ദില്ലി വനിതാ കമ്മീഷൻ മേധാവി സ്വാതി മലിവാൾ മണിപ്പൂരിലെത്തി. സംസ്ഥാന സർക്കാർ പ്രവേശിക്കാനുള്ള അനുമതി നിഷേധിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് ദില്ലി വനിതാ കമ്മീഷൻ മേധാവിയുടെ സന്ദർശനം. എന്ത് പ്രതിസന്ധി ഉണ്ടായാലും വടക്കുകിഴക്കൻ സംസ്ഥാനത്തിലേക്കുള്ള സന്ദർശനവുമായി മുന്നോട്ട് പോകുമെന്ന് മലിവാൾ നേരത്തെ പറഞ്ഞിരുന്നത്.
“മണിപ്പൂരിൽ ഇറങ്ങി. മുഖ്യമന്ത്രി എൻ ബീരേൻ സിംഗ് ജിയുമായി കൂടികാഴ്ചയ്ക്ക് സമയം ആവശ്യപ്പെട്ടിട്ടുണ്ട്. എന്റെ അഭ്യർത്ഥന എത്രയും വേഗം അദ്ദേഹം സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.” എന്നും മലിവാൾ ട്വിറ്ററിൽ കുറിച്ചു.തന്റെ സന്ദർശനം സുഗമമാക്കണമെന്ന് ആവശ്യപ്പെട്ട് മണിപ്പൂർ മുഖ്യമന്ത്രിക്ക് എഴുതിയ കത്തിന്റെ പകർപ്പും പങ്കുവെച്ചു.\
“മണിപ്പൂരിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെയും ലൈംഗികാതിക്രമ കേസുകളുടെയും പ്രസക്തമായ വിഷയം ചർച്ച ചെയ്യാൻ കൂടിക്കാഴ്ച നടത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളിൽ നിന്ന് രക്ഷപ്പെടാൻ നിരവധി മണിപ്പൂരി സ്ത്രീകൾ ഡൽഹിയിൽ എത്തിയിട്ടുണ്ട്. അവരുടെ ക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നു,” എന്നും മാലിവാൾ കത്തിൽ വ്യക്തമാക്കി.
ALSO READ: “അതിവേഗ ട്രെയിനുകൾ ഭിന്നശേഷി സൗഹൃദമല്ല ”, പരാതിയുമായി ഭിന്നശേഷിക്കാർ
“സന്ദർശനം സുഗമമാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ഈ രാജ്യത്തെ ഒരു സഹപൗരൻ എന്ന നിലയിലും സ്ത്രീകളെയും പെൺകുട്ടികളെയും സംരക്ഷിക്കുന്ന ഒരു നിയമാനുസൃത ബോഡിയുടെ തലവൻ എന്ന നിലയിലും മണിപ്പൂരിലെ സഹോദരിമാർക്ക് സഹായവും പിന്തുണയും നൽകുന്നതിന് എന്നെ സഹായിക്കും”. സംസ്ഥാനത്ത് സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെയുള്ള മനുഷ്യത്വരഹിതമായ അതിക്രമങ്ങൾ കാണിക്കുന്ന വീഡിയോ രാജ്യത്തെ ഞെട്ടിച്ചു. അവരെ കണ്ടെത്തി അവർക്ക് പിന്തുണ നൽകണമെന്നും മലിവാൾ വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here