നടക്കുമ്പോഴും ഇരിക്കുമ്പോഴും ഭരത്ചന്ദ്രനിലെ മാസ്സ് ബീജിയവും സങ്കല്‍പ്പിച്ച് സുരേഷ്‌ഗോപിയിങ്ങനെ പോകുവാ… ഏതുവരെ പോകുമോ എന്തോ???

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നാടാകെ ചര്‍ച്ച ചെയ്യുമ്പോള്‍, ലൈംഗിക ആരോപണങ്ങളില്‍പ്പെട്ട് സിനിമാ മേഖലയാകെ വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ ഉള്ളിലിനിയും അഴിച്ചുവെക്കാത്ത ഭരത്ചന്ദ്രന്‍ കുപ്പായവും ഇട്ട് കാണുന്നവരോടെല്ലാം തട്ടിക്കയറിയും അരിശം പൂണ്ടും നടക്കുകയാണ് നമ്മുടെ കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. ‘അരിയെത്ര എന്ന് ചോദിക്കുമ്പോള്‍ പയറഞ്ഞാഴി’ എന്നതാണ് ഏതാനും ദിവസങ്ങളായുള്ള ആക്ഷന്‍ സ്റ്റാറിന്റെ മൊഴി. സിനിമാ രംഗത്തെ പുഴുക്കുത്തുകളെല്ലാം ഇന്നാട്ടിലെ മാധ്യമങ്ങളും ജനങ്ങളും ചേര്‍ന്ന് ചിത്രീകരിച്ചതാണെന്ന മട്ടില്‍ നടക്കുന്ന കേന്ദ്രമന്ത്രിയ്ക്ക് പലപ്പോഴും എവിടെ, എന്താണ്, എങ്ങനെയാണ് പറയേണ്ടതെന്നു പോലും നിശ്ചയമില്ലാത്ത മട്ടില്‍ കാര്യങ്ങള്‍ കുഴഞ്ഞു പോകുന്നുണ്ടെങ്കില്‍ എന്താവാം കാരണം?

ALSO READ: മോഹന്‍ലാല്‍ ഉള്‍പ്പടെ രാജിവച്ചു; A.M.M.Aയില്‍ പൊട്ടിത്തെറി

ആരോപണങ്ങള്‍ വന്ന്, വന്ന് അവസാനം തന്റെ പേരും അതില്‍ വന്നേക്കുമോ എന്നുള്ള ആധിയായിരിക്കുമോ? ഏയ് അതായിരിക്കില്ല.. മന്ത്രിപ്പണി നേരാംവണ്ണം എടുക്കാന്‍ വയ്യാതെ എനിയ്ക്ക് സിനിമ മതി, സിനിമയില്ലെങ്കില്‍ തനിക്ക് ശ്വാസം മുട്ടുമെന്ന് ഇലക്ഷന്‍ കഴിഞ്ഞതിനു ശേഷം മാത്രം തിരിച്ചറിഞ്ഞ സുരേഷ് ജീയ്ക്ക് വല്ല വിധേനയും മന്ത്രി സ്ഥാനം രാജിവെച്ച് സിനിമയിലേക്ക് മടങ്ങാമെന്ന് വിചാരിച്ചിരിക്കുമ്പോള്‍ ഒരു ചീട്ടുകൊട്ടാരം കണക്ക് കണ്‍മുന്നില്‍ തങ്ങളുടെ സിനിമാ വ്യവസായം തകര്‍ന്നു തുടങ്ങുന്നത് കണ്ടുള്ള ഒരുതരം മനോവിഭ്രാന്തിയായിരിക്കാം ഈ പ്രതികരണത്തിനു പിന്നില്‍. കേന്ദ്ര മന്ത്രിയെന്ന പദവി വഹിക്കുന്ന ഒരാളില്‍ നിന്നും നാളിതുവരെ കണ്ട് ശീലിക്കാത്ത ശരീര ഭാഷയും പ്രകടനങ്ങളുമാണ് സുരേഷ്‌ഗോപിയുടെ ഈ ദിവസങ്ങളിലുള്ള പ്രതികരണങ്ങളിലുട നീളം. തൃശ്ശൂര്‍ രാമനിലയത്തിലെ സന്ദര്‍ശനത്തിനു ശേഷം സുരേഷ്‌ഗോപി നടത്തിയ പ്രതികരണങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇക്കാര്യം മനസ്സിലാകും. ‘താന്‍ എവിടെ നിന്നു വരുന്നോ അവിടവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ മാത്രം തന്നോട് ചോദിക്കുക, വീട്ടില്‍ നിന്നു വരുമ്പോള്‍ വീട്ടിലെ കാര്യങ്ങള്‍ ചോദിക്കുക, താന്‍ എഎംഎംഎയുടെ മീറ്റിങില്‍ പങ്കെടുത്ത് വരുമ്പോള്‍ അവിടുത്തെ കാര്യം ചോദിക്കുക’. ഹൊ, എന്തൊരു നിലപാട്.. തീര്‍ന്നില്ല, സിനിമാ വ്യവസായത്തെയാകെ മുള്‍മുനയില്‍ നിര്‍ത്തും വിധത്തില്‍ ലൈംഗികാരോപണങ്ങള്‍ സിനിമയിലെ തന്നെ സഹപ്രവര്‍ത്തകര്‍ അവിടുത്തെ താരങ്ങളെക്കുറിച്ച് പറയുമ്പോള്‍ സുരേഷ്‌ഗോപി എന്ന കേന്ദ്രമന്ത്രിയ്ക്ക് അതില്‍ കണ്ടെത്താനാവുന്നത് വാര്‍ത്ത പുറത്തുകൊണ്ടുവരുന്നതില്‍ മാധ്യമങ്ങള്‍ കാണിക്കുന്ന വ്യഗ്രത മാത്രമാണ്.

ALSO READ: ‘വിമർശിച്ചതിനും തിരുത്തിയതിനും നന്ദി’; മോഹൻലാലിന്‍റെ കത്ത്

ആടിനെ തമ്മില്‍ തല്ലിച്ച് ചോര കുടിക്കുന്നവരാണ് നിങ്ങളെന്ന കണ്ടെത്തല്‍ സത്യത്തില്‍ ഇനിയും നിങ്ങളീ വിഷയം ഏറ്റുപിടിച്ച് ഞങ്ങളെയും കഷ്ടത്തിലാക്കല്ലെ എന്ന സുരേഷ്‌ഗോപിയുടെ വിലാപത്തിന്റെ മറ്റൊരു പതിപ്പാണ്. അതുകൊണ്ടായിരിക്കണമല്ലോ സ്ത്രീകളോടുള്ള സിനിമാ മേഖലയിലെ ഈ ചൂഷണങ്ങളെക്കുറിച്ച് ചോദ്യം ചോദിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകരെ തള്ളി മാറ്റിക്കൊണ്ട് എന്റെ വഴി, എന്റെ അവകാശമാണെന്ന് ആക്രോശിക്കാനുള്ള ഉള്ളുറപ്പ് സുരേഷ്‌ഗോപിയ്‌ക്കൊക്കെ ലഭിക്കുന്നത്. വിഷയവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലും സുരേഷ്‌ഗോപി ഇപ്പോള്‍ എയറിലാണ്. സുരേഷ് ജീയെ അപ്പോള്‍ ഒരു ചായക്കടയില്‍ നിന്നും വരുമ്പോഴാണ് കാണുന്നതെങ്കില്‍ മാധ്യമ പ്രവര്‍ത്തകര്‍ പഴംപൊരിയെക്കുറിച്ചാണോ ചോദിക്കേണ്ടത് എന്നും മറ്റും ചൂണ്ടിക്കാട്ടിക്കൊണ്ട് ഒട്ടേറെ രസകരവും ചിന്തിപ്പിക്കുന്നതുമായ ട്രോളുകളും പോസ്റ്ററുകളുമാണ് സോഷ്യല്‍ മീഡിയയിലാകെയിപ്പോള്‍ നിറഞ്ഞു നില്‍ക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News