‘2018’ എന്ന സിനിമ ദയനീയമായി പരാജയപ്പെട്ട സൃഷ്ടിയാകുന്നു; സുസ്‌മേഷ് ചന്ത്രോത്ത്

‘2018’ എന്ന സിനിമക്കെതിരെ വിമര്‍ശവുമായി എഴുത്തുകാരന്‍ സുസ്‌മേഷ് ചന്ത്രോത്ത് രംഗത്ത്. 2018ലെ പ്രളയത്തെ അടിസ്ഥാനമാക്കി ജൂഡ് ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് 2018. പല ഡിവിഷനുകളായി തിരിച്ച ഏതാനും കുടുംബങ്ങളുടെ മെലോഡ്രാമ കാണിച്ചാല്‍ യാഥാര്‍ത്ഥ്യം തേഞ്ഞുമാഞ്ഞുപോകില്ല. അതാരു ചെയ്താലും. അതുകൊണ്ട് 2018 സിനിമ രാഷ്ട്രീയമായും സര്‍ഗ്ഗാത്മകമായും ദയനീയമായി പരാജയപ്പെട്ട സൃഷ്ടിയാകുന്നു. മറിച്ചാകുമായിരുന്നു ഈ സിനിമ. എങ്കിലത് കലയുടെ സത്യസാക്ഷാത്കാരവുമാകുമായിരുന്നുവെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

Also Read: നടന്‍ ആശിഷ് വിദ്യാര്‍ത്ഥി വീണ്ടും വിവാഹിതനായി

സുസ്‌മേഷ് ചന്ത്രോത്തിന്റെ കുറിപ്പ്

2018 സിനിമയെക്കുറിച്ച്..

മലയാളസിനിമയുടെ സാമ്പത്തികപരിമിതികള്‍ക്കുള്ളില്‍ നിന്നുള്ള സാങ്കേതികമികവിന്റെ വിജയവും മികച്ച വാണിജ്യവിജയവും 2018 സിനിമയെ ചര്‍ച്ചയാക്കിയിരിക്കുകയാണല്ലോ. പക്ഷേ പടം കണ്ടുകഴിഞ്ഞപ്പോള്‍ ഇതൊന്നും മനസ്സിനെ സ്പര്‍ശിച്ചില്ലെന്നതാണ് സത്യം. ഏതാണ്ട് നൂറു വര്‍ഷത്തിനുള്ളില്‍ കേരളം കണ്ട മറ്റൊരു പ്രളയത്തെ പ്രമേയമാക്കുമ്പോള്‍ അതൊരു ഭാവനാസൃഷ്ടിയായിട്ടല്ല പുനര്‍നിര്‍മ്മിക്കേണ്ടതെന്ന് ആര്‍ക്കുമറിയാം. എന്നാല്‍ രണ്ടോ രണ്ടരയോ മണിക്കൂറില്‍ വരുന്ന സിനിമയില്‍ നടന്ന കാര്യങ്ങളെ മുഴുവന്‍ ആവിഷ്‌കരിക്കാന്‍ സാധിക്കുകയുമില്ല. അതിന്റെ ആവശ്യവുമില്ല. കിണറ്റുവെള്ളത്തില്‍ മായം കലര്‍ന്നോ എന്നറിയുന്നത് കിണര്‍ വെള്ളം മുഴുവനുമെടുക്കാതെ ഒരു തുള്ളി വെള്ളമെടുത്ത് പരിശോധിച്ചിട്ടാണല്ലോ. അതുപോലെ 2018 എന്ന സിനിമയുടെ തിരക്കഥയിലും അന്ന് പ്രളയത്തെ നേരിട്ട സംസ്ഥാന സര്‍ക്കാരിന്റെ ഇച്ഛാശക്തിയെയും നേതൃമികവിനെയും പ്രധാനസ്ഥാനത്ത് നിര്‍ത്തി കഥ മെനയാമായിരുന്നു.

സര്‍ക്കാര്‍ എന്നത് ഏതെങ്കിലും കക്ഷിയോ ഒന്നിലധികം കക്ഷികളോ ചേര്‍ന്നതാണെങ്കിലും തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ഒരു സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് കക്ഷിരാഷ്ട്രീയത്തിനുള്ളില്‍ നിന്നിട്ടല്ല. കോണ്‍ഗ്രസ് ഭരിച്ചാലും സി. പി.എം ഭരിച്ചാലും ലീഗ് ഭരിച്ചാലും ഗവണ്‍മെന്റ് എപ്പോഴും അങ്ങനെതന്നെയായിരിക്കും. ആയിരിക്കണം. എന്നാല്‍ ജനാധിപത്യപ്രക്രിയയില്‍ കക്ഷിരാഷ്ട്രീയത്തിന് പ്രാധാന്യമുള്ളതിനാല്‍ ഏതുകക്ഷിയുടെ ഗവണ്‍മെന്റാണോ ഭരിക്കുന്നത് ആ കക്ഷിയുടെ രാഷ്ട്രീയ മര്യാദകളും പെരുമാറ്റശീലങ്ങളും താല്‍പര്യങ്ങളും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായിരിക്കുകയും ചെയ്യും. ഉണ്ടാവുകയും വേണം. വസ്തുതകള്‍ അവതരിപ്പിക്കുന്നിടത്ത് മാറ്റിനിര്‍ത്താന്‍ അയോഗ്യതയുള്ള ഒന്നല്ല അക്കാര്യം.

Also Read: കനത്ത ചൂട്, നിർജലീകരണം; കുനോ ദേശീയോദ്യാനത്തിൽ രണ്ട് ചീറ്റക്കുഞ്ഞുങ്ങൾ ചത്തു

2018ലെ പ്രളയകാലത്ത് ഇടതുപക്ഷസര്‍ക്കാര്‍ രാജ്യത്തിന് മാതൃകയാക്കാവുന്ന പ്രവര്‍ത്തനമാണ് നടത്തിയതെന്ന കാര്യത്തില്‍ രാഷ്ട്രീയ എതിരാളികള്‍ക്കുപോലും എതിരഭിപ്രായമില്ല. അപ്പോള്‍ യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരു സിനിമ വരുമ്പോള്‍ അതില്‍ വസ്തുതകളെ മുക്കിക്കളയുന്നത് നല്ലതല്ല. അഥവാ അത് അരാഷ്ട്രീയമാണ്. അതുമല്ലെങ്കില്‍ വ്യക്തമായ പക്ഷം പിടിക്കലാണ്. സിനിമയില്‍ ഒരു രാഷ്ട്രീയകക്ഷിയെയും പരാമര്‍ശിച്ചിട്ടില്ലല്ലോ എന്നും പിന്നെങ്ങനെയാണ് പക്ഷം പിടിത്തമാകുന്നതെന്നും ചോദിച്ചേക്കാം. അവിടെയാണ് കള്ളത്തരം മുണ്ടുമടക്കിയുടുത്ത് നടക്കുന്നത് നാം കാണുന്നത്. ഒരു രാഷ്ട്രീയപ്പാര്‍ട്ടിയെയും പരാമാര്‍ശിക്കാതെ കല ഉണ്ടാക്കുക അല്ലെങ്കില്‍ ജീവിതമുണ്ടാക്കുക എന്നത് നിക്ഷ്പക്ഷവാദമോ സമദൂരവാദമോ ഒന്നുമല്ല. ശുദ്ധവിവരക്കേടാണ്. അല്ലെങ്കില്‍ കണ്ണടച്ചിരുട്ടാക്കലാണ്.

മുഖ്യമന്ത്രി പിണറായി വിജയനെയോ എല്‍.ഡി.എഫിനെയോ പ്രകീര്‍ത്തിക്കുന്ന സിനിമയുണ്ടാക്കേണ്ട. പക്ഷേ അവരുള്‍പ്പെട്ട ഗവണ്‍മെന്റും ഗവണ്‍മെന്റിന്റെ സംവിധാനങ്ങളും അതിലെ അംഗങ്ങളും യോജിച്ചുപ്രവര്‍ത്തിച്ചവിധമെന്തെന്ന് സിനിമയില്‍ കാണിച്ചാല്‍ മതിയായിരുന്നു. പത്തോ പന്ത്രണ്ടോ സെക്കന്റ് വരുന്ന ഇരുപതോ മുപ്പതോ ഷോട്ടുകള്‍ക്കുള്ളില്‍ വന്നുപോകുന്ന മൂന്നോ നാലോ സീന്‍ മതി അക്കാര്യം സിനിമയില്‍ പറയാന്‍. ഏറിവന്നാല്‍ പത്തുമിനിട്ട് വേണ്ടിവന്നേക്കും. അതറിയാത്തവരല്ല സിനിമയുടെ അണിയറക്കാര്‍. മനഃപൂര്‍വ്വം വേണ്ടെന്നുവച്ചതുതന്നെയാണ്. അവിടെയാണ് കാണിയുടെ നിരാശ സംഭവിക്കുന്നത്.

പല ഡിവിഷനുകളായി തിരിച്ച ഏതാനും കുടുംബങ്ങളുടെ മെലോഡ്രാമ കാണിച്ചാല്‍ യാഥാര്‍ത്ഥ്യം തേഞ്ഞുമാഞ്ഞുപോകില്ല. അതാരു ചെയ്താലും. അതുകൊണ്ട് 2018 സിനിമ രാഷ്ട്രീയമായും സര്‍ഗ്ഗാത്മകമായും ദയനീയമായി പരാജയപ്പെട്ട സൃഷ്ടിയാകുന്നു. മറിച്ചാകുമായിരുന്നു ഈ സിനിമ. എങ്കിലത് കലയുടെ സത്യസാക്ഷാത്കാരവുമാകുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News