സ്വരലയ സമന്വയം 2023ന് പാലക്കാട് തിരിതെളിഞ്ഞു

സ്വരലയ പാലക്കാട് സംഘടിപ്പിക്കുന്ന ഇരുപത്തിമൂന്നാമത് വാര്‍ഷിക സംഗീത നൃത്തോത്സവമായ സ്വരലയ സമന്വയം 2023 ന്റെ ഉദ്ഘാടനം പാലക്കാട് രാപ്പാടി ഓഡിറ്റോറിയത്തില്‍ നടന്നു. ഉദ്ഘാടനം ഡോ. ബി.അനന്തകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, പദ്മശ്രീ കലാമണ്ഡലം ശിവന്‍ നമ്പൂതിരി, സംഗീത സംവിധായകരായ ബിജിബാല്‍, രഞ്ജിന്‍ രാജ്, കൈരളി ടിവി മാര്‍ക്കറ്റിങ് ജനറല്‍ മാനേജര്‍ സുനില്‍, ഗാനരചയിതാക്കളായ ഷിബു ചക്രവര്‍ത്തി, ബി.കെ.ഹരിനാരായണന്‍, ഗായകരായ സുദീപ് കുമാര്‍, നിഷാദ്, നിഖില്‍ മാത്യു, നിത്യ മാമ്മന്‍, ചിത്ര അരുണ്‍, ദിവ്യ.എസ്ശ്രീ .മേനോന്‍, തീര്‍ത്ഥ സുഭാഷ് , സ്വരലയ പ്രസിഡന്റ്.എന്‍.എന്‍.കൃഷ്ണദാസ്, സ്വരലയ സെക്രട്ടറി ടി.ആര്‍.അജയന്‍ എന്നിവര്‍ ഭദ്രദീപം തെളിയിച്ചുകൊണ്ട് നിര്‍വഹിച്ചു.

കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ. ബി.അനന്തകൃഷ്ണന്‍ ഉദ്ഘാടന പ്രസംഗത്തില്‍ മാനവികതയുടെ സന്ദേശമാണ് കല മുന്നോട്ടുവയ്ക്കുന്നതെന്നു പറഞ്ഞു. സംഗീതവും നൃത്തവും സഹോദര്യത്തിനു എന്ന മുദ്രാവാക്യവുമായി കഴിഞ്ഞ ഇരുപത്തഞ്ചു വര്‍ഷമായി അനവരതം സാംസ്‌കാരിക പ്രവര്‍ത്തനം നടത്തുന്ന സ്വരലയ സംഘടനമികവിന്റെ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.

Also Read :ഇലക്‌ട്രിക് കാറുകൾക്ക് മാത്രമായി പുതിയ ഡീലർഷിപ്പുകൾ തുടങ്ങി ടാറ്റ

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ശ്രീ. ബിജിബാലിന് നല്‍കി സ്വരലയ വാര്‍ത്ത പത്രികയും ഷിബു ചക്രവര്‍ത്തി, പദ്മശ്രീ കലാമണ്ഡലം ശിവന്‍ നമ്പൂതിരിക്ക് നല്‍കി ഫെസ്റ്റിവല്‍ ബ്രോഷറും പ്രകാശനം ചെയ്തു. ശേഷം അതിഥികള്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. സ്വരലയ പ്രസിഡന്റ് എന്‍.എന്‍.കൃഷ്ണദാസ് അധ്യക്ഷത വഹിച്ച ഉദ്ഘാടന യോഗത്തില്‍ സ്വരലയ സെക്രട്ടറി ടി.ആര്‍.അജയന്‍ സ്വാഗതവും കെ.വിജയന്‍ നന്ദിയും പറഞ്ഞു.

സ്വരലയ സമന്വയം അന്താരാഷ്ട്ര നൃത്ത സംഗീതോത്സവത്തിന്റെ ആദ്യദിനം ഗാനരചയിതാവ് ബി.കെ.ഹരിനാരായണന്റെ പാട്ടുകള്‍ കോര്‍ത്തിണക്കി ‘ലൈലാകമേ..’ എന്ന സംഗീത സായാഹ്നം രാപ്പാടി ഓഡിറ്റോറിയത്തില്‍ നിറസദസ്സ് ഒരുമിച്ച് ഏറ്റുപാടി. ‘കണ്ടിട്ടും കണ്ടിട്ടും കാണാതെ വീണ്ടും..’ എന്ന ആദ്യഗാനം സുദീപ് കുമാര്‍ പാടിയപ്പോള്‍ സദസ്സ് മെലഡിയില്‍ മുഴുകി. ശേഷം മലയാളി പ്രേക്ഷകരുടെ മനംകവര്‍ന്ന ‘വാതുക്കല് വെള്ളരിപ്രാവ്..’ എന്ന ഗാനം ശ്രീമതി. നിത്യ മാമ്മന്‍ ആലപിച്ചു.

തുടര്‍ന്ന് ‘ലൈലാകമേ..’ എന്ന ഗാനം നിഷാദ് പാടിയപ്പോള്‍ സദസ്സാകെ ഏറ്റുപാടുകയും മൊബൈല്‍ ഫ്ളാഷ് ഓണാക്കി കൈവീശുകയും ചെയ്തു. ശേഷം, ‘പ്രണയമെന്നൊരു വാക്ക്..’, ‘നങ്ങേലിപ്പൂവേ..’, ‘ഹേമന്തമെന്‍..’, ‘നീ ഹിമമഴയായ്..’, ‘ജീവാംശമായ്..’ എന്നീ ഗാനങ്ങള്‍ രാപ്പാടിയെ സംഗീതക്കുളിരണിയിച്ചു. ‘ഓലേഞ്ഞാലിക്കുരുവീ..’ എന്ന ഗാനം നിഷാദ്, ചിത്ര അരുണ്‍ എന്നിവര്‍ ആലപിച്ചപ്പോള്‍ ഗൃഹാതുരവും, ഹരിനാരായണനെ സംസ്ഥാന അവാര്‍ഡിന് അര്‍ഹമാക്കിയ ‘കണ്ണീരു കടഞ്ഞ്..’ എന്ന ഗാനം വൈകാരികമായ അനുഭവവുമായി.

യുവതലമുറയുടെ തുടിപ്പ് മനസ്സിലാക്കിയ ഹരിനാരായണന്റെ രചനയിലെ ഗാനങ്ങള്‍ യുവാക്കളെ, മൊത്തത്തില്‍ സദസ്സിനെയും ഇളക്കിമറിച്ചു. സ്വരലയ ഓര്‍ക്കസ്ട്രയുടെ അകമ്പടിയില്‍ സുദീപ് കുമാര്‍, നിഷാദ്, നിഖില്‍ മാത്യു, ചിത്ര അരുണ്‍, കുമാരി. നിത്യ മാമ്മന്‍, തീര്‍ത്ഥ സുഭാഷ്, ദിവ്യ മേനോന്‍ തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചു.

സ്വരലയ സമന്വയം 2023 ന്റെ ഭാഗമായി പാലക്കാട് പ്രസ് ക്ലബ്ബയുമായി സഹകരിച്ച് പ്രസ് ക്ലബ് ഹാളില്‍ ഒരുക്കിയ കലാകാരന്മാരുമായുള്ള സര്‍ഗ സംവാദം പരിപാടിയില്‍ ബി.കെ.ഹരിനാരായണന്‍, സുദീപ് കുമാര്‍, നിഷാദ്, ചിത്ര അരുണ്‍, നിഖില്‍ മാത്യു എന്നിവര്‍ പങ്കെടുത്തു. പ്രസ് ക്ലബ് സെക്രട്ടറി മധുസൂദനന്‍ കര്‍ത്ത സ്വാഗതം ആശംസിച്ച പരിപാടിയില്‍ സ്വരലയ സെക്രട്ടറി കലാകാരന്മാരെ പരിചയപ്പെടുത്തി. ഡിസംബര്‍ 31 വരെ 11 ദിവസങ്ങളിലായി പാലക്കാടിന്റെ സായാഹ്നങ്ങളെ അന്താരാഷ്ട്ര നിലവാരമുള്ള വൈവിധ്യമാര്‍ന്ന നൃത്ത സംഗീത പരിപാടികള്‍ സര്‍ഗ്ഗാത്മകമാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News