സ്വത്ത് കൈവിട്ടുപോകുമെന്ന സംശയത്തില്‍ മകന്‍ അച്ഛനെ വെടിവെച്ച് കൊന്നു. മധ്യപ്രദേശ് ഇൻഡോറിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഉജ്ജയിനിലെ മുന്‍ കോണ്‍ഗ്രസ് നേതാവ് കൂടിയായ കലിം ഖാന്‍ എന്ന ഗുഡ്ഡു (60) ആണ് കൊല്ലപ്പെട്ടത്. സ്വത്തുക്കള്‍ കൈവിട്ടുപോകുമെന്ന ഭാര്യയുടെയും മക്കളുടെയും സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇയാളുടെ ഭാര്യയും മറ്റ് മക്കളും കൊലപാതകത്തിന്റെ ഗൂഡാലോചനയില്‍ പങ്കാളികളാണെന്ന് ഉജ്ജയിന്‍ പൊലീസ് വ്യക്തമാക്കി.
കലിം ഖാന്റെ ഭാര്യ നിലോഫര്‍, ഇളയമകന്‍ ഡാനിഷ്, മൂത്ത മകന്‍ ആസിഫ് എന്ന മിന്റു, ആസിഫിന്റെ സുഹൃതത് ജാവേദ്, ജാവേദിന്റെ സഹോദരന്‍ സൊഹ്‌റാബ്, ഇവരുടെ ബന്ധുവായ ഇമ്രാന്‍ എന്നിവരാണ് ഗൂഡാലോചനയില്‍ പങ്കാളികളെന്ന് ഉജ്ജയിന്‍ എസ്പി പ്രദീപ് ശര്‍മ. മകനായ ഡാനിഷാണ് കലിം ഘാനുനേരെ വെടിയുതിര്‍ത്തത്. ഡാനിഷും സൊഹ്‌റാബും ഒഴികെയുള്ള പ്രതികളെല്ലാം അറസ്റ്റിലായി.
കലിം ഖാന്‍ ഡാനിഷിനെ 13-ാം വയസില്‍ വീട്ടില്‍നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് ഇയാൾ അമ്മയുടെ ബന്ധുക്കള്‍ക്കൊപ്പമാണ് വളര്‍ന്നത്. കലിം ഖാന് അദ്ദേഹത്തിന്റെ അനന്തരവനോടുള്ള പ്രത്യേക മമതയാണ് ഭാര്യയിലും മക്കളിലും സംശയം സൃഷ്ടിച്ചത്. ഇക്കാര്യങ്ങൾ അന്വേഷണത്തില്‍ നിന്നും വ്യക്തമായതായി പൊലീസ് പറയുന്നു. ഒന്നരവയസുമുതല്‍ കലിം ഖാനാണ് അന്തരവനെ വളര്‍ത്തിയത്. ഇയാള്‍ക്കായി അടുത്തിടെ കോടികള്‍ വിലമതിക്കുന്ന സ്ഥലവും കലിം ഖാന്‍ വാങ്ങി.
ഇതോടെ കലിം ഖാന്‍ സ്വത്തുക്കള്‍ മുഴുവന്‍ അനന്തരവന് നല്‍കുമെന്ന് സംശയം ഭാര്യയിലും മക്കളിലും ഉടലെടുത്തു. ഇതോടെ പ്രതികള്‍ കലിം ഖാനെ കൊല്ലാന്‍ പദ്ധതികള്‍ തയ്യാറാക്കുകയായിരുന്നു. ഒക്ടോബര്‍ നാലാം തീയതിയാണ് കലിം ഖാനുനേരെ ആദ്യത്തെ വധശ്രമം ഉണ്ടാവുന്നത്. രാവിലെ നടക്കാന്‍ പോയ കലിം ഖാനെ പ്രതി വെടിവെച്ചെങ്കിലും ഇയാള്‍ രക്ഷപ്പെട്ടു. പിന്നാലെ കലിം ഖാന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നീലഗംഗ പൊലീസ് ഇയാളുടെ ബന്ധുകൂടിയായ അഭിഷേക് ഖാനെ അറസ്റ്റുചെയ്തു.
ഇതിനെക്കുറിച്ച് കലിം ഖാന്‍ ഭാര്യയോടും മക്കളോടും സംസാരിച്ചിരുന്നു. ഇതോടെ ഇനിയും വൈകാതെ കലിം ഖാനെ കൊല്ലാന്‍ പ്രതികള്‍ തീരുമാനിക്കുകയായിരുന്നു. വീടിന്റെ ഒന്നാംനിലയിലെ കിടപ്പറയില്‍വെച്ചാണ് ഡാനിഷ് അച്ഛനുനേരെ വെടിയുതിർക്കുന്നത്. ഈ സമയം കലിം ഖാന്റെ ഭാര്യയും ഡാനിഷിന്റെ അമ്മയുമായ നിലോഫറും ഈ മുറിയില്‍ ഉണ്ടായിരുന്നു. നാടന്‍ തോക്കുപയോഗിച്ചാണ് ഡാനിഷ് കൃത്യം നടത്തിയതെന്നും പൊലീസ് വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here