കോട്ടയം നഗരസഭയുടെ പെന്‍ഷന്‍ അക്കൗണ്ടില്‍ നിന്നും 3 കോടി രൂപ തട്ടിയെടുത്ത സംഭവത്തില്‍ നഗരസഭയിലെ 3 ജീവനക്കാര്‍ക്കു കൂടി സസ്‌പെന്‍ഷന്‍. അക്കൗണ്ട് വിഭാഗത്തിലെ സീനിയര്‍ ക്ലാര്‍ക്കായ സന്തോഷ്‌കുമാര്‍, പെന്‍ഷന്‍ വിഭാഗത്തിലെ സൂപ്രണ്ട് ശ്യാം, പബ്ലിക് ഹെല്‍ത്ത് നഴ്‌സ് പ്രമോട്ടര്‍ ബിന്ദു എന്നിവരെയാണ് നഗരസഭാ സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നഗരസഭാ ചെയര്‍പഴ്‌സന്‍ ബിന്‍സി സെബാസ്റ്റ്യന്‍ സസ്‌പെന്‍ഡ് ചെയ്തത്. സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച് 48 മണിക്കൂറിനകം മൂന്നു പേരും വിശദീകരണം നല്‍കണം എന്നാവശ്യപ്പെട്ട് നല്‍കിയ മെമ്മോയ്ക്ക് ഇവര്‍ നല്‍കിയ മറുപടി തൃപ്തികരമല്ലെന്നായിരുന്നു സെക്രട്ടറിയുടെ റിപ്പോര്‍ട്ട്.
സംഭവവുമായി ബന്ധപ്പെട്ട് തട്ടിപ്പു നടത്തിയ അഖില്‍ സി. വര്‍ഗീസിനെ നേരത്തെ തന്നെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. നഗരസഭയുടെ വാര്‍ഷിക സാമ്പത്തിക കണക്കെടുപ്പിലാണ് തട്ടിപ്പു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിരുന്നത്. സംഭവത്തില്‍ സാമ്പത്തിക തിരിമറി നടത്തിയിരുന്ന അഖില്‍ അയാളുടെ അമ്മയുടെ പേരിലുള്ള അക്കൗണ്ടിലേക്കായിരുന്നു പണമയച്ചിരുന്നത്. ഇതേപേരില്‍ തന്നെ നഗരസഭയില്‍ നിന്നും ഒരാള്‍ക്ക് പെന്‍ഷന്‍ തുക അയച്ചിരുന്നതിനാല്‍ ആദ്യഘട്ടത്തില്‍ തട്ടിപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. എന്നാല്‍ യഥാര്‍ഥ പെന്‍ഷന്‍കാരി മരിച്ചിട്ടും വിവരം റജിസ്റ്ററില്‍ ചേര്‍ക്കാതെ തട്ടിപ്പ് തുടര്‍ന്നതോടെയാണ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയത്. ഈരാറ്റുപേട്ട നഗരസഭയില്‍ നിന്നു സ്ഥലം മാറി 2020 മാര്‍ച്ച് 12നാണ് അഖില്‍ കോട്ടയത്ത് എത്തിയത്. 2023 നവംബറില്‍ വൈക്കത്തേക്ക് പിന്നീട് സ്ഥലം മാറ്റം ലഭിച്ചു. ഈ കാലയളവിലാണ് തിരിമറി നടന്നത്.
ALSO READ: അര്‍ജുന്‍ ദൗത്യം തുടരുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കര്‍ണാടകയില്‍ നിര്‍ണായക യോഗം
പ്രാഥമിക അന്വേഷണത്തിലാണ് 3 കോടിയുടെ തട്ടിപ്പ് കണ്ടെത്തിയിട്ടുള്ളതെന്നും തുടര്‍ന്നുള്ള അന്വേഷണത്തില്‍ കൂടുതല്‍ തട്ടിപ്പ് പുറത്തുവന്നേക്കാമെന്നും നഗരസഭാ അധികൃതര്‍ ജില്ലാ പൊലീസ് മേധാവിക്കു മൊഴി നല്‍കി. പിതാവിന്റെ മരണത്തെത്തുടര്‍ന്ന് ആശ്രിത നിയമനമായിട്ടാണ് കൊല്ലം കോര്‍പറേഷനില്‍ അഖില്‍ ജോലിക്ക് പ്രവേശിച്ചത്. എന്നാല്‍ അവിടെ 40 ലക്ഷം രൂപ തിരിമറി നടത്തിയതിനു സസ്‌പെന്‍ഷനിലായി. പിന്നീട് ഈരാറ്റുപേട്ടയിലേക്കു സ്ഥലംമാറ്റം തരപ്പെടുത്തി വീണ്ടും ജോലിയ്ക്കു കയറി. അഖിലിന്റെ അമ്മ കൊല്ലം കോര്‍പറേഷനിലെ താല്‍ക്കാലിക ജീവനക്കാരിയായി വിരമിച്ചയാളാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here