സ്വിറ്റ്‌സര്‍ലന്‍ഡിലെ ക്രെഡിറ്റ് സ്വീസും തകര്‍ച്ചയിലേക്ക്

അമേരിക്കയിലെ ബാങ്കുകള്‍ക്ക് പിന്നാലെ സ്വിറ്റ്‌സര്‍ലന്‍ഡിലെ ക്രെഡിറ്റ് സ്വീസും തകര്‍ച്ചയിലേക്ക്. കള്ളപ്പണക്കാരുടെ പ്രിയപ്പെട്ട ബാങ്കായിരുന്ന ക്രെഡിറ്റ് സ്വീസ് സ്വിറ്റ്‌സര്‍ലന്‍ഡിലെ രണ്ടാമത്തെ വലിയ ബാങ്കാണ്. തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടാന്‍ അടിയന്തര കടസഹായമായി സ്വിസ് കേന്ദ്ര ബാങ്ക് 5000 കോടി സ്വിസ് ഫ്രാങ്ക് അനുവദിച്ചിട്ടുണ്ട്.

അമേരിക്ക ആസ്ഥാനമായ സില്‍വര്‍ഗേറ്റ്, സിലിക്കണ്‍ വാലി, സിഗ്‌നേച്ചര്‍ ബാങ്കുകള്‍ക്ക് പിന്നാലെ തകര്‍ച്ചാ ഭീഷണി സ്വിറ്റ്‌സര്‍ലന്‍ഡിലേക്കും കടക്കുകയാണ്. അവിടത്തെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കായ ക്രെഡിറ്റ് സ്വീസാണ് ഓഹരി വിപണിയില്‍ വന്‍ വില തകര്‍ച്ച നേരിടുന്നത്. 30% ത്തോളം വില തകരുകയും നിക്ഷേപകര്‍ കൂട്ടത്തോടെ പണം പിന്‍വലിക്കുകയും ചെയ്തതോടെ പൂട്ടല്‍ ഭീഷണിയിലാണ് ബാങ്ക്. തകര്‍ച്ച ഒഴിവാക്കാന്‍ സ്വിസ് നാഷണല്‍ ബാങ്ക് 5000 കോടി സ്വിസ് ഫ്രാങ്ക് കടമായി നല്‍കും.

നേരത്തെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ കള്ളപ്പണക്കാരുടെ പ്രിയ ബാങ്കായിരുന്ന ക്രെഡിറ്റ് സ്വീസ് കാലാന്തരത്തില്‍ അപ്രസക്തമാകുകയായിരുന്നു. വിവിധ രാജ്യങ്ങള്‍ വന്‍ പിഴയിട്ടതും മൗറീഷ്യസ്, പനാമ അടക്കമുള്ള പുതിയ ടാക്‌സ് ഹെവനുകള്‍ ഉയര്‍ന്നു വന്നതും ബാങ്കിന് തിരിച്ചടിയായി. നിലവില്‍ പണപ്പെരുപ്പം തടയാന്‍ ലോകത്തിലെ മുഴുവന്‍ ബാങ്കുകളും പലിശാനിരക്ക് ഉയര്‍ത്തുന്നതോടെ നിക്ഷേപം മാത്രം സ്വീകരിക്കുന്ന ക്രെഡിറ്റ് സ്വീസ് അടക്കമുള്ള ബാങ്കുകള്‍ ഭീഷണിയിലാണ്.

രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ബാങ്ക് തകരുന്നു എന്ന സോഷ്യല്‍ മീഡിയ ക്യാമ്പയിനിടയില്‍ നിക്ഷേപകര്‍ കൂട്ടത്തോടെ പണം പിന്‍വലിച്ചതും നഷ്ടം കടുപ്പിച്ചു. ഓഹരി വിപണിയില്‍ തകര്‍ച്ച നേരിട്ട ബാങ്കിനെ സഹായിക്കാന്‍ പ്രധാന നിക്ഷേപകരായ സൗദി നാഷണല്‍ ബാങ്ക് ഉണ്ടാകില്ലെന്ന് അറിയിച്ചത് തകര്‍ച്ചയുടെ പടുകുഴിയിലേക്ക് നയിച്ചു. കേന്ദ്ര ബാങ്കിന്റെ സഹായത്തോടെ പിടിച്ചു കയറാനുള്ള നീക്കത്തിലാണ് ക്രെഡിറ്റ് സ്വീസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News