പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തില്‍ നടക്കുന്ന താലൂക്ക് തല അദാലത്തുകള്‍ നാളെ തുടങ്ങും. കളക്ട്രേറ്റിലെയും താലൂക്കിലെയും പരാതിയുമായി ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാകും അദാലത്ത്. താലൂക്ക് തല അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ തിരുവനന്തപുരത്ത് നിര്‍വഹിക്കും.
പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ഇതിന്റെ ഭാഗമായി വിവിധ തലങ്ങളില്‍ പല ഘട്ടങ്ങളിലായി അദാലത്തുകള്‍ സംഘടിപ്പിച്ചിരുന്നു. മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് 2023 ഏപ്രില്‍- മെയ് മാസങ്ങളില്‍ താലൂക്ക് ആസ്ഥാനങ്ങളില്‍ ‘കരുതലും കൈത്താങ്ങും’ എന്ന പേരില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ പരാതി പരിഹാര അദാലത്ത് നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് മന്ത്രിമാരുടെ നേതൃത്വത്തിലുള്ള താലൂക്ക് തല അദാലത്ത്.
പ്രകൃതി ദുരന്തങ്ങളുമായി ബന്ധപ്പെട്ടുള്ള ധനസഹായം, വന്യജീവി ആക്രമണത്തില്‍ നിന്നുള്ള സംരക്ഷണം, നഷ്ടപരിഹാരം തുടങ്ങിയ പരാതികള്‍ അദാലത്തില്‍ പരിഹരിക്കപ്പെടും. ഭൂമിസംബന്ധമായ പോക്കുവരവ്, അതിര്‍ത്തി നിര്‍ണയം, അനധികൃത നിര്‍മാണം, ഭൂമികയ്യേറ്റം, അതിര്‍ത്തി തര്‍ക്കം, വഴി തടസ്സപ്പെടുത്തല്‍ എന്നിവയും അദാലത്തില്‍ ഉന്നയിക്കാം. സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിലെ കാലതാമസവും നിരസിക്കലും പരിഗണിക്കും. കെട്ടിട നിര്‍മ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ട് കെട്ടിട നമ്പര്‍, നികുതി എന്നിവയും, വയോജന സംരക്ഷണം, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍, മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ട വിഷയങ്ങളും അദാലത്തില്‍ പരിഹരിക്കപ്പെടും.
ശാരീരികവും മാനസികവുമായി വെല്ലുവിളി നേരിടുന്നവരുടെ പരാതികള്‍ക്കൊപ്പം ചികിത്സാ ആവശ്യങ്ങള്‍ക്ക്, റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പൊതുജനങ്ങള്‍ക്ക് ഉന്നയിക്കാം. കാര്‍ഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇന്‍ഷുറന്‍സ്, വ്യവസായ സംരംഭങ്ങള്‍ക്കുള്ള അനുമതി, വിവിധ സ്‌കോളര്‍ഷിപ്പുകള്‍ സംബന്ധിച്ചുള്ള പരാതികളും അപേക്ഷകളും സമര്‍പ്പിക്കാം. കളക്ടറേറ്റിലെയും ബന്ധപ്പെട്ട താലൂക്കിലെയും പരാതിയുമായി ബന്ധപ്പെട്ട വകുപ്പിലെയും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാകും അദാലത്ത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here