റോബിന്‍ ബസ്സിന്റെ ഉടമ ഗിരീഷ് അല്ല, അയാള്‍ പറയുന്നത് മുഴുവന്‍ കള്ളം; നുണകള്‍ പൊളിച്ചടുക്കി എംവിഡി ഉദ്യോഗസ്ഥന്‍

റോബിന്‍ ബസ്സിന്റെ ഉടമയെന്ന് പറഞ്ഞ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്ന ഗിരീഷ് വലിയ നുണപ്രചരണമാണ് നടത്തുന്നതെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ സ്വാതി ജോര്‍ജ്. ഫേസ്ബുക്കില്‍ അദ്ദേഹം പങ്കുവെച്ച കുറിപ്പിലാണ് ഗിരീഷ് എന്നയാള്‍ ബസ്സിന്റെ ഉടമയാണെന്ന് കള്ളം പറഞ്ഞുകൊണ്ടേയിരിക്കുകയാണെന്ന് പറഞ്ഞത്.

Also Read : റോബിൻ ബസ് കേസിലെ അഭിഭാഷകൻ ദിനേശ് മേനോൻ അന്തരിച്ചു

റോബിന്‍ എന്ന ബസ്സിന്റെ ഉടമ ആരാധകശല്യം ഏറ്റുവാങ്ങുന്ന ഗിരീഷ് എന്ന വ്യക്തിയല്ല. ആ ബസ്സിനുള്ള ‘All India Tourist Permit’ എന്ന പെര്‍മിറ്റും ആ വ്യക്തിയുടെ പേരിലുള്ളതല്ല. ടൂറിസ്റ്റ് പെര്‍മിറ്റ് ഏതെങ്കിലും വിധത്തില്‍ കൈമാറ്റം ചെയ്യാവുന്നതോ, വാടകയ്ക്ക് നല്‍കാവുന്നതോ അല്ല. ഈ വ്യക്തിയും മാധ്യമങ്ങളും അവകാശപ്പെടുന്നതുപോലെ ഇദ്ദേഹമാണ് അതിന്റെ ഉടമയും പെര്‍മിറ്റ് ഹോള്‍ഡറുമെങ്കില്‍ നിയമപ്രകാരമായ അനുമതിയില്ലാതെ അത് കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.

Also Read : “നിഷേധാത്മകമായ കാര്യങ്ങളോടൊപ്പമല്ല കേരളം എന്നതാണ് നവകേരള സദസ് നൽകുന്ന സന്ദേശം”: മുഖ്യമന്ത്രി പിണറായി വിജയൻ

എങ്കില്‍ ആ കാരണത്താല്‍ പെര്‍മിറ്റ് റദ്ദായിക്കഴിഞ്ഞു. അതിനര്‍ത്ഥം ബസ്സുമായി ഏതെങ്കിലും തരത്തില്‍ നിയമപരമായി ബന്ധമുള്ള ആളല്ല ഇതെന്നാണ്. ”സംരഭകന്” ഇത് അറിയാത്തതല്ല എങ്കിലും കള്ളം ആവര്‍ത്തിച്ചുപറഞ്ഞുകൊണ്ടിരിക്കുകയാണ്, മാധ്യമങ്ങള്‍ അത് ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

റോബിൻ എന്ന ബസ്സ് എന്തോ മഹത്തായ സ്വാതന്ത്ര്യസമരം നടത്തുകയാണ് എന്നാണ് ചിലർ പറയുന്നത്. ഗിരീഷ് എന്നാണ് പേര് എന്ന് മാധ്യമങ്ങളിൽ നിന്ന് മനസ്സിലാക്കുന്ന ഒരാൾ താൻ അതിൻ്റെ ഉടമയാണെന്ന് കള്ളം പറഞ്ഞുകൊണ്ടേയിരിക്കുന്നു, മാധ്യമങ്ങൾ അത് ശരിയാണോ എന്ന് അന്വേഷിക്കാതെ ആ കള്ളം തന്നെ ആവർത്തിക്കുന്നു. ഒരു രൂപ പോലും അടയ്ക്കാതെ കോടതിയിൽ പോയി പിടിച്ചിട്ട വാഹനം ഇറക്കിയെന്ന് അയാൾ കള്ളം പറയുന്നു, മാധ്യമങ്ങൾ അത് തന്നെ ആവർത്തിക്കുന്നു. നിരവധി കള്ളങ്ങളും നിയമത്തിൻ്റെ ദുർവ്യാഖ്യാനങ്ങളും ഉപയോഗിച്ച് അദ്ദേഹവും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ലോബിയും നടത്തുന്ന പ്രവർത്തനങ്ങൾ വാസ്തവമാണോ എന്നൊന്നും അന്വേഷിക്കാതെ, അതെങ്ങനെ പൊതുജനത്തെ ബാധിക്കുമെന്നതും അതിൻ്റെ ഉദ്ദേശശുദ്ധിയെന്തെന്നുമൊന്നും അന്വേഷിക്കാതെ മാധ്യമങ്ങൾ അത് ആഘോഷിക്കുന്നു, ജനങ്ങൾ കബളിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. സാമാന്യബുദ്ധി തൊട്ടുതീണ്ടാത്ത ഈ പ്രചരണങ്ങളുടെ വ്യാപ്തിയിൽ നിന്നും മനസ്സിലാക്കേണ്ടത് ഇതിനു രാഷ്ട്രീയലക്ഷ്യങ്ങളും ഉണ്ടാകാം എന്നതാണ്. എന്തുതന്നെയായാലും സാധാരണക്കാരുടെ സഞ്ചാരത്തിനുള്ള അവകാശങ്ങൾ ഉറപ്പാക്കാൻ ഉദ്ദേശിച്ചുള്ള പൊതുഗതാഗതസംവിധാനത്തെ തകർക്കാൻ പരസ്യമായി ആഹ്വാനം ചെയ്തുകൊണ്ടുള്ള നിയമലംഘനം അല്പമെങ്കിലും നേരു ബാക്കിയുള്ള ഒരു നിയമവ്യവസ്ഥയും കയ്യുംകെട്ടി നോക്കിനിൽക്കില്ല. പൊതുഗതാഗത സംവിധാനത്തിൻ്റെ ആണിക്കല്ലായ സ്റ്റേജ് കാര്യേജ് സംവിധാനത്തെ ബാധിക്കുന്ന ഒരു വിഷയത്തെ സംബന്ധിച്ച് സുപ്രീം കോടതി തന്നെ പല ആവർത്തി പറഞ്ഞുറപ്പിച്ച ഒരു നിയമത്തെക്കുറിച്ചാണ് ഇക്കൂട്ടർ തെറ്റിധാരണ പരത്തുന്നത്.

റോബിൻ എന്ന ബസ്സിൻ്റെ ഉടമ ആരാധകശല്യം ഏറ്റുവാങ്ങുന്ന ഗിരീഷ് എന്ന വ്യക്തിയല്ല. ആ ബസ്സിനുള്ള “All India Tourist Permit” എന്ന പെർമിറ്റും ആ വ്യക്തിയുടെ പേരിലുള്ളതല്ല. ടൂറിസ്റ്റ് പെർമിറ്റ് ഏതെങ്കിലും വിധത്തിൽ കൈമാറ്റം ചെയ്യാവുന്നതോ, വാടകയ്ക്ക് നൽകാവുന്നതോ അല്ല. ഈ വ്യക്തിയും മാധ്യമങ്ങളും അവകാശപ്പെടുന്നതുപോലെ ഇദ്ദേഹമാണ് അതിൻ്റെ ഉടമയും പെർമിറ്റ് ഹോൾഡറുമെങ്കിൽ നിയമപ്രകാരമായ അനുമതിയില്ലാതെ അത് കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. എങ്കിൽ ആ കാരണത്താൽ പെർമിറ്റ് റദ്ദായിക്കഴിഞ്ഞു. അതിനർത്ഥം ബസ്സുമായി ഏതെങ്കിലും തരത്തിൽ നിയമപരമായി ബന്ധമുള്ള ആളല്ല ഇതെന്നാണ്. “സംരഭകന്” ഇത് അറിയാത്തതല്ല എങ്കിലും കള്ളം ആവർത്തിച്ചുപറഞ്ഞുകൊണ്ടിരിക്കുകയാണ്, മാധ്യമങ്ങൾ അത് ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്.

പെർമിറ്റ് വ്യവസ്ഥ ലംഘിച്ചതിന് ഒരുതവണ എംവിഡി കസ്റ്റഡിയിലെടുത്ത വാഹനം ഒരു കാശുമടയ്ക്കാതെ പുറത്തിറക്കിയെന്നാണ് ടിയാൻ അവകാശപ്പെടുന്നത്. മേൽകോടതിയിൽ കേസ് നടന്നുകൊണ്ടിരിക്കെ അതറിയിക്കാതെ കീഴ്കോടതിയെ സമീപിച്ച് ഒരുലക്ഷം രൂപ കെട്ടിവച്ചുകൊണ്ടാണ്, എപ്പോൾ വേണമെങ്കിലും ഹാജരാക്കാമെന്നു കൂടിയുള്ള വ്യവസ്ഥയിലാണ് വാഹനം വിട്ടുകിട്ടിയത് എന്നത് ഇയാൾ മറച്ചുപിടിക്കുന്നു, നിജസ്ഥിതി അന്വേഷിക്കാതെയും പറയാതെയും മാധ്യമങ്ങൾ അതിന് കൂട്ടുനിൽക്കുന്നു. കോൺട്രാക്റ്റ് കാര്യേജായി രജിസ്റ്റർ ചെയ്ത വാഹനത്തിന് മുൻകൂർ ബുക്കിങ്ങുകൾ ഉണ്ട് എന്ന് പറഞ്ഞ് ഹൈക്കോടതിയിൽ നിന്നും, മുൻകൂർ ബുക്ക് ചെയ്തവർക്കായി ട്രിപ്പ് നടത്തുന്നതിനായി മുൻപ് ചുമത്തിയതും പിന്നീട് ചുമത്തുന്നതുമായ പിഴകൾ അടച്ചുകൊണ്ട് ഓടാം എന്നുള്ള ഇടക്കാലവിധി സമ്പാദിച്ചുകൊണ്ടുള്ള വാഹനം ഇത് പാലിക്കാതെ നടത്തിയത് നിയമലംഘനം മാത്രമല്ല, കോടതിയലക്ഷ്യം കൂടിയാണ് എന്നതെങ്കിലും മാധ്യമങ്ങൾക്ക് മനസ്സിലായിട്ടുണ്ടോ?

തമിഴ്‌നാട് എംവിഡി വാഹനം കസ്റ്റഡിയിലെടുത്തപ്പോൾ വാഹനത്തിൽ വഴിയിൽ നിന്ന് ആൾ കയറിയിട്ടില്ലെന്നും ഇറങ്ങിയിട്ടില്ലായെന്നുമെല്ലാം സമർത്ഥിക്കാൻ ഈ ‘സ്വാതന്ത്ര്യസമരനായകൻ’ ശ്രമിക്കുന്നത് കണ്ടു. അങ്ങനെ ചെയ്യാൻ പുതിയ ടൂറിസ്റ്റ് ചട്ടം അനുവദിക്കുമെന്നും അതിന് തല്പരകക്ഷികളായ കേരള എംവിഡി തടസ്സം നിൽക്കുന്നുവെന്നും കഴിഞ്ഞ ദിവസം വരെ പ്രസംഗിച്ചുകൊണ്ടേയിരുന്ന ആൾ ഇപ്പോഴെന്താ ഇങ്ങനെ പറയുന്നത് എന്ന് മാധ്യമങ്ങൾ ചോദിച്ചോ? പല സ്ഥലങ്ങളിൽ ഇറങ്ങാനുള്ളവരെ സ്റ്റാർട്ടിങ്ങ് പോയിൻ്റിൽ നിന്ന് കയറ്റിയിരുന്നുവെന്നും മുൻകൂർ ബുക്ക് ചെയ്യാത്തവരെയും ട്രിപ്പിൽ കയറ്റിയിരുന്നുവെന്നതും അത് സ്റ്റേജ് കാര്യേജ് ഓപ്പറേഷനാണെന്നും ഇടക്കാല വിധിയുടെ ലംഘനമാണെന്നും മനസ്സിലാക്കിയിരുന്നോ? മുൻകൂർ കരാറിലേർപ്പെട്ടെ യാത്രക്കാരല്ലാത്ത ഒരുകൂട്ടം മാധ്യമപ്രവർത്തകരെയും വഹിച്ച് നടത്തിയ ട്രിപ്പ് സ്റ്റേജ് കാര്യേജ് ഓപ്പറേഷനും നിയമവിരുദ്ധവും കോടതിയലക്ഷ്യവുമായിരുന്നുവെന്നത് മനസ്സിലാക്കിയിരുന്നോ?
നവംബർ 16-ആം തീയതി മുൻകൂട്ടി അനൗൺസ് ചെയ്ത പ്രകാരം ട്രിപ്പ് നടത്തിയെന്നും എംവിഡിയെ കബളിപ്പിച്ചുകൊണ്ട് മറ്റൊരു വാഹനത്തിലാണ് അത് ചെയ്തതെന്നും ഇദ്ദേഹം വീരപാണ്ഡ്യകട്ടബൊമ്മനായിരുന്നു. അത് ശരിയാണോ എന്നന്വേഷിക്കാതെ അതും മാധ്യമങ്ങൾ ആഘോഷിച്ചു. അതിലയാൾ ഉറച്ചുനിൽക്കുന്നു എങ്കിൽ, അനുമതിയില്ലാതെ മറ്റൊരു വാഹനം അന്നത്തെ ട്രിപ്പിന് ഉപയോഗിച്ചതിൻ്റെ പേരിൽ ആ വാഹനത്തിനുള്ള പെർമിറ്റ് റദ്ദാക്കാവുന്നതാണ്. അതിൻ്റെ ഉടമയ്ക്കും വാഹനത്തിനും ഡ്രൈവർക്കും എതിരെ പെർമിറ്റ് ലംഘനത്തിന് കേസുണ്ടാകും, കോടതി ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുകയും ചെയ്യും. യാത്രക്കാരുടെ സുരക്ഷയെത്തന്നെ ബാധിക്കാവുന്ന അത്തരം കാര്യങ്ങളിൽ നിയന്ത്രണങ്ങൾ ഏതുമില്ലാത്ത ഒരു മേഖലയല്ല ടൂറിസ്റ്റ് പെർമിറ്റിൻ്റേതും.

ടൂറിസ്റ്റ് പെർമിറ്റ് സംബന്ധിച്ച് 2023 മേയ് മാസം നിലവിൽ വന്ന കേന്ദ്രഗവണ്മെൻ്റിൻ്റെ പുതുക്കിയ ചട്ടം [All India Tourist Vehicles (Permit) Rules, 2023] പ്രകാരം തങ്ങൾക്ക് ഇപ്പോൾ നടത്തുന്ന വിധം ട്രിപ്പ് നടത്താമെന്നാണ് ഇവരുടെ വാദം. അത് വാസ്തവമാണോ? ഈ വാദത്തിന് ഉപോദ്ബലകമായി ഇവർ പറയുന്നത് കേന്ദ്രമോട്ടോർ വാഹന ചട്ടത്തിലെ 82 മുതൽ 85A വരെയുള്ള ചട്ടങ്ങൾ പുതുക്കിയ ചട്ടം ഒഴിവാക്കിയിട്ടുണ്ടെന്നും ആയതിനാൽ അതിനൊപ്പമുള്ള ടൂറിസ്റ്റ് വാഹനം സ്റ്റേജ് കാര്യേജ് ഓപ്പറേഷൻ നടത്തരുത് എന്നുള്ള ചട്ടവും ഒഴിവായി എന്നുമാണ്. ഇത് തന്ത്രപരമാണ്, ഒരല്പം ശ്രദ്ധയോടെ നോക്കിക്കാണേണ്ടുന്ന ഒന്ന്. വാസ്തവത്തിൽ അത് കുറേ ചട്ടങ്ങളുടെ കൂട്ടമായ ഒരു ഒഴിവാക്കലാണ്, അതിലൊന്ന് മാത്രമാണ് സ്റ്റേജ് കാര്യേജ് ഓപ്പറേഷൻ നടത്തരുത് എന്നുള്ളത്. ഒരു ടൂറിസ്റ്റ് വാഹനവും സ്റ്റേജ് കാര്യേജ് പ്രവർത്തനം നടത്താൻ പാടില്ലായെന്നുള്ളത് പ്രത്യേകമായി പറയേണ്ടുന്ന ഒരു കാര്യമേയല്ല. അത് ഈ ചട്ടങ്ങളെല്ലാം ഉരുവം കൊള്ളുന്ന, മാതൃനിയമമായ (Mother Act), കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ വ്യക്തമായി പറഞ്ഞിട്ടുള്ളതാണ്. ആ നിയമത്തിൻ്റെ വ്യാപ്തിയിൽ ആ നിയമം പറയുന്ന അർത്ഥങ്ങൾ പ്രകാരമാണ് ടൂറിസ്റ്റ് വാഹനം എന്നതിൻ്റെ നിർവചനമെന്നു തന്നെ പുതുക്കിയ ചട്ടവും പറയുന്നു. വാസ്തവത്തിൽ ലളിതമായ ഇക്കാര്യം ആ നിയമങ്ങളും ചട്ടങ്ങളും പരിചയമില്ലാത്തവരെ സംബന്ധിച്ച് സങ്കീർണ്ണമായിരിക്കാം. ലളിതമായി മറ്റൊരു രീതിയിൽ പറയാം. ടൂറിസ്റ്റ് വാഹനങ്ങളെ സംബന്ധിച്ച് പുതുക്കിയ ചട്ടം വരുന്നതിനു മുൻപുള്ള ചട്ടത്തിൽ ടൂറിസ്റ്റ് വാഹനങ്ങൾ സ്റ്റേജ് കാര്യേജ് പ്രവർത്തനം നടത്തരുത് എന്ന ചട്ടം ഉണ്ടായിരുന്നുവല്ലോ. അത് പ്രത്യേകം എടുത്ത് പറഞ്ഞില്ലായിരുന്നു എന്ന സ്ഥിതിയായിരുന്നുവെങ്കിൽ കൂടി നിയമം അത് അനുശാസിക്കുന്നുണ്ട്. പുതുക്കിയ നിയമത്തിൽ അത് പറയുന്നില്ലെങ്കിലും നിയമം അത് അനുശാസിക്കുന്നു, അതായത്, ചട്ടത്തിൽ (Rule) പറഞ്ഞാലും പറഞ്ഞില്ലെങ്കിലും ടൂറിസ്റ്റ് വാഹനങ്ങൾ സ്റ്റേജ് കാര്യേജ് പ്രവർത്തനം നടത്തരുത് എന്ന് നിയമം (Act) അനുശാസിക്കുന്നുണ്ട് എന്നർത്ഥം.

സ്റ്റേജ് കാര്യേജ് എന്നാൽ അത്തരത്തിൽ പെർമിറ്റുള്ള ഒരു വാഹനത്തിൽ അതിനായി അനുവദിച്ചിട്ടുള്ള റൂട്ടിലും സമയത്തും ആ റൂട്ടിലെ ഏത് ഭാഗത്തു നിന്നും ആളെ കയറ്റുവാനും ഏത് ഭാഗത്തും ആളെ ഇറക്കുവാനും അവരിൽ നിന്നും അതനുസരിച്ചുള്ള വെവ്വേറെ നിരക്കിൽ പണം ഈടാക്കാനും അനുവദിക്കുന്ന പെർമിറ്റാണ്. നാം സാധാരണ പ്രൈവറ്റ് ബസ്സുകളെന്നും ലൈൻ ബസ്സുകളെന്നുമെല്ലാം വിളിക്കുന്നവയും കെഎസ്ആർടിസിയുമെല്ലാം ആ വിധത്തിലുള്ളതാണ്. ഇത് യാത്രക്കാർക്ക് വലിയ അവകാശങ്ങൾ നൽകുന്ന, സ്റ്റേറ്റിൻ്റെ വലിയ നിയന്ത്രണത്തിലുള്ള ഒരു വ്യവസ്ഥയാണ്. വിദ്യാർഥികൾക്കുള്ള കൺസഷൻ, സമയക്ലിപ്തത, സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുമെല്ലാമുള്ള അവകാശങ്ങൾ, വിദൂരവും ഒറ്റപ്പെട്ട് നിൽക്കുന്നതുമായ പ്രദേശങ്ങളിലേയ്ക്കുള്ള ഉറപ്പായ സർവ്വീസുകൾ, കണ്ടക്ടർ, സഹായി എന്നിങ്ങനെയുള്ള തൊഴിൽ വിഭാഗങ്ങൾ, നിയന്ത്രണങ്ങൾ, അവകാശങ്ങൾ എന്നിവയുൾപ്പടെ പലതും ഉൾച്ചേരുന്ന ഒരു വ്യവസ്ഥ. യാത്ര ചെയ്തുവന്നിരുന്ന ഒരു ബസ് അടുത്ത ദിവസം വന്നില്ലെങ്കിലോ, സമയം പാലിച്ചില്ലെങ്കിലോ, ഒരു ട്രിപ്പ് കാൻസൽ ചെയ്തെങ്കിലോ, സ്റ്റോപ്പിൽ നിർത്തിയില്ലെങ്കിലോ, കൺസഷൻ തന്നില്ലെങ്കിലോ, അംഗീകരിച്ച നിരക്കിൽ കൂടുതൽ ആവശ്യപ്പെട്ടാലോ ഒക്കെ പിഴയും പെർമിറ്റ്/ ലൈസൻസ് റദ്ദാക്കലുമെല്ലാം ശിക്ഷകളായുള്ള, യാത്രക്കാരെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുന്ന, പണമുണ്ടെന്ന് കരുതി ഏതൊരാൾക്കും തന്നിഷ്ടപ്രകാരം ഇടപെടാൻ കഴിയാത്ത ഒരു മേഖലയാണത്. ഭൂരിപക്ഷവും സാധാരണക്കാരായ ഒരു സമൂഹത്തിൻ്റെ യാത്രാമാർഗ്ഗവ്യവസ്ഥയുടെ ആണിക്കല്ലാണ് സ്റ്റേജ് കാര്യേജ് പെർമിറ്റ് വ്യവസ്ഥ. എന്നാൽ കോൺട്രാക്റ്റ് കാര്യേജ് എന്നത് അതിൽ യാത്ര ചെയ്യുന്നവരും അല്ലെങ്കിൽ യാത്ര സംഘടിപ്പിക്കുന്ന ആളും വാഹനത്തിൻ്റെ ആളും തമ്മിൽ ഏർപ്പെടുന്ന ഒരു കരാർ പ്രകാരമുള്ളതാണ്. അതിനുള്ള നിരക്കിൻ്റെ കാര്യത്തിൽ നിയന്ത്രണങ്ങളൊന്നുമില്ല, സമയത്തിൻ്റെ കാര്യത്തിലുമതെ. കരാർ പറയുന്ന പ്രകാരമുള്ള നിയന്ത്രണങ്ങൾ മാത്രം. ആ കരാറിനു ശേഷം അതിലെ വ്യവസ്ഥകൾ മറ്റൊരു ദിവസം പാലിക്കപ്പെടണമെന്നേയില്ല. ഒരു ടൂറിസ്റ്റ് വാഹനമെന്നാൽ ഒരു കോൺട്രാക്റ്റ് കാര്യേജ് ആണെന്നും കോൺട്രാക്റ്റ് കാര്യേജിൻ്റെ വ്യവസ്ഥകൾ അതിനും ബാധകമാണെന്നും നിയമം പറയുന്നു. കോൺട്രാക്റ്റ് കാര്യേജ് എന്നതിന് നിയമപ്രകാരം അതിലുള്ള ആളുകൾക്കെല്ലാം ഒരു കോൺട്രാക്റ്റ്, ഒരൊറ്റ കരാർ എന്നുള്ളതാണ് വ്യവസ്ഥ. ആ ഒരൊറ്റ കരാർ എന്നതുകൊണ്ട് നിയമം ഉദ്ദേശിക്കുന്നത് യാത്രക്കാർക്കെല്ലാം സമാനസ്വഭാവമുള്ള ആവശ്യം (“common purpose”) ആണെന്ന് പലതവണ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. വിവാഹയാത്ര, വിനോദ, തീർത്ഥാടന, പഠനയാത്രകൾ പോലുള്ളവയാണത്. പൊതുവായ ആവശ്യം മാത്രമല്ല, കോൺട്രാക്റ്റിൽ മുൻകൂർ ഏർപ്പെട്ടിട്ടുള്ളവരെയല്ലാതെ ഒരാളെയും സ്റ്റാർട്ടിംഗ് പോയിൻ്റിൽ വാഹനത്തിൽ കയറ്റുകയോ യാത്രാമദ്ധ്യേ വാഹനത്തിൽ കയറ്റുകയോ ചെയ്യരുതെന്ന് നിയമം അനുശാസിക്കുന്നു. ഇതിൽ ഏതെങ്കിലും ഒന്ന് ശരിയല്ലാതെ വന്നാൽ അത് ഒരു സ്റ്റേജ് കാര്യേജ് പ്രവർത്തനമായി മാറും. പൊതുഗതാഗതവ്യവസ്ഥയെ അത് വലിയ രീതിയിൽ പ്രതികൂലമായി ബാധിക്കും. അങ്ങനെ വന്നാൽ ടൂറിസ്റ്റ് / കോൺട്രാക്റ്റ് കാര്യേജ് പെർമിറ്റ് നേടുന്ന ഏത് പണക്കാരനും തന്നിഷ്ടം പ്രകാരം ട്രിപ്പുകൾ നടത്താം. നിലവിൽ സർവ്വീസുകളുള്ള റൂട്ടിൽ തന്ത്രപരമായി പ്രവർത്തിച്ച് സ്റ്റേജ് കാര്യേജ് മേഖലയെ അത്തരത്തിലുള്ളവർ തകർക്കും. എപ്പോൾ വേണമെങ്കിലും ഒരു റൂട്ടിൽ ഓടിച്ചു വന്നിരുന്ന വാഹനം പിൻവലിക്കാം, തന്നിഷ്ടപ്രകാരം നിരക്ക് നിശ്ചയിക്കാം, സ്റ്റോപ്പുകളിൽ നിർത്താം നിർത്താതിരിക്കാം, യാത്രക്കാരെ കയറ്റാം കയറ്റാതിരിക്കാം, വിദ്യാർഥികൾക്ക് കൺസഷൻ കൊടുക്കേണ്ടതേയില്ല, സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കുമൊന്നും സീറ്റ് മാറ്റിവയ്ക്കേണ്ടതില്ല, അസമയത്ത് നിർത്തേണ്ടതില്ല.. – സ്റ്റേജ് കാര്യേജ് വ്യവസ്ഥ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുന്ന യാത്രക്കാരെ, സാധാരണക്കാരെ, അവിടെനിന്നും മാറ്റി, പണക്കാരെയും മുതലാളിമാരെയും അവിടെ പ്രതിഷ്ഠിക്കുന്ന ഒരു സംവിധാനമാണത്. പണാധിപത്യം നിശ്ചയിക്കുന്ന ഒരു പൊതുഗതാഗതസംവിധാനം. എന്നാൽ തൽക്കാലം നിയമം അത് അനുവദിക്കുന്നില്ല. അതിനാൽ Common Sense is not so common എന്നുള്ളത് കണക്കിലെടുത്ത് രോഷാകുലരായ റോബിൻ ആരാധകരും മാധ്യമങ്ങളും കൂടി ശ്രമിച്ച് നിയമനിർമ്മാണസഭയെക്കൊണ്ട് ഈ നിയമങ്ങൾ മാറ്റി എഴുതിക്കാൻ ശ്രമിക്കേണ്ടതാണ്. അതുവരെ പക്ഷെ ഇങ്ങനെയാണ് കാര്യങ്ങൾ. അതുകൊണ്ടൊക്കെത്തന്നെ പലതവണ ഇത്തരത്തിലുള്ള ശ്രമങ്ങളുണ്ടായിട്ടുള്ളപ്പോഴൊക്കെയും സ്റ്റേജ് കാര്യേജ് സംവിധാനവും കോൺട്രാക്റ്റ് കാര്യേജ് സംവിധാനവും തമ്മിലുള്ള വ്യതിരിക്തത ഇങ്ങനെയുള്ള പ്രവർത്തികൾ ഇല്ലാതെയാക്കുമെന്നും അത് ഒരുതരത്തിലും അനുവദിക്കാൻ കഴിയില്ലായെന്നും രാജ്യത്തെ പരമോന്നത കോടതി State Of Andhra Pradesh & Others vs B.Noorulla Khan പോലെയുള്ള നിരവധി കേസുകളിൽ നിസ്തർക്കമായി പ്രസ്താവിച്ചിട്ടുള്ളതാണ്, അതിനു വിരുദ്ധമായ ചട്ടങ്ങൾ അസാധുവാക്കിയിട്ടുള്ളതാണ്, ഹൈക്കോടതികളെയുൾപ്പടെ തിരുത്തിയിട്ടുള്ളതാണ്.

പെർമിറ്റ് വ്യവസ്ഥകൾക്ക് വിരുദ്ധമായി ഒരു വാഹനം, അതും നിരവധി മനുഷ്യരെ കയറ്റുന്ന ബസ്സ് പോലെയൊന്ന് ഓടി ഉണ്ടാകുന്ന അപകടങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഏതുവിധമാകുമെന്നത് ആ കമ്പനികളുടെ വ്യവസ്ഥകൾ പരിശോധിച്ചാലേ പറയാൻ കഴിയൂ. വ്യവസ്ഥയില്ലാത്തെ ഇക്കൂട്ടരുടെ സങ്കല്പലോകത്ത് ഇൻഷുറൻസില്ലാതെ ചായകുടിക്കാൻ പോകുന്ന യാത്രക്കാരുടെ സുരക്ഷയും തുലാസിൽ തന്നെ.

പെർമിറ്റ് വ്യവസ്ഥകളുടെ ലംഘനം ഒരു സുരക്ഷാപ്രശ്നം കൂടിയാണ്. അതിനു പിഴയുണ്ടാകും, കേസുകളുണ്ടാകും. ഡേസ്റ്റിനേഷൻ പോയിൻ്റിലെത്തുന്ന വാഹനം നിയമങ്ങളും കോടതിയെ തെറ്റിദ്ധരിപ്പിച്ചു നേടിയ ഇടക്കാല ഉത്തരവിലെ വ്യവസ്ഥകളും ലംഘിച്ചാൽ, കോടതി പറഞ്ഞ പ്രകാരം മുൻപ് ചുമത്തിയ പിഴകൾ അടയ്ക്കാത്ത സാഹചര്യത്തിൽ വിശേഷിച്ചും, കസ്റ്റഡിയിലെടുക്കാം, ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാം, പെർമിറ്റ് റദ്ദാക്കാം നിരവധി ലംഘനങ്ങൾക്കുള്ള കേസുകൾ അതിൻ്റെ ആളുകൾക്കെതിരെയും പിന്തുണക്കാർക്കെതിരെയുമെല്ലാം എടുക്കാം. അതിന് ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് മറ്റൊരു സംസ്ഥാനത്തെ മുഖ്യമന്ത്രിയെ വിളിച്ചുപറഞ്ഞാലേ കഴിയൂ എന്നൊക്കെ തോന്നുന്നത് ആ പറയുന്നയാൾ അത് പറയുന്ന നിമിഷത്തേക്കെങ്കിലും താനാണ് ലോകത്തിൻ്റെ കേന്ദ്രസ്ഥാനത്ത് എന്ന് വിചാരിക്കുന്നതുകൊണ്ടാണ്. പേനിനെ കൊല്ലാൻ ചുറ്റികയുടെ ആവശ്യമില്ല. ഈ വിഷയത്തിൽ ശബരിമലയുൾപ്പടെ കലർത്തി വർഗ്ഗീയവിദ്വേഷം പരത്തുന്ന അയാൾ കേരളത്തിൻ്റെ സ്വാസ്ഥ്യം തകർക്കാൻ ശ്രമിക്കുന്ന വർഗ്ഗീയശക്തികളുടെകൂടി പ്രതിനിധിയാണെന്നു വേണം അനുമാനിക്കാൻ.

ഇൻ്റർനെറ്റിൽ അല്പമൊന്ന് പരതിയാൽ അറിയാൻ കഴിയുന്ന, നിയമസംബന്ധിയായ ഇക്കാര്യങ്ങളെക്കുറിച്ച് അല്പമെങ്കിലും ഒന്ന് പഠിക്കാൻ ശ്രമിക്കാതെ, നേരു റിപ്പോർട്ട് ചെയ്യാൻ ശ്രമിക്കാതെ, മൊബൈൽ ക്യാമറയും മൈക്കും പിടിക്കാൻ അറിയുന്നവരെല്ലാം മാധ്യമപ്രവർത്തകരാകുന്ന ഇക്കാലത്ത് അവരെല്ലാം കൂടി റോബിനെന്ന ബസ്സിൻ്റെ സ്വയം പ്രഖ്യാപിത മുതലാളിയുടെ നേരെ മൈക്കും ക്യാമറയും നീട്ടുന്നു, മുതലാളീ മുതലാളീ എന്ന് വിളിക്കുന്നു. അദ്ദേഹം എന്തോ എന്തോ എന്ന് വിളി കേൾക്കുന്നു. എന്നിട്ട്, നിശ്ചയമായും ആ മനുഷ്യനും പിന്നിലുള്ള ലോബിക്കും ഇത് സംബന്ധിച്ചുള്ള നിയമങ്ങളും ചട്ടങ്ങളും അവ നിലനിർത്താനായി സുപ്രീം കോടതിയുടെ പലയാവർത്തി അടിവരയിട്ടു പറഞ്ഞ നിരീക്ഷണങ്ങളും അറിയാമെങ്കിലും കോടതി പിന്തുണച്ചു, കോടതി ഇടപെട്ടുകൊണ്ടിരിക്കുന്നു, സർക്കാർ ചതിച്ചു, മന്ത്രി ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പക പോക്കുന്നു എം വി ഡി വേട്ടയാടുന്നു, മുഖ്യമന്ത്രി തമിഴ്‌നാട് സർക്കാരിനെക്കൊണ്ട് കസ്റ്റഡിയിലെടുപ്പിക്കുന്നു, സംരംഭകരെ തകർക്കുന്നു എന്നെല്ലാമുള്ള കള്ളങ്ങളും ടൂറിസ്റ്റ് ചട്ടങ്ങളെക്കുറിച്ചുള്ള ദുർവ്യാഖ്യാനങ്ങളും പ്രചരിപ്പിക്കുന്നു. അതുകേട്ട് ആലോചനയില്ലാതെ ആവേശഭരിതരും ആക്രോശഭരിതരുമാകുന്ന വലിയൊരുകൂട്ടം ജനങ്ങൾ തങ്ങളെ ഇട്ടുമൂടാനാണ് ഇക്കൂട്ടർ ഇത് കുഴിച്ചിരിക്കുന്നതെന്നറിയാതെ ആ കുഴിയിലേയ്ക്ക് എടുത്ത് ചാടുന്നു, നൃത്തം വയ്ക്കുന്നു. റോബിനെ തൊട്ടാൽ പൊള്ളുമെന്നും പെൻഷൻ വാങ്ങിപ്പിക്കില്ലായെന്നുമെല്ലാം ധീരോദാത്തനായകരാകുന്നു. ബഹുഭൂരിപക്ഷം നിയമങ്ങളും അവയുടെ ആത്മാവിലും ആദർശത്തിലും സാധാരണക്കാർക്കും ദുർബലർക്കും വേണ്ടിയുള്ളതാണെന്നത് മറന്നുപോകുന്നു, പണക്കാർക്ക് അത്തരം നിയമങ്ങളുടെ ആവശ്യം തന്നെയില്ലെന്നത് മറന്നുപോകുന്നു, നിയമവിരുദ്ധമായ ആക്രോശങ്ങൾ നിയമവിരുദ്ധമാണെന്നും ശിക്ഷാർഹവുമാണെന്നത് മറന്നുപോകുന്നു, എങ്കിലും നിയമം പക ഇച്ഛിക്കുന്നില്ലായെന്നത് മറന്നുപോകുന്നു, ഗാന്ധിയുടെ പ്രസിദ്ധമായ ആ ടാലിസ്മാൻ ഇപ്പോഴുമുണ്ടെന്നത് മറന്നുപോകുന്നു. ഇതെല്ലാം ഓർമ്മയുള്ളവരുണ്ടെന്നത് മറന്നുപോകുന്നു. എങ്കിലും റോബിനേ, ചന്ദ്രികേ, നിങ്ങൾ കാണും സങ്കല്പലോകമല്ലീയുലകം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News