ധനികഗൃഹത്തില്‍ വിരുന്നുവന്ന ദരിദ്രനായ ബന്ധുവിന്റെ സ്ഥാനമേ മലയാളത്തില്‍ ചെറുകഥക്ക് നല്‍കിയിട്ടുള്ളൂവെന്ന് ടി പത്മനാഭന്‍. ഈ അഭിപ്രായം 40 വര്‍ഷം മുമ്പ് കുറിച്ചതാണെങ്കിലും നിലവിലെ സ്ഥിതി മാറിയിട്ടില്ല. വയലാര്‍ അവാര്‍ഡ് നല്‍കാന്‍ തുടങ്ങിയതിനു ശേഷം 15 വര്‍ഷം കഴിഞ്ഞാണ് ചെറുകഥയെ പരിഗണിച്ചത്. ഇതിനായി ഒത്തിരി ശബ്ദിച്ചു. 50 വര്‍ഷമായി അവാര്‍ഡ് നല്‍കാന്‍ തുടങ്ങിയിട്ട്. ഇക്കാലത്തിനുള്ളില്‍ ചെറുകഥക്ക് അവാര്‍ഡ് ലഭിച്ച ഏക വ്യക്തി ഞാനാണ്. ലക്ഷങ്ങള്‍ വിലമതിപ്പുള്ള അവാര്‍ഡുകള്‍ നിരസിച്ചിട്ടുള്ള ഞാന്‍ അത് കൈപ്പറ്റാന്‍ പാടില്ലായിരുന്നു. വ്യക്തികളെ ബഹുമാനിക്കാറുണ്ട്. അന്ന് പികെ വാസുദേവന്‍ നായര്‍ അതിന്റെ ചെയര്‍മാനായിരുന്നതിനാലാണ് അവാര്‍ഡ് കൈപ്പറ്റിയതെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭാ പുസ്തകോത്സവത്തില്‍ ‘എന്റെ എഴുത്തിന്റേയും വായനയുടേയും ജീവിതം’ എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സന്തോഷത്തിന് വേണ്ടിയാണ് എഴുതുന്നത്. എന്നെ ഞാനാക്കിയ സമൂഹത്തിന് എന്തെങ്കിലും ഗുണം കിട്ടിയാല്‍ അതില്‍പരം സന്തോഷം മറ്റൊന്നില്ല. ജനമനസ്സ് വറ്റിപ്പോയിട്ടില്ല. അതിന്റെ പ്രതിഫലനമാണ് കഥകളിലുടനീളം നിഴലിക്കുന്ന ദയയെന്ന കാരുണ്യഭാവം. ഏറ്റവും അവസാനത്തെ കഥയുടെ പേരും ദയയാണ്. ഈ കഥ പ്രമുഖ പ്രസാധകര്‍ ഡീലക്സ് എഡിഷനായി ജനുവരിയില്‍ പുറത്തിറക്കുന്നുണ്ട്. എല്ലാ അര്‍ഥത്തിലും കടഞ്ഞെടുത്ത ശില്‍പ്പമെന്ന നിലയില്‍ കടലാണ് എന്റെ ഏറ്റവും മികച്ച കഥ. കഴിഞ്ഞ കുറേ കാലമായി കഥകള്‍ മനസ്സിലാണ്. മനസ്സിന്റെ ഏതെങ്കിലും കല്ലറകളില്‍ അതിനെ ഒതുക്കും. ഏതാനും ആഴ്ചകള്‍ കഴിഞ്ഞാണ് വീണ്ടും പുറത്തെടുക്കാറ്. മനസ്സില്‍ എഴുതി എഡിറ്റിങും കഴിഞ്ഞേ കടലാസില്‍ പകര്‍ത്തൂ.
മലയാളത്തില്‍ 75 കൊല്ലമായി ഞാനുണ്ട്. ഇന്ത്യയില്‍ കൂടുതല്‍ പ്രതിഫലം രചനകള്‍ക്ക് കിട്ടാറുണ്ട്. കഷ്ടിച്ച് ഇരുന്നൂറുറോളം കഥകളേ എഴുതിയിട്ടുള്ളൂ. കാശിനോടുള്ള ആര്‍ത്തികൊണ്ട് എഴുതാറില്ല. അതിമഹത്തായ കലാരൂപമാണ് നോവല്‍. അക്ഷമനായതുകൊണ്ടാണ് നോവലെഴുത്തിന് തുനിയാത്തത്. സത്യം പറഞ്ഞാല്‍ ശത്രുക്കളുണ്ടാകും കളവുപറയാനുമാകില്ല എന്നതിനാലാണ് ആത്മകഥ എഴുതാത്തത്. നല്ല എഴുത്തുകാര്‍ മനസ്സില്‍ എന്നും ഏകാകിയാണ്.
എലിമെന്ററി സ്‌കൂളില്‍ പഠിച്ചിരുന്നപ്പോള്‍ ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ പോകാത്ത ഏക വിദ്യാര്‍ഥി ഞാനായിരുന്നു. അടുത്ത വീട്ടിലെ കിണറ്റിലെ വെള്ളം കുടിച്ചാണ് വിശപ്പടക്കിയത്. മരുമക്കത്തായ തറവാട്ടില്‍ ജനിച്ചുവളര്‍ന്നു. വല്യമ്മാവന്‍ തന്നിരുന്ന നെല്ലാണ് ഏക ആശ്രയം. അത് ആറേഴു മാസമാകുമ്പോള്‍ തീരും. വിശപ്പും ദാരിദ്ര്യവും അനുഭവിച്ചു തന്നെയാണ് വളര്‍ന്നത്. ഹൈസ്‌കൂള്‍ കഴിഞ്ഞപ്പോള്‍ ചേട്ടന്റെ പരിശ്രമം കൊണ്ട് കുടുംബത്തിന്റെ അവസ്ഥ ഭേദപ്പെട്ടതായും അദ്ദേഹം പറഞ്ഞു. നിയമസഭാ പുസ്തകോത്സവം വിചിത്രമായ അനുഭവമാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ചാലക ശക്തിയായ സ്പീക്കര്‍ എഎന്‍ ഷംസീറിനെ അഭിനന്ദിച്ചു. എഴുത്തുകാരനും നിയമസഭാ മുന്‍ സെക്രട്ടറിയുമായ എഎം ബഷീറാണ് സംഭാഷണം നയിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here