12 വര്‍ഷത്തിന് ശേഷം അറബ് ലീഗില്‍ തിരികെ കയറി സിറിയ. പുനപ്രവേശത്തിലൂടെ സിറിയന്‍ സംഘര്‍ഷത്തിന് പൂര്‍ണ പരിഹാരമുണ്ടാക്കാമെന്നാണ് അറബ് ലീഗ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. ചൈന ഇടപെട്ട് സൗദി- ഇറാന്‍ ബന്ധം പുനസ്ഥാപിച്ചതാണ് സിറിയയുടെ പുനപ്രവേശത്തിനുള്ള കാരണം.
കഴിഞ്ഞ ദിവസം കെയ്‌റോയില്‍ ചേര്‍ന്ന അറബ് ലീഗ് അംഗരാഷ്ട്രങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് സിറിയയെ ലീഗില്‍ തിരികെ പ്രവേശിപ്പിക്കാന്‍ തീരുമാനമായത്. മുല്ലപ്പൂ വിപ്ലവത്തിന് ശേഷമുണ്ടായ ആഭ്യന്തരകലഹം 12 വര്‍ഷങ്ങളായി സിറിയന്‍ ജനജീവിതം ദുസ്സഹമാക്കുകയാണ്. ഇതിന് പരിഹാരമാകും എന്ന് കരുതിയാണ് സിറിയയിലെ നിലവിലുള്ള സര്‍ക്കാരുമായി അറബ് ലീഗ് നേതൃത്വത്തിന്റെ പുതിയ ആശയവിനിമയം. പുനപ്രവേശത്തോടെ മെയ് 19ന് നടക്കുന്ന അറബ് ലീഗ് യോഗത്തില്‍ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന് പങ്കെടുക്കാമെന്ന് അറബ് ലീഗ് ജനറല്‍ സെക്രട്ടറി അഹമ്മദ് അബൂല്‍ ഗെയ്ത് വ്യക്തമാക്കി.
നേരത്തെ സിറിയന്‍ സംഘര്‍ഷത്തില്‍ ഇറാനും സൗദിക്കും പരസ്പര വിരുദ്ധ നിലപാടാണ് ഉണ്ടായിരുന്നത്. സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന് സംരക്ഷണം നല്‍കാന്‍ സൈനിക, സാമ്പത്തിക, നയതന്ത്ര സഹായം നല്‍കി വരികയായിരുന്നു ഇറാന്‍. എന്നാല്‍ അതിനെതിരെ പ്രവര്‍ത്തിച്ച് വരികയായിരുന്നു സൗദി. സൗദി- ഇറാന്‍ സംഘര്‍ഷത്തില്‍ ഇടപെട്ട ചൈന നിരന്തര ചര്‍ച്ചകളുടെ ഭാഗമായി പരിഹാരം സൃഷ്ടിച്ചപ്പോള്‍ അത് സിറിയന്‍ ഭരണകൂടത്തിനും അനുകൂലമായി മാറുകയായിരുന്നു. ഇതാണ് അറബ് ലീഗ് യോഗങ്ങളിലും പ്രതിഫലിച്ചത്.
അറബ് ലീഗിലേക്ക് സിറിയ തിരികെ പ്രവേശിച്ചാലും എല്ലാ രാജ്യങ്ങളും സിറിയന്‍ ഭരണകൂടത്തിന് അനുകൂലമായിട്ടില്ല. എന്നാല്‍, അന്താരാഷ്ട്ര തലത്തില്‍ ചൈന നല്‍കിയേക്കാവുന്ന സംരക്ഷണവും അറബ് ലീഗില്‍ സൗദിയും ഇറാനും സംയുക്തമായി നല്‍കിക്കൊണ്ടിരിക്കുന്ന സംരക്ഷണവും സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന് കാലിടറാതെ നടക്കാന്‍ കരുത്ത് പകരും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here