തമിഴ് സൂപ്പർതാരം സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയ്ത ചിത്രമായിരുന്നു കങ്കുവ. രണ്ട് വർഷത്തിന് ശേഷമുള്ള സൂര്യയുടെ സോളോ ചിത്രം കൂടിയായിരുന്നു ആരാധകർ കാത്തിരുന്ന കങ്കുവ. എന്നാൽ, ചിത്രം റിലീസ് ആയപ്പോൾ നിരാശയായിരുന്നു ഫലം. ദൃശ്യ മിഴിവ് കൊണ്ടും ടെക്‌നിക്കൽ മികവ് കൊണ്ടും മുന്നിട്ട് നിന്നെങ്കിലും കഥ, തിരക്കഥ, സംവിധാനം, ശബ്ദം സംവിധാനം തുടങ്ങി സകല മേഖലകളിലും ചിത്രം ശരാശരി നിലവാരത്തിനും താഴെപ്പോയി. ഇതോടെ വൻ ഹൈപ്പോടെ തിയറ്ററുകളിലെത്തിയ ചിത്രം ബോക്സോഫീസിൽ തകർന്ന് തരിപ്പണമായി. സോഷ്യൽ മീഡിയയിൽ സിനിമയ്ക്ക് നേരെ ട്രോൾ മഴയും പരിഹാസങ്ങളും ഉയർന്നു.
താരങ്ങളുടെ അഭിനയത്തിനും സൗണ്ട് ട്രാക്കിനുമെല്ലാം ഒട്ടേറെ പഴിയും കങ്കുവക്ക് കേൾക്കേണ്ടി വന്നു. ചെവി പൊട്ടിപ്പോകുന്ന ശബ്ദ മിശ്രണമായിരുന്നു ഏറ്റവും കൂടുതൽ ആളുകളും ഉന്നയിച്ച പ്രശ്നം. തുടർന്ന് ശബ്ദ തീവ്രത കുറച്ച് പ്രദർശിപ്പിക്കാൻ അണിയറ പ്രവർത്തകർ തീരുമാനിച്ചു. ശിവയുടെ സംവിധാനത്തിനും ആരാധകരുടെ രോഷം ഏറ്റുവാങ്ങേണ്ടി വന്നു. പല സീനുകളും ഇൻസ്റ്റാഗ്രാം റീലുകളുടെ ടെംപ്ളേറ്റിലാണ് ഷൂട്ട് ചെയ്തത് എന്ന വിമർശനവും ഉയർന്നിരുന്നു.
ALSO READ; അശ്ലീല പരാമർശങ്ങളിൽ ബോബി ചെമ്മണ്ണൂരിനെതിരെ പൊലീസിൽ പരാതി നൽകി ഹണി റോസ്
ഇങ്ങനെയൊക്കെയാണെങ്കിലും 97-ാമത് ഓസ്കർ അവാർഡിനായുള്ള മികച്ച ചിത്രം എന്ന ജനറല്‍ കാറ്റഗറിയിലെ പ്രാഥമിക റൗണ്ടിൽ കങ്കുവയുടെ പേരും വന്നിരിക്കുകയാണ്. ഇതോടെയാണ് ഓസ്കർ കമ്മിറ്റി പുറത്തുവിട്ടിരിക്കുന്ന നോമിനേഷൻ ലിസ്റ്റ് ട്രോളൻമാർ ഏറ്റെടുത്തത്. ‘2025 ലെ ഏറ്റവും വലിയ തമാശ’, ‘കങ്കുവ ഒക്കെ പരിഗണിക്കണമെങ്കിൽ ആ പരിഗണനാ ലിസ്റ്റ് വേറെ ലെവലാണ്’, ‘ഓസ്കറിൻ്റെ നിലവാരമൊക്കെ പോയോ’, ‘ഓസ്കർ കമ്മിറ്റിയൊക്കെ വന്നു വന്ന് വൻ കോമഡി ആയല്ലോ’, ‘ഇത് ഇപ്പോൾ സിനിമയേക്കാൾ ദുരന്തമായല്ലോ ഓസ്കർ ജൂറി’, ‘ഓസ്കാറിനൊക്കെ റീൽസും അയക്കാൻ തുടങ്ങിയോ’ തുടങ്ങിയ നിരവധി കമന്‍റുകളാണ് സോഷ്യൽ മീഡിയയിൽ ഉയർന്ന് വരുന്നത്. സിനിമ ഓസ്കാറിന് അയച്ചതുമായി ബന്ധപ്പെട്ട് ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ ഒന്നും പ്രതികരിച്ചിട്ടില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here