കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ തമിഴ്‌നാട്ടില്‍ ജനജീവിതം ദുസ്സഹമാവുകയാണ്. വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തില്‍, സൈന്യവും ദേശീയ ദുരന്തനിവാരണ സേനയും (എന്‍ഡിആര്‍എഫ്) രക്ഷാപ്രവര്‍ത്തനം ഏറ്റെടുക്കാന്‍ രംഗത്തിറങ്ങി. വിവിധ മേഖലകളില്‍ 20,000 പേരെങ്കിലും ഇപ്പോഴും ദുരിതത്തിലാണെന്നാണ് നിഗമനം. പ്രളയത്തില്‍ മുങ്ങിയ വിവിധയിടങ്ങളില്‍ ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
വെള്ളപ്പൊക്കത്തില്‍ തിരുനെല്‍വേലി, തൂത്തുക്കുടി ജില്ലകളില്‍ ഇതുവരെ 10 പേര്‍ മരണപ്പെട്ടുവെന്ന് തമിഴ്‌നാട് ചീഫ് സെക്രട്ടറി ശിവ് ദാസ് മീണ പറഞ്ഞു. രണ്ട് ജില്ലകളിലും റെക്കോഡ് മഴയാണ് പെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം തിരുനെല്‍വേലി, തെങ്കാശി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധിയാണ്. കൂടാതെ, തെങ്കാശിയില്‍ ഇന്ന് പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രളയത്തെ തുടര്‍ന്ന് താറുമാറായ ട്രെയിന്‍ ഗതാഗതം പൂര്‍ണമായും പുനസ്ഥാപിക്കാനായിട്ടില്ല. കന്യാകുമാരി, തിരുനെല്‍വേലി, തൂത്തുക്കുടി, തെങ്കാശി ജില്ലകളാണ് രണ്ടു ദിവസം പെയ്ത അതിശക്ത മഴയില്‍ ദുരിതത്തിലായത്.
Also Read : തമിഴ്‌നാട്ടിലെ കനത്ത മഴ; രണ്ട് ദിവസത്തോളം ട്രെയിനില്‍ കുടുങ്ങിക്കിടന്ന യാത്രക്കാരെ രക്ഷപ്പെടുത്തി
‘ശ്രീവൈകുണ്ഠവും പരിസര പ്രദേശങ്ങളുമാണ് ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. എന്നാല്‍ ആരുടേയും ജീവന് അപകടമില്ല. ഇന്ന് നമുക്ക് ഈ പ്രദേശങ്ങളില്‍ സാധനങ്ങളുമായി എത്താന്‍ കഴിയണം. ഭക്ഷണവും ആശ്വാസവും എയര്‍ ഡ്രോപ്പ് ചെയ്യുന്നത് തുടരുകയാണ്,’ തൂത്തുക്കുടി കളക്ടര്‍ ജി ലക്ഷ്മിപതി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here