതല്‍ ചോദിക്കുന്നവര്‍ വേണ്ട എന്ന തന്നെയാണ് തീരുമാനം. ന്യായമായ പ്രതിഫലം വാങ്ങിക്കാം. തിയേറ്ററിലെ വരുമാനം കൊടുക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. എന്നാല്‍ തിയേറ്ററില്‍ ആളില്ല. ഒരു ഷോ നടത്താന്‍ പതിനഞ്ച് പേരേ നോക്കിനില്‍ക്കുന്ന അവസ്ഥയാണ്. അത് എല്ലാവരും മനസ്സിലാക്കണം. നിര്‍മാതാവ് മരം കുലുക്കിയോ നോട്ടടിച്ചോ അല്ല പണം കൊണ്ടുവരുന്നത്. അതും കൂടി മനസ്സിലാക്കണം. ഒരു നടനും സിനിമയില്‍ ഒഴിച്ചുകൂടാത്തവല്ല. ഉള്ളടക്കമാണ് പ്രധാനം. അത് നല്ലതാണെങ്കില്‍ സിനിമ ഓടും. അമിത പ്രതിഫലം വാങ്ങുന്നവര്‍ ഇനി വീട്ടിലിരിക്കട്ടെ. അതൊരു മുന്നറിയിപ്പാണ്.നിര്‍മാതാവിന്റെ കൂടെ നില്‍ക്കുന്ന സംവിധായകനും അഭിനേതാവും മാത്രം മതി- സുരേഷ് കുമാര്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here