ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തരേന്ത്യയില്‍ ബിജെപിക്ക് വലിയ തിരിച്ചടി ലഭിക്കുമെന്ന് സര്‍വ്വേ റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ ഹിന്ദുത്വ രാഷ്ട്രമാക്കി മാറ്റാനുളള ആര്‍എസ്എസ് അജണ്ടയെ 79 ശതമാനം ജനങ്ങളും എതിര്‍ക്കുന്നതായും സിഎസ്ഡിസി-ലോക്നീതി സര്‍വേകള്‍ ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനിലും വോട്ടിംഗ് യന്ത്രങ്ങളിലും ജനങ്ങളുടെ വിശ്വാസം കുറഞ്ഞുവരുന്നതായും അഭിപ്രായമുണ്ട്. മൂന്നാം ഊഴത്തിനായി നരേന്ദ്രമോദി സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുമ്പോള്‍, ബിജെപി നേതൃത്വത്തെ ആശങ്കയിലാക്കുന്ന സര്‍വെ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
Also Read: മാംസാഹാരം കഴിക്കുന്നതിലും വെറുപ്പ്..; പ്രതിപക്ഷ നേതാക്കൾക്കെതിരെ വിദ്വേഷ പ്രസംഗവുമായി മോദി
ബിജെപി അധികാരം പിടിച്ചെടുക്കാന്‍ കണ്ണുനട്ടിരിക്കുന്ന ഉത്തരേന്ത്യയിലെ സീറ്റുകളില്‍ വലിയ ഇടിവ് ഇത്തവണ ഉണ്ടാകുമെന്ന് സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡെവലപിങ് സൊസൈറ്റി നടത്തുന്ന സിഎസ്ഡിസി-ലോക്നീതി സര്‍വേകള്‍ ചൂണ്ടിക്കാട്ടി. രാജസ്ഥാനിലും ഹരിയാനയിലും പത്ത് സീറ്റുകളില്‍ കൂടുതല്‍ കുറവുണ്ടാകുമെന്നാണ് സര്‍വ്വേ. മഹാരാഷ്ട്രയിലും കാര്യങ്ങള്‍ എളുപ്പമല്ല. അയോധ്യാ രാമക്ഷേത്രവും പൗരത്വ നിയമഭേദഗതിയും അടക്കം വര്‍ഗ്ഗീയ കാര്‍ഡുകളും ഇത്തവണ വോട്ടര്‍മാരെ സ്വാധീനിക്കില്ലെന്നും സര്‍വ്വേകള്‍ സൂചിപ്പിക്കുന്നു. എല്ലാ മതങ്ങള്‍ക്കും തുല്യ സ്ഥാനമുള്ള ഇന്ത്യ എന്ന സങ്കല്പത്തിനൊപ്പമാണ് ജനങ്ങളെന്ന് സര്‍വ്വേ കണക്കുകള്‍ നിരത്തി ചൂണ്ടിക്കാട്ടുന്നു. സര്‍വ്വേപ്രകാരം 79 ശതമാനം ആളുകളും മതേതര ഇന്ത്യ എന്ന ആശയത്തിനൊപ്പമാണ്.
ഇന്ത്യ ഹിന്ദുക്കള്‍ക്ക് മാത്രമല്ല, എല്ലാ മതങ്ങള്‍ക്കും തുല്യതയുളള രാജ്യമാണ് എന്നത് 80 ശതമാനം ഹിന്ദു മത വിശ്വാസികളും പിന്തുണയ്ക്കുന്നു. ആര്‍എസ്എസ് അജണ്ടയായ ഇന്ത്യ ഹിന്ദുക്കളുടെ മാത്രം രാജ്യമെന്ന സര്‍വേയില്‍ അനുകൂലമായി അഭിപ്രായപ്പെട്ടത് 10 ശതമാനം പേര്‍ മാത്രം. രാജ്യത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത ഞെട്ടിപ്പിക്കും വിധം ഇടിയുന്നു എന്നതാണ് സര്‍വേയിലെ മറ്റൊരു കണ്ടെത്തല്‍. 2019 ല്‍ 78 ശതമാനം ആളുകളും തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പൂര്‍ണ്ണ വിശ്വാസം രേഖപെടുത്തിയിരുന്നെങ്കില്‍ 2024 ആയപ്പോള്‍ അത് 42 ശതമാനം ആയി കുറഞ്ഞു. വോട്ടിങ് യന്ത്രം കുറ്റമറ്റതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ എത്രയൊക്കെ അവര്‍ത്തിച്ചിട്ടും ഒരു വലിയ വിഭാഗം അത് വിശ്വസിക്കുന്നില്ല. ഭരണകക്ഷിക്ക് വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടത്താനായേക്കുമെന്ന് 45 ശതമാനം പേര്‍ വിശ്വസിക്കുന്നതായും സര്‍വ്വേ വ്യക്തമാക്കുന്നു. ചുരുക്കത്തില്‍ രണ്ടാം മോദി സര്‍ക്കാരിന്റെ ജനപിന്തുണയും വിശ്വാസ്യതയും വന്‍തോതില്‍ ഇടിഞ്ഞുവെന്ന് വ്യക്തമാക്കുന്നതാണ് സര്‍വ്വേഫലം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here