ഹിജാബ് ധരിക്കുന്ന ന്യൂ ജേഴ്‌സിയിലെ ആദ്യത്തെ വനിത ജഡ്ജിയായി നാദിയ കഹ്ഫ്

അമേരിക്കന്‍ കോടതിയില്‍ ചരിത്രം സൃഷ്ടിച്ച് നാദിയ കഹ്ഫ്. ഹിജാബ് ധരിക്കുന്ന ന്യൂ ജേഴ്‌സിയിലെ ആദ്യത്തെ വനിതാ ജഡ്ജി ആയിരിക്കുകയാണ് നാദിയ. സിറിയയില്‍ ജനിച്ച നാദിയ യു എസില്‍ പാസായിക് കൗണ്ടിയില്‍ സുപ്പീരിയര്‍ കോര്‍ട്ട് ജഡ്ജിയായാണ് മാര്‍ച്ച് 21 ന് സത്യപ്രതിജ്ഞ ചെയ്തത്. മിഷിഗണിലെ വെയ്ന്‍ കൗണ്ടിയിലെ സര്‍ക്യൂട്ട് കോടതിയില്‍ ജഡ്ജിയായി 2005ല്‍ സത്യപ്രതിജ്ഞ ചെയ്ത ലെബനണ്‍ വംശജയായ ചാര്‍ലെയ്ന്‍ എല്‍ഡറിനാണ് അമേരിക്കയിലെ ഹിജാബ് ധരിച്ച ആദ്യ വനിത ജഡ്ജിയെന്ന ബഹുമതി.

അമേരിക്കയില്‍ സുപ്പീരിയര്‍ കോര്‍ട്ട് ജഡ്ജിയായി സേവനമനുഷ്ഠിക്കുന്ന മൂന്നാമത്തെ മുസ്ലിം വനിതയാണ് നാദിയ കഹ്ഫ്. എങ്കിലും ന്യൂജേഴ്സിയില്‍ ഹിജാബ് ധരിച്ച് ഒരു വനിത പദവിയില്‍ എത്തുന്നത് ചരിത്രത്തില്‍ ആദ്യമായാണ്. മുത്തശ്ശിയില്‍ നിന്ന് പാരമ്പര്യമായി ലഭിച്ച ഖുര്‍ആനില്‍ കൈവച്ചാണ് നാദിയ സത്യപ്രതിജ്ഞ ചെയ്തത്.

‘യുഎസിലെ ന്യൂജേഴ്‌സിയിലെ മുസ്ലീം, അറബ് സമുദായങ്ങളെ പ്രതിനിധീകരിക്കുന്നതില്‍ എനിക്ക് സന്തോഷവും അഭിമാനവുമുണ്ട്. വൈവിധ്യമാണ് നമ്മുടെ ശക്തി, അത് നമ്മുടെ ബലഹീനതയല്ല’ എന്ന് നാദിയ സത്യപ്രതിജ്ഞാ ചടങ്ങില്‍ പറഞ്ഞു. കുടുംബ നിയമത്തില്‍ വൈദഗ്ദ്ധ്യം നേടിയ നാദിയ ഇമിഗ്രേഷന്‍ കേസുകളും മുന്‍പ് കൈകാര്യം ചെയ്തിട്ടുണ്ട് രണ്ടു വയസുള്ളപ്പോഴാണ് നാദിയ കഹ്ഫ് സിറിയയില്‍ നിന്ന് തന്റെ കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് കുടിയേറുന്നത്.

2022 ല്‍ വര്‍ഷം ന്യൂജേഴ്‌സി ഗവര്‍ണര്‍ ഫില്‍ മര്‍ഫിയാണ് അവരെ ജഡ്ജി സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്തത്. അതിനുശേഷം കഴിഞ്ഞവര്‍ഷം മെയില്‍ മേയര്‍മാര്‍, കൗണ്‍സില്‍ അംഗങ്ങള്‍, സ്‌കൂള്‍ ബോര്‍ഡ് അംഗങ്ങള്‍, ന്യൂജേഴ്‌സി മുസ്ലിം ലോയേഴ്‌സ് അസോസിയേഷന്റെ നേതാക്കള്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള കമ്മ്യൂണിറ്റി നേതാക്കള്‍ നാദിയയുടെ നോമിനേഷന്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ട് സെനറ്റര്‍ ക്രിസ്റ്റിന്‍ കൊറാഡോയ്ക്ക് കത്തും നല്‍കിയിരുന്നു. ഈ നാമനിര്‍ദ്ദേശത്തെ പിന്തുണച്ചു കൊണ്ട് 700 ല്‍ അധികം ആളുകള്‍ ഓണ്‍ലൈന്‍ പെറ്റീഷനിലും ഒപ്പുവച്ചു. എന്നാല്‍ നാദിയ കഹ്ഫിന്റെ നിയമനം സെനറ്റര്‍ ക്രിസ്റ്റിന്‍ കൊറാഡോ വൈകിപ്പിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News